വത്തിക്കാൻ സിറ്റി: മെത്രാന്മാർക്കു വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം പുനഃസംഘടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ ചരിത്രത്തിലാദ്യമായി മൂന്നു വനിതകളെയും അതിൽ അംഗങ്ങളാക്കി. റോമൻ കത്തോലിക്കാസഭയിൽ മെത്രാന്മാരെ നിയമിക്കുന്നത് ഈ കാര്യാലയത്തിന്റെ ശിപാർശ പ്രകാരം മാർപാപ്പയാണ്.
വത്തിക്കാൻ ഭരണകൂടത്തിന്റെ സെക്രട്ടറി ജനറൽ സിസ്റ്റർ റാഫായെല്ലാ പെത്രീനി, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാർ എന്ന സന്യാസിനീസമൂഹത്തിന്റെ മുൻ മദർ ജനറൽ സിസ്റ്റർ ഇവോൺ റേങ്കോത്, കത്തോലിക്കാ വനിതാ സംഘടനകളുടെ ആഗോള സമിതി പ്രസിഡന്റും സെർവി ദോരാസ് എന്ന ഏകസ്ഥ സമുഹാംഗവുമായ ഡോ. മരിയ ലിയാ സെർവീനോ എന്നിവരാണു വനിതാ അംഗങ്ങൾ. ഏതെങ്കിലും വത്തിക്കാൻ കാര്യാലയത്തിൽ അംഗമാകുന്ന ആദ്യ അല്മായ വനിതയാണു ഡോ. സെർവീ നോ. സിസ്റ്റർ പെത്രീനി വത്തിക്കാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ള രണ്ടാമത്തെ വ്യക്തിയാണ്. സിസ്റ്റർ റേങ്കോത് 2019 മുതൽ സന്യാസസമൂഹങ്ങൾക്കു വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിൽ അംഗമാണ്. ഡോ. സെർവീനോ മതാന്തര സംഭാഷണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിലെ അംഗമായും പ്രവർത്തിക്കുന്നുണ്ട്.
പുനഃസംഘടിപ്പിച്ച കാര്യാലയത്തിൽ 14 അംഗങ്ങളുണ്ട്. ഇവരിൽ അഞ്ചു കർദിനാൾമാരും മൂന്നു നിയുക്ത കർദിനാൾമാരും ഒരു മെത്രാപ്പോലീത്തായും ഒരു മെത്രാനും ഒരു സന്യാസ വൈദികനുമാണ് ഈ മൂന്നു വനിതകളെക്കൂടാതെ ഉള്ളത്…
കടപ്പാട്: ദീപിക പത്ര വാർത്ത