ഈ വർഷം ക്രിസ്തുമസ് ആഘോഷങ്ങൾക്കായി കുറച്ചു പണം ചിലവഴിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. വളരെ ലളിതമായ രീതിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ നടത്താനും സമ്മാനങ്ങൾക്കും പാർട്ടികൾക്കും വേണ്ടി കുറച്ചു പണം ചെലവഴിച്ച് ബാക്കി പണം ഉക്രൈനിലെ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി ചിലവഴിക്കാൻ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന തന്റെ പ്രതിവാര പൊതു സദസ്സിന്റെ അവസാനത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
ക്രിസ്തുമസ് ആഘോഷിക്കുന്നതും പാർട്ടികൾ നടത്തുന്നതും നല്ലതാണ്. എന്നാൽ നമുക്ക് അമിത ആഘോഷങ്ങൾ കുറച്ച് അങ്ങനെ ലഭിക്കുന്ന പണം ആവശ്യക്കാർക്കും വളരെയധികം കഷ്ടപ്പെടുന്നതുമായ ഉക്രൈൻ ജനതയ്ക്ക് അയച്ചുകൊടുക്കാമെന്നും പറഞ്ഞ പാപ്പ ഉക്രൈൻ ജനതയുടെ കഷ്ടപ്പാടുകളെ കുറിച്ച് അനുസ്മരിച്ചു. ഉക്രൈനിലെ ജനത കഠിനമായ പട്ടിണിയിലും തണുപ്പിലും വളരെയധികം ബുദ്ധിമുട്ടുകയാണ്. ചികിത്സ സഹായത്തിനായി ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സേവനമില്ലാത്തതിനാൽ പലരും മരിക്കുകയാണ്. അതുകൊണ്ട് ലളിതമായ സമ്മാനങ്ങളോടെ നമുക്ക് കൂടുതൽ എളിമയുള്ള ഒരു ക്രിസ്തുമസ് ആഘോഷിക്കാമെന്ന് പാപ്പ ഉദ്ബോധിപ്പിച്ചു.
ഉക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം മൂലം ക്രിസ്തുമസ് ആഘോഷിക്കുന്നതിനെക്കുറിച്ച് നാം മറന്നു കളയണം എന്നല്ല, മറിച്ച് ഉക്രൈനിക്കാരെ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് നാം ക്രിസ്തുമസ് ആഘോഷിക്കണമെന്ന് പാപ്പ ഓർമിപ്പിച്ചു.