ഇന്ത്യയുടെ വടക്ക് കിഴക്കൻ അതിർത്തി സംസ്ഥാനമായ മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളിലും വംശീയഹത്യകളിലും പ്രതിഷേധിച്ച് ഉപവാസ ധർണ്ണയ്ക്കൊരുങ്ങി തിരുവനന്തപുരം അതിരൂപതയും. കെ ആർ എൽ സി സി- യുടെ ആഭിമുഖ്യത്തിലും തിരുവനന്തപുരം അതിരൂപതയുടെയും നേതൃത്വത്തിലാണ് ഐക്യദാർഢ്യ ഉപവാസ ധർണ്ണ സംഘടിപ്പിക്കുന്നത്.
ഉപവാസ ധർണ്ണയിൽ ഇതര കത്തോലിക്കാ സഭകളിൽ ഉൾപ്പെടുന്ന പ്രമുഖരും പങ്കാളികളാകും. ജൂൺ 26 തിങ്കളാഴ്ച രാവിലെ 10:30 മുതൽ വൈകുന്നേരം 4 മണി വരെ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ഉപവാസ ധർണ്ണ ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 10:30 മുതൽ ഉച്ചക്ക് 12:30 വരെ പാളയം, കോവളം, തൂത്തൂർ ഫെറോനകളും 12:30 മുതൽ 2:30 വരെ പേട്ട, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളും 2:30 മുതൽ 4:00 വരെ വലിയതുറ, കഴക്കൂട്ടം, പുല്ലുവിള ഫെറോനകൾ എന്നിങ്ങനെ അതിരൂപതയിലെ 9 ഫെറോനകളിൽ നിന്നുള്ള പ്രതിനിധികൾ ധർണ്ണയ്ക്ക് നേതൃത്വം നൽകും.