കേന്ദ്ര-സംസ്ഥാന ബഡ്ജറ്റ് അവലോകനവും സംവാദവും ശനിയാഴ്ച വൈകുന്നേരം ശംഖുമുഖത്ത് നടന്നു. കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ(കെ.എൽ.സി.എ), കേരള ലാറ്റിൻ കാത്തലിക്ക് വിമൺ അസോസിയേഷൻ(കെ.എൽ.സി.ഡബ്ല്യൂ.എ), കേരള കാത്തലിക്ക് യൂത്ത് മിനിസ്ട്രി(കെ. സി. വൈ. എം) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ബഡ്ജറ്റ് അവലോകനവും സംവാദവും സംഘടിപ്പിച്ചത്.
കേന്ദ്ര സംസ്ഥാന ബഡ്ജറ്റുകളിലെ അഴിമതികളെപ്പറ്റി വിപുലമായ ചർച്ച അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരേരയുടെ അധ്യക്ഷതയിൽ നടന്നു. ജനജീവിതത്തെ ബഡ്ജറ്റ്, എപ്രകാരമാണ് ബാധിക്കുന്നതെന്നും, അതിന്റെ ചരിത്രപശ്ചാത്തലവും, ഇന്നത്തെ കാലഘട്ടത്തിൽ ബഡ്ജറ്റുകൾ നേരിടുന്ന വെല്ലുവിളികളെയും പറ്റി അദ്ദേഹം വിശദീകരിച്ചു.
കേന്ദ്ര ബഡ്ജറ്റിന്റെ വിപുലമായ തലങ്ങളെയും അവ ജനങ്ങളിൽ എത്രത്തോളം പ്രയോജനപ്രദമായി വിനിയോഗിക്കാം എന്നതിനെപ്പറ്റി ശ്രീമതി മേരി ജോർജ് പങ്കുവച്ചു. മുഴുവൻ ജനങ്ങളും നേതാക്കൾ അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ എന്താണ് ഉള്ളതെന്ന് വ്യക്തമായി അറിഞ്ഞിരിക്കണമെന്നും അതിനെതിരെ പ്രതികരിക്കാൻ സാധാരണക്കാരായ ജനങ്ങൾക്കും അധികാരമുണ്ടെന്നും മേരി ജോർജ് വിശദീകരിച്ചു. സാധാരണക്കാരുടെ പ്രാഥമിക ആവശ്യങ്ങൾക്ക് അമിതമായ നികുതി ചുമത്തിയുള്ള ബഡ്ജറ്റ് വിരോധാഭാസമാണെന്ന് ചർച്ച വിലയിരുത്തി.
ഇന്ത്യയിൽ മത്സ്യമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന 280 ലക്ഷത്തിലധികം മത്സ്യതൊഴിലാളി സമൂഹത്തിനായി മാറ്റിവച്ചിരിക്കുന്ന ഫണ്ട് എപ്രകാരം പ്രയോജനപ്രദമായി വിനിയോഗിക്കാൻ സാധിക്കുമെന്ന് ചർച്ച ചെയ്യപ്പെടണമെന്ന് ശ്രീ ജെ ബി രാജൻ പറഞ്ഞു. സംസ്ഥാന ബഡ്ജറ്റിൽ കേരളത്തിന്റെ വികസന നാഴികക്കല്ലെന്ന അഭിപ്രായപ്പെടുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്ന തുക തീരദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭൂമിശാസ്ത്രപരമായ ഉള്ള കുടിയൊഴിപ്പിക്കലിനും തൊഴിൽപരമായ കുടിയൊഴിപ്പിക്കലിനും വഴിതെളിക്കുകയാണെന്ന വസ്തുത അദ്ദേഹം വിശദീകരിച്ചു.
ചർച്ചയും അവലോകനത്തെയും വിലയിരുത്തി കൊണ്ട് അൽമായ സംഘടനകളുടെ നേതൃത്വത്തിൽ തങ്ങളുടെ ഉത്തരവാദിത്വം എന്ന നിലയിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അതിരൂപത അൽമായ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. മൈക്കിൾ തോമസ് പറഞ്ഞു. തിരുവനന്തപുരം അതിരൂപതയിലെ മത്സ്യത്തൊഴിലാളികളുടെ ആഭിമുഖ്യത്തിൽ നടന്ന സമരത്തിന്റെ ഫലം അതിരൂപതയിലെ ജനങ്ങൾക്ക് മാത്രമല്ല, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മത്സ്യതൊഴിലാളികൾക്കെല്ലാം തൊഴിൽ നഷ്ടദിനങ്ങളിൽ പ്രതിഫലം ലഭ്യമാകാൻ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യതൊഴിലാളി വിഭാഗത്തിന് അനുവദനീയമായ ആനുകൂല്യങ്ങളെങ്കിലും നഷ്ടമാകാതെ അനുവദനീയമായ രീതിയിൽ നേടിയെടുക്കാൻ പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.