മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ പൊതുയോഗത്തിൻറെ പ്രഥമ ഘട്ടത്തിൽ പങ്കെടുക്കുന്നവരുടെ പട്ടിക പരിശുദ്ധസിംഹാസനം വെളിപ്പെടുത്തി.
ഭാരതത്തിൽ നിന്ന് പത്തുപേരുൾപ്പടെ മൊത്തം 363 പേരായിരിക്കും ഇതിൽ പങ്കെടുക്കുക.
സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, സീറോ മലങ്കരകത്തോലിക്കാസഭയുടെ മേജർ ആർച്ചബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് തോട്ടുങ്കൽ, ത്രിശൂർ മെത്രാപ്പോലിത്താ മാർ ആൻഡ്രൂസ് താഴത്ത്, തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പംപ്ലാനി, ലത്തീൻ സഭയിൽ നിന്ന് ഗോവ ദമാവോ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവൊ, ഹൈദ്രാബാദ് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ അന്തോണി പൂല, മദ്രാസ് മെലാപൂർ ആർച്ചുബിഷപ്പ് ജോർജ്ജ് അന്തോണിസാമി, കണ്ണൂർ രൂപതയുടെ മെത്രാൻ അലക്സ് ജോസഫ് വടക്കുംതല എന്നിവരാണ് സിനഡുസമ്മേളനത്തിൽ ഭാരതത്തിലെ മൂന്നു റീത്തുകളെ പ്രതിനിധാനം ചെയ്യുക.
സന്ന്യസീസന്ന്യാസിനീ സമൂഹങ്ങളുടെ പ്രതിനിനിധികളിൽ ഇന്ത്യയിൽ നിന്ന് സിസ്റ്റേഴ്സ് ഓഫ് അപ്പൊസ്തോലിക കാർമെൽ സന്ന്യാസിനി സമൂഹത്തിൻറെ പൊതുശ്രേഷ്ഠ (സുപ്പീരിയർ ജനറൽ) സിസ്റ്റർ മരിയ നിർമ്മലീനി ഉണ്ട്.
സഭാനവീകരണപ്രക്രിയയിൽ പാപ്പായ്ക്ക് ഉപദേശം നല്കുന്നതിനുള്ള കർദ്ദിനാളന്മാരുടെ സമിതിയിലെ അംഗമായ ബോംബെ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ് പതിനാറുപേരടങ്ങിയ സാധാരണ സിനഡ് സമിതിയംഗം എന്ന നിലയിൽ ഇതിൽ പങ്കുകൊള്ളും.
ഓഷ്യനയെ പ്രതിനിധാനം ചെയ്യുന്നവരിൽ മലയാളി വൈദികൻ സിജീഷ് പുല്ലെൻകുന്നേൽ ഉൾപ്പെടുന്നു.
മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ പൊതുയോഗത്തിൻറെ പ്രഥമ ഘട്ടം വത്തിക്കാനിൽ ഒക്ടോബർ 4-29 വരെ നടക്കും. മൊത്തം 363 പേർ പങ്കെടുക്കും. രണ്ടാം ഘട്ടം 2024 ഒക്ടോബറിൽ ആയിരിക്കും.