മുതലപ്പൊഴി ദുരന്തത്തിലും ഫാ. യൂജിൻ എച്ച് പെരേരയുടെ മേൽ വ്യാജ കേസ് ചുമത്തിയതിനെതിരെയും പ്രതിഷേധിച്ച് കെ. എൽ. സി. എ. മുതലപ്പൊഴിയിൽ അശാസ്ത്രീയമായി നിർമ്മിച്ച ഹാർബറിൽ 4 മത്സ്യതൊഴിലാളികൾ മരിച്ചതിലും ഫാ. യൂജിൻ എച് പേരെയെ കള്ളക്കേസിൽ കുടുക്കിയതിലും സംസ്ഥാന വ്യാപകമായി പ്രതിഷേധ വാരമാചരിക്കുകയാണ് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ.
മന്ത്രി നിയമസഭയിൽ കാണിച്ച അത്രയും ഷോ മത്സ്യതൊഴിലാളികൾ കാണിച്ചിട്ടില്ലെന്ന് ഫാ. ആന്റണി കുഴിവേലിൽ പറഞ്ഞു. കെ. എൽ. സി. എ കൊച്ചി രൂപതയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തസ്ഥലം സന്ദർശിച്ച മന്ത്രിമാർ ദുരന്തബാധിതരെ ആശ്വസിപ്പിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യേണ്ടതിനു പകരം ജനങ്ങൾക്കിടയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും കലാപത്തിന്റെ ഉത്തരവാദിത്വം തിരുവനന്തപുരം അതിരൂപത വികാരി ജനറലിനെതിരെയും മത്സ്യത്തൊഴിലാളികൾക്ക് എതിരെയും ആരോപിച്ച് കള്ളക്കേസ് എടുത്തതിനെയും അദ്ദേഹം വിമർശിച്ചു.
വിഴിഞ്ഞം സമരം ഒത്തുതീർപ്പിൽ വാഗ്ദാനം ചെയ്ത മുതലപ്പൊഴി തുറമുഖത്തിന്റെ ശാസ്ത്രീയപഠനം ഇനിയും പൂർത്തിയാകാത്തതും കെഎൽസിഎ രൂക്ഷമായി വിമർശിച്ചു. മത്സ്യതൊഴിലാളികളുടെ സുരക്ഷക്കായും ഭാവിയിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനും ഫാ. യൂജിൻ എച് പെരേരക്കെതിരെയും മത്സ്യതൊഴിലാളികൾക്കെതിരെയുമെടുത്ത കേസുകൾ പിൻവലിക്കണമെന്നും കെ. എൽ. സി. എ. ആവശ്യപ്പെട്ടു.