റിപ്പോട്ടർ: ജോൺസിറ്റ ജെയിംസ്, പൂവാർ
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ അംഗങ്ങളായ നിജോ ഗിൽബർട്ടും, എസ്. രാജേഷും 75 മത് സന്തോഷ് ട്രോഫി ദേശീയ ടൂർണമെന്റിൽ കേരളത്തിന് വേണ്ടി ബൂട്ടണിയും. പൂവാർ SBFA താരമാണ് നിജോ ഗിൽബർട്ട്. പൂവാറിൽ നിന്നും കേരള സന്തോഷ് ട്രോഫി ടീമിൽ തിരഞ്ഞെടുക്കപെടുന്ന ആദ്യത്തെ താരം കൂടിയാണ് നിജോ.
മത്സ്യ തൊഴിലാളിയായ ഗിൽബർട്ടിന്റെയും തങ്കത്തിന്റെയും മകനായ നിജോ കഴിഞ്ഞ പത്തു വർഷമായി SBFA ആക്കാദമിയിലാണ് പരിശീലനം നടത്തി വരുന്നത്. ഇക്കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ KSEB ക്കു വേണ്ടി ക്വർട്ടർ സെമി ഫൈനലിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ നിജോ ജൂനിയർ തലം മുതലേ വിവിധ തലങ്ങളിൽ തന്റെ ഫുട്ബോൾ മികവ് തെളിയിച്ചിരിക്കുന്നു. അണ്ടർ – 13 ലെവലിൽ 2012 ൽ സംഘടിപ്പിച്ച ബജാജ് അലൈൻസ് ജില്ലാ ടൂർണമെന്റിൽ 12 ഗോളുകൾ നേടി ടോപ് സകോറർ ആയും ടൂർണമെന്റിലെ മികച്ച താരമായും നിജോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.പൂവാർ ഗവണ്മെന്റ് സ്കൂളിലെ പഠന കാലയളവിൽ സബ് ജൂനിയർ തലത്തിലും ജൂനിയർ തലത്തിലും തിരുവനന്തപുരം ജില്ലാ ടീമിന് വേണ്ടി വിവിധ വർഷങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.
തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ ബിരുദ പഠന കാലയളവിൽ കേരള യൂണിവേഴ്‌സിറ്റി ടീമിൽ മൂന്ന് വർഷം ഇടം നേടുകയും 2019 ൽ ദേശീയ തലത്തിൽ ടീമിന് വേണ്ടി 6 ഗോളുകൾ നേടി ടോപ് സ്കോർർ ആവുകയും ചെയ്തിരുന്നു.2020 ലെ പ്രഥമ ഖേലോ ഇന്ത്യൻ ടൂർണമെന്റിൽ മിന്നും പ്രകടനം കാഴ്ച വച്ചു കേരള യൂണിവേഴ്സിറ്റി ടീമിന് കിരീടം നേടികൊടുക്കുകയും ചെയ്തിരുന്നു.SBT ജൂനിയർ ടീമിലും SBI സീനിയർ ടീമിലും ജില്ലാ സൂപ്പർ ഡിവിഷൻ ലീഗിലും കളിച്ചിട്ടുണ്ട്.നിലവിൽ KSEB താരമാണ് നിജോ.ഒരുപാട് പരിശ്രമങ്ങൾക്കൊടുവിൽ നേടിയെടുത്ത ഈ നേട്ടത്തിന്റെ സന്തോഷത്തിലും പ്രതീക്ഷയിലുമാണ് താരമിപ്പോൾ.
പൊഴിയൂരിന്റെ പാരമ്പര്യം പേറികൊണ്ട് ഈ വർഷവും SMRC താരം എസ്. രാജേഷ് സന്തോഷ് ട്രോഫിയിൽ.
സന്തോഷ് ട്രോഫിയിൽ കർണാടകത്തിനായി പലതവണ കളിച്ചിട്ടുള്ള താരം ആദ്യമായാണ് സ്വന്തം നാടിനു വേണ്ടി ഇക്കുറി കളിക്കാനിറങ്ങുന്നത്. സ്വന്തം നാടിനു വേണ്ടി കളിക്കുന്നതും കപ്പടിക്കുന്നതും നീണ്ട നാളത്തെ ആഗ്രഹമായിരുന്നു എന്നും രാജേഷ് പറയുന്നു.
പൊഴിയൂരിലെ മത്സ്യ തൊഴിലാളിയായ സൂസനായകത്തിന്റെയും മേരി ജോണിന്റെയും മകനാണ് എസ്. രാജേഷ്.2018 ൽ സന്തോഷ് ട്രോഫിയിൽ 8 ഗോളുകൾ നേടി ടോപ് സ്കോർർ ആയി ഗോൾഡൻ ബൂട്ടും കരസ്ഥമാക്കിയിരുന്നു. 2018 ൽ ഫ്രാൻസിൽ നടന്ന ഇന്റർനാഷണൽ റെയിൽ വേ ടൂർണമെന്റിൽ ഇന്ത്യൻ റെയിൽ വേയ്ക്കായി 6 ഗോളുകളും നേടിയിരുന്നു.
ഐ ലീഗിൽ ഗോകുലം കേരളയ്ക്കും ചെന്നൈ സിറ്റി ടീമിനും വേണ്ടി കളിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ റെയിൽ വേ താരമാണ് രാജേഷ്.