സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസി! സർക്കാരിന്റെ പുതിയ മദ്യനയത്തെ കത്തോലിക്ക സഭ നഖശിഖാന്തം എതിർക്കുകയാണ്. മദ്യനയത്തിൽ സമൂല മാറ്റമുണ്ടാകണം. അല്ലെങ്കിൽ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെസിബിസി അറിയിച്ചു. പുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കെസിബിസി. പുതുക്കിയ മദ്യ നയത്തിന് ഇന്ന് ചേർന്ന മന്ത്രി സഭാ യോഗമാണ് പച്ചക്കൊടി കാട്ടിയത്. സംസ്ഥാനത്തെ പുതിയ മദ്യനയം പ്രകാരം കൂടുതൽ മദ്യശാലകൾ തുടങ്ങും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാൽ സൈനിക അർധ സൈനിക ക്യാൻറീനുകളിൽ നിന്നുള്ള മദ്യത്തിൻറെ വിലകൂടും. ബാറുകളിലെ വിവിധ ഫീസുകൾ വർധിപ്പിച്ചതും ഇന്ന് മുതൽ നിലവിൽ വന്നു. സർവിസ് ഡെസ്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്.
മദ്യാസക്തിയിലേക്ക് ജനത്തെ തള്ളിവിടുന്ന സംസ്കാരത്തെ നവോധാനമെന്ന് എങ്ങനെ വിളിക്കാനാകുമെന്ന് കെസിബിസി ചോദിച്ചു. സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കാൻ കുടിയന്മാരെ സൃഷ്ടിക്കുക എന്നത് ബാലിശമായ ചിന്താഗതിയാണ്. മദ്യലോബികളുടെ പ്രീണനത്തിൽ പെട്ട് കേരളത്തെ മദ്യഭ്രാന്താലയമാക്കരുത്. പുതിയ മദ്യനയത്തിൽ കൂടിയാലോചന ആവശ്യമാണെന്നും കെസിബിസി പറഞ്ഞു. കൂടുതൽ എഫ് എൽ1 ഷോപ്പുകൾ വാക്ക് ഇൻ ഫെസിലിറ്റി സംവിധാനത്തോടെ നവീകരിക്കാൻ പുതുക്കിയ മദ്യനയത്തിൽ നിർദേശമുണ്ട്. എഫ് എൽ1 ഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്, കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ചിരുന്നതും എന്നാൽ പൂട്ടിപോയതുമായ ഷോപ്പുകൾ പ്രീമിയം ഷോപ്പുകളായാണ് പുനരാരംഭിക്കുക. 170 വിൽപ്പനശാലകൾ കൂടി വേണമെന്നാണ് ബവറേജസ് കോർപ്പറേഷന്റെ ആവശ്യം