വത്തിക്കാൻ സിറ്റി: തലമുറകൾക്ക് വിശ്വാസം പകർന്നു നൽകുന്നതിൽ മാതൃഭാഷയുടെയും അമ്മമാരുടെയും പ്രാധാന്യം എടുത്തുപറഞ്ഞ് ഫ്രാൻസിസ് പാപ്പ. ‘തീക്ഷ്ണതയോടെയുള്ള സുവിശേഷവൽക്കരണം’ എന്ന വിഷയത്തെക്കുറിച്ചുള്ള തന്റെ മതബോധന പരമ്പരയുടെ ഭാഗമായാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. ഗ്വാദലൂപെ മാതാവിന്റെ മാതൃക ചൂണ്ടിക്കാണിച്ചു കൊണ്ടാണ്, ഒരാളുടെ മാതൃഭാഷയിൽത്തന്നെ വിശ്വാസം കൈമാറി നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിശുദ്ധ പിതാവ് വിശദീകരിച്ചത്. പരിശുദ്ധ മറിയം, ആ നാട്ടിലെ ജനങ്ങളുടെ വസ്ത്രധാരണരീതി സ്വീകരിച്ച്, അവരുടെ മാതൃഭാഷയിൽ സംസാരിച്ചു കൊണ്ടാണ് ജുവാൻ ഡീഗോക്ക് പ്രത്യക്ഷപ്പെട്ടത്.
മറിയം നമ്മുടെ അമ്മയാണ്, അവളുടെ മേലങ്കിക്കുള്ളിൽ അവളുടെ എല്ലാ മക്കളും അഭയം കണ്ടെത്തുന്നു. അവളിലൂടെ ദൈവം മനുഷ്യനായി. അവളിലൂടെത്തന്നെ അനേകം ആളുകളിൽ അവിടുന്ന് ഇന്നും മാംസം ധരിക്കുന്നു. ദൈവത്തെ പ്രഘോഷിക്കാനായി മറിയം ആ നാട്ടിലെ ജനങ്ങളുടെ മാതൃഭാഷയാണ് തെരഞ്ഞെടുത്തതെന്ന് പാപ്പാ പറഞ്ഞു. മക്കൾക്കും പേരക്കുട്ടികൾക്കും ജീവനോടൊപ്പം വിശ്വാസവും പകർന്നു നൽകുന്ന എല്ലാ അമ്മമാർക്കും മുത്തശ്ശിമാർക്കും പരിശുദ്ധ പിതാവ് പ്രത്യേകം നന്ദി പറഞ്ഞു. കാരണം, അമ്മമാരാണ് ആദ്യ സുവിശേഷ പ്രഘോഷകരാകുന്നത് – പാപ്പാ പറഞ്ഞു.