തിരുവനന്തപുരം അതിരൂപതയിലെ അഞ്ചുതെങ്ങ് ഫെറോനയിലെ മാമ്പള്ളി ഗ്രാമവാസികൾ കണ്ണീരും പ്രാർത്ഥനയുമായിരിക്കാൻ തുടങ്ങി പത്ത് ദിവസങ്ങൾ പിന്നിടുന്നു. യു എ യിൽ മത്സ്യബന്ധന വിസയിൽ പോയി മത്സ്യബന്ധനം നടത്തുന്ന മാമ്പള്ളി നെടിയവിളാകം വീട്ടിൽ സാജുജോർജ് (54), ഓലവിളാകം വീട്ടിൽ ആരോഗ്യരാജ്(43) പുതു മണൽപുരയിടത്തിൽ ഡിക്സൺ, എൽ(46), നെടിയവിളാകത്ത് ഡെന്നി സൺപൗലോസ്(48), കായിക്കരകുളങ്ങര പടിഞ്ഞാറ്റിൽ സ്റ്റാൻലി വാഷിംഗ്ടൺ(44) എന്നിവരുൾപ്പെടെ 11 അംഗ മത്സ്യത്തൊഴിലാളി കളാണ് മത്സ്യബന്ധനത്തിനിടെ അതിർത്തി ലംഘിച്ചൂവെന്ന കാരണത്താൽ ഇറാൻ ജയിലിലായത്.
എല്ലാ വർഷവും ഡിസംബറിൽ ഒരുമിച്ചാണ് ഇവർ നാട്ടിലെത്തി മടങ്ങാറുള്ളത്. എന്നാൽ ആരോഗ്യകാരണങ്ങളാൽ ആരോഗ്യരാജ് കഴിഞ്ഞ ജനുവരിയിലും സ്റ്റാൻലി വാഷിംഗ്ടൺ മകളുടെ വിവാഹംകഴിഞ്ഞ് ഇക്കഴിഞ്ഞ മാർച്ചിലുമാണ് മടങ്ങിയത്.
ജൂൺ 18 ഞായറാഴ്ച വൈകുന്നേരമാണ് ഇവർ ജെ.എഫ്. 40 നമ്പർ ബോട്ടിൽ കടലിൽ പോയത്. ജയിലിലാണെന്ന് 19ന് നാട്ടിൽ വിവരം ലഭിച്ചു. വിവരങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ വീട്ടുകാർ ആശങ്കയിലായി. വിദേശത്തുള്ള മറ്റുള്ളവർ വഴി അന്വേഷിച്ചപ്പോൾ ‘ഇവരെ കാണാനില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. ഇവരെ നേരിട്ട് ബന്ധപ്പെടാൻ കുടുംബങ്ങൾക്കും കഴിഞ്ഞില്ല. കഴിഞ്ഞദിവസം സാജു ജോർജ് വീട്ടിൽ ഫോൺ വിളിച്ചപ്പോഴാണ് വ്യക്തമായ വിവരമറിഞ്ഞത്. അടിയന്തരമായി സർക്കാർ തല ഇടപെടലുണ്ടായാലേ മോചനം സാധ്യമാകൂവെന്നും സാജു അറിയിച്ചിരുന്നു. മിനിറ്റുകൾ മാത്രമാണ് ഫോണിൽ സംസാരിക്കാനായത്. മുൻപ് ഇറാന്റെ മൽസ്യ ബന്ധന ബോട്ടുകൾ അജ്മാൻ തീരത്ത് എത്തി മീൻ വിൽപ്പന നടത്തിയിരുന്നു. ഇതിനു നിരോധനം വന്നതോടെയാണ് ഇവിടെ നിന്നുള്ള ബോട്ടുകൾക്ക് നേരെ നടപടി കടുപ്പിച്ചതെന്നും തൊഴിലാളികൾ പറയുന്നു.
എത്രയും പെട്ടെന്ന് ഇവരെ നാട്ടിലെത്തിക്കാൻ ശക്തമായ ഇടപെടലുകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ആവശ്യപ്പെടുന്നത്. ഒരാഴ്ചയിലേറെയായി ജയിലിൽ കഴിയുന്ന ഇവരെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും മോചനത്തിനാവശ്യമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ ഇടപെടലുകളിൽ വലിയ പ്രതീക്ഷയിലാണ് ജയിലിലായവരും അവരുടെ ബന്ധുക്കളും. മോചനം ഉടൻ സാധ്യമാകുമെന്ന് പ്രതീക്ഷയിലാണവർ.