തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ നാലു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശിയായ കുഞ്ഞുമോൻ(40)-ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ റോബിൻ(42), സുരേഷ് ഫെർണാണ്ടസ്(56), ബിജു(49) എന്നിവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരവേയാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ പുതുക്കുറിച്ചി സ്വദേശി അജേഷിന്റെ ഉടമസ്ഥതയിലുള്ള വള്ളം മറിഞ്ഞു നാലുപേരെയും കാണാതായത്.
പ്രദേശത്തെ മറ്റു മത്സ്യതൊഴിലാളികൾ വിവരമറിഞ്ഞയുടനെ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കാലവർഷം ആരംഭിച്ച ശേഷം തുടർച്ചയായ പത്താം തവണയാണ് പൊഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. മുതലപ്പൊഴിയിൽ ഇതിനോടകം 75 മത്സ്യബന്ധന അപകട മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അടിയന്തിരമായി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും, പൂനൈ വാട്ടർ ആൻഡ് പവർ അതോറിറ്റി വന്ന് സ്ഥലം സന്ദർശിക്കുക മാത്രമാണ് ചെയ്തതെന്നും, കാണാതായവരെ അന്വേഷിച്ചു ആകാശത്തു ഒരു ഹെലികോപ്റ്റർ പറക്കുന്നത് മാത്രമാണ് കാണാൻ സാധിച്ചതെന്നും, സ്ക്യൂബ ഡൈവേഴ്‌സും മറ്റു മുങ്ങൽ വിദഗ്ധരും വരുമെന്ന് പറഞ്ഞിട്ടും വരാതായപ്പോൾ അത് ചോദ്യം ചെയ്ത പ്രദേശവാസികളായ സ്ത്രീകളെയും മത്സ്യതൊഴിലാളികളെയും സ്ഥലത്തുണ്ടായിരുന്ന പുരോഹിതരെയും സ്ഥലം സന്ദർശിച്ച മന്ത്രിമാർ അതിക്ഷേപിച്ചുകൊണ്ടാണ് തിരികെപോയതെന്ന് പ്രദേശത്തെ ജനങ്ങൾ പറയുന്നു.
മന്ത്രിമാർ സന്ദർശനം നടത്തിയ ശേഷം അതിരൂപത മെത്രാനും വികാരി ജനറലുമടങ്ങുന്ന സംഘം അപകട സ്ഥലത്ത് സന്ദർശനം നടത്തുകയും അപകടത്തില്പെട്ടവരുടെ ഭവനങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഫയർഫോഴ്സും കോസ്റ്റൽ പോലീസും അപകട സ്ഥലത്ത് സംയുക്തമായി നിലവിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.