ഫ്രാൻസിസ് പാപ്പയും അൽ-അസ്ഹറിന്റെ ഇമാമും തമ്മിലുള്ള സാഹോദര്യ ഉടമ്പടിയുടെ ഫലമായി അബുദാബിയിൽ അബ്രഹാമിക് ഫാമിലി ഹോം ഉദ്ഘാടനം ചെയ്തു. ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് സന്ദര്‍ശിക്കുന്ന പാപ്പ എന്ന ഖ്യാതിയോടെ ഫ്രാന്‍സിസ് പാപ്പ നടത്തിയ യുഎഇ സന്ദര്‍ശനത്തിന്റെ ഫലമായി മൂന്നു വര്‍ഷങ്ങൾക്ക് ശേഷമാണ് അബുദാബിയിൽ അബ്രഹാമിക് ഫാമിലി ഹോം സ്ഥാപിതമായത്. ഒരു ക്രിസ്ത്യൻ ദേവാലയവും, മുസ്ലിം പള്ളിയും സിനഗോഗും ഉൾപ്പെടുന്നതാണ് അബ്രഹാമിക് ഫാമിലി ഹോം.
മതപരമായ ചടങ്ങുകളോടും വിവിധ അധികാരികളുടെ സാന്നിധ്യത്തിലും ആയിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ഇസ്ലാമിക പ്രാർത്ഥന വെള്ളിയാഴ്ചകളിലും, ജൂത പ്രാർത്ഥന ശനിയാഴ്ചയും, ഞായറാഴ്ച ക്രൈസ്തവർക്കുമായി പ്രത്യേക പ്രാർത്ഥനകൾ നടത്തുവാൻ ഇവിടെ സൗകര്യമൊരുക്കും. 2019 ഫെബ്രുവരി മൂന്നിനാണ് റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക പേപ്പല്‍ വിമാനത്തില്‍ ഫ്രാന്‍സിസ് പാപ്പ അറബ് മണ്ണിലേക്ക് യാത്ര തിരിച്ചത്. അബുദാബിയിലെ അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയ പാപ്പയ്ക്ക് രാജകീയമായ വരവേല്‍പ്പാണ് ഭരണകൂടം നല്‍കിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടക്കം പ്രമുഖ രാജകുടുംബാംഗങ്ങൾ വിമാനത്താവളത്തില്‍ എത്തിയിരിന്നു.
ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കമായത് പിറ്റേന്നാണ്. ഫെബ്രുവരി 4-ന് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ പാപ്പയ്ക്ക് സൈനിക ആദരവോടെ ഔദ്യോഗിക സ്വീകരണം നല്‍കി. പിന്നീട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹിയാനുമായി ചര്‍ച്ച നടന്നു. 400 ൽ അധികം മതനേതാക്കളുടെ സാന്നിധ്യത്തിൽ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യമായിട്ടാണ് ഒരു പാപ്പ മനുഷ്യ സാഹോദര്യത്തെ കുറിച്ചുള്ള രേഖയിൽ ഒപ്പിട്ടത്. അന്ന്‍ വൈകുന്നേരം അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലില്‍ നടന്ന മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ സന്ദേശം നല്‍കി.
സമാധാനത്തിലും സഹിഷ്ണുതയിലും ലോകം നീങ്ങുവാനുള്ള ആഹ്വാനമാണ് സന്ദേശത്തില്‍ പ്രതിഫലിച്ചത്. അബുദാബി ഗ്രാന്‍ഡ് മോസ്ക് സന്ദര്‍ശനവും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് അംഗങ്ങളുമായി കൂടിക്കാഴ്ചയും ഈ ദിവസം നടന്നു. ഡേവിഡ് അദ്ജയെ ഒബിഇ-യുടെ സർഗാത്മകതയുടെ സൃഷ്ടിയാണ് അബ്രഹാമിക് ഫാമിലി ഹോം. അബ്രഹാമിൽ നിന്നുള്ള പൊതുവായ വംശ പരമ്പരയുള്ള മൂന്നു വിശ്വാസങ്ങളിൽ ഓരോന്നിന്റെയും പ്രത്യേകതകൾ കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം ഐക്യദാർഢ്യവും പരസ്പരമുള്ള സംവാദവും പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സ്ഥാപനം പ്രത്യേകമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ജൂത സമൂഹത്തെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 19ന് എമിറേറ്റ്സ് പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ സമ്മാനിച്ച തോറച്ചുരുൾ സിനഗോഗിന് ഉള്ളിൽ കൊണ്ടുവരുന്നതോടെ ഔദ്യോഗികമായ പ്രാർത്ഥനകൾക്ക് അവിടെ തുടക്കം കുറിക്കും.