തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾ നടത്തുന്ന അവകാശ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ സമരസമിതി യോഗം തീരുമാനിച്ചു. സമര സമിതിയുമായി ഇന്ന് മന്ത്രിസഭാ ഉപസമിതി ചർച്ച നടക്കാനിരിക്കെയാണ് സമര സമിതി യോഗം ചേർന്ന് തീരുമാനമെടുത്തത്. സമര സമിതി ഉന്നയിക്കുന്ന ഏഴിന ആവശ്യങ്ങളിൽ സംസ്ഥാന സർക്കാരും സർക്കാർ നിയമിച്ച ഉപസമിതിയും വ്യക്തമായ ഒരു തീരുമാനവും നൽകിയിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തെ മുൻനിർത്തിക്കൊണ്ട് സമരം ശക്തമാക്കാനും സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും തീരുമാനിച്ചു.
വിഴിഞ്ഞത്തെ തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണം സംബന്ധിച്ച് പഠനം നടത്താതെ സമരത്തിൽ നിന്ന് പിന്തിരിയില്ലെന്ന് സമരസമിതി പ്രഖ്യാപിച്ചു. പൊള്ളയായ വാഗ്ധാനങ്ങൾക്ക് മുന്നിൽ അടിയറവ് പറയില്ലെന്ന തീരുമാനവും സമര സമിതി വ്യക്തമാക്കി. ആരുടേയും വികസനം തടയാനല്ല സമരമെന്നും വികസനത്തിന്റെ പേരിൽ നാമവശേഷമാകുന്ന സമൂഹത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നും സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.
സമര സമിതി യോഗത്തിൽ അതിരൂപത അധ്യക്ഷൻ ഡോ. തോമസ്. ജെ. നെറ്റോ, സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, വികാരി ജനറൽ മോൺ. യൂജിൻ.എച്ച്. പെരേര, മറ്റ് സമര സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ശനിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി നടത്തിയ ചർച്ചയിൽ നിർദേശിച്ച പ്രകാരം ഇതുവരെ ഉരുത്തിരിഞ്ഞ കാര്യങ്ങൾ സമര സമിതി ഇന്നലെ സർക്കാരിന് എഴുതി നൽകി.