തിരുവനന്തപുരം : ഫ്രാൻസീസ് പാപ്പ വിഭാവനം ചെയ്ത രണ്ടു വർഷം നീണ്ടു നിൽക്കുന്ന ആഗോള സിനഡിന്റെ ഭാഗമായുള്ള തിരുവനന്തപുരം ലത്തീൻ അതിരൂപത വൈദിക സിനഡ് പൂർണ്ണമായി. ഇക്കഴിഞ്ഞ ആഴ്ച്ചയിൽ, സിനഡാത്മക സഭയിൽ വൈദിക പങ്കാളിത്തം എന്ത് , എങ്ങനെയെന്ന വിഷയങ്ങളിൽ ചർച്ചകളും പഠനങ്ങളും നടന്നു. പൗരോഹിത്യ ശുശ്രൂഷയുടെ കാലദൈർഘ്യം അനുസരിച്ച് വൈദീകർ നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ദിവസങ്ങളിൽ കോവളം ആനിമേഷൻ സെന്റർ, വെള്ളയമ്പലം റ്റി. എസ് എസ് എസ് ഹാൾ ,വെള്ളയമ്പലം ആനിമേഷൻ സെന്റർ എന്നിവടങ്ങളിൽ സമ്മേളിച്ചാണ് സിനഡൽ വിഷയങ്ങൾ ചർച്ച ചെയ്തത്. ഫ്രാൻസീസ് പാപ്പ വിഭാവന ചെയ്യുന്ന സിനഡാത്മകസഭ ,തിരുവനന്തപുരം അതിരൂപതയിൽ യാഥാർത്ഥ്യമാക്കുവാൻ ഓരോ വൈദികരും സ്വീകരിക്കേണ്ട നവമായ ശുശ്രൂഷാരീതികൾ , മനോഭാവങ്ങൾ സമീപനങ്ങൾ എന്നീവയാണ് അതിരൂപത വൈദീക സിനഡ് ചർച്ചാ വിഷയമായി സ്വീകരിച്ചത്. തിരുവനന്തപുരം അതിരൂപത ഒരു പുതിയ നേതൃത്വത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തിൽ അതിരൂപതവൈദീക സിനഡിന് പ്രസക്തിയേറെയായിരുന്നു. പുതിയ നേതൃത്വത്തോട് അതിരൂപതയിലെ ഓരോ വൈദീകനും തനിക്കുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും നിർദ്ദേശങ്ങളും പങ്കു വയ്ക്കാൻ വൈദിക സിനഡ് വേദിയായി. വൈദിക സിനഡിന് ആർച്ച്ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ, സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ. എന്നിവർ നേതൃത്വം നൽകി. രൂപതയിലെ ഭൂരിപക്ഷം വൈദികരും സിനഡിൽ പങ്കെടുത്ത്, അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവച്ചു. 2021 ഒക്ടോബറിൽ ആരംഭിച്ച സിനഡ് 2023 ഒക്ടോബറിൽ റോമിൽ നടക്കുന്ന സമ്മേളനത്തോടെ സമാപിക്കും.