തിരുവനന്തപുരം സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കരിസ്മ യൂറോപ്പ്യൻ എഡ്യുക്കേഷൻ ഫോറം (സി. ഇ. ഇ. എഫ്) സംഘടിപ്പിച്ച ജർണി ടു ജർമ്മനി ഇന്ന് വെള്ളയമ്പലം ടി എസ് എസ് എസ് ഹാളിൽ നടന്നു. അതിരൂപതയിലെ നഴ്സിംഗ് മേഖലകളിൽ പ്രവർത്തിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട നേഴ്സിങ് വിദ്യാർത്ഥികളെയാണ് ടി എസ് എസ് എസ് – ന്റെ ആഭിമുഖ്യത്തിൽ ജർമ്മനിയിലേക്കയാക്കാൻ ഒരുങ്ങുന്നത്.
ഇരുന്നൂറോളം പേരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 പേർക്കാണ് കരിസ്മ യൂറോപ്പ്യൻ എജുക്കേഷൻ ഫോറത്തിന്റെ കീഴിൽ പരിശീലനം നൽകി വരുന്നത്. നമുക്ക് ലഭിച്ചിരിക്കുന്ന അവസരങ്ങൾ ശരിയായ വിധം വിനിയോഗിച്ചുകൊണ്ട് സമൂഹത്തിന് ഉപകരിക്കത്തക്ക വിധത്തിൽ വളർന്നുവരണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അതിരൂപതാ മെത്രാൻ ഡോ. തോമസ് ജെ നെറ്റോ പറഞ്ഞു. സി. ഇ. ഇ. എഫ് മെന്റർ ഡോ. ഷാലിൻ റീത്താസ് ജർമനിയിലെ നഴ്സിംഗ് തൊഴിൽ സാധ്യതകളെപ്പറ്റി, തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വ്യക്തത നൽകി.
അതിരൂപതയിലെ കുട്ടികൾ തങ്ങളായിരിക്കുന്ന മേഖലകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നതിനായും അവരുടെ ഭാവി സുരക്ഷിതമാകാനും അതിരൂപത സാമൂഹ്യ ശുശ്രൂഷ വേണ്ടവിധത്തിൽ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് കരിസ്മ യൂറോപ്പ്യൻ എജുക്കേഷൻ ഫോറത്തിന്റെ കീഴിൽ 20 കുട്ടികളെ ജർമ്മനിയിലേക്കയക്കുന്നതെന്ന് അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് പറഞ്ഞു. അതിരൂപത മൈഗ്രൻസ് കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സ്റ്റാലിൻ ഫെർണാണ്ടസ്, സിസ്റ്റർ സുജ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.