സഭാ ശുശ്രുഷകളെ സജീവവും ശക്തവും ആത്മാർഥവുമായ സാന്നിധ്യത്താൽ ചൈതന്യവത്താക്കിയ അൽമായ ശ്രേഷ്ഠനായിരുന്നു ലോകത്തോട് വിട പറഞ്ഞ സണ്ണി നെറ്റാർ. 91 ആം വയസിൽ അന്തരിക്കുമ്പോൾ ദീർഘകാലത്തെ സഭാ ശുശ്രുഷകളുടെ ദീപ്ത സ്മരണകളാണ് പാളയം സെന്റ്. ജോസഫ് മെട്രോപൊളിറ്റൻ കത്തിഡ്രൽ ഇടവകക്കുള്ളത്. സീനിയർ ഗായക സംഘമെന്ന നിലയിൽ 2019 വരെ ഒ.വി.ആർ. ൻറെ ക്വയർ ഗ്രൂപ്പിൽ ദിവ്യബലിക്ക് ഗാനങ്ങൾ ആലപിച്ചിരുന്നു.
12-07-1931 ൽ ആയിരുന്നു ജനനം. ഇമ്മാനുവൽ നെറ്റാറും എലിസബത്ത് നെറ്റാറുമായിരുന്നു മാതാപിതാക്കൾ. അലോഷ്യസ് നെറ്റാർ, ജോസഫ് നെറ്റാർ, ബെനഡിക്ട് നെറ്റാർ, ലില്ലി നെറ്റാർ, സ്റ്റെല്ല നെറ്റാർ, സിസിലി നെറ്റാർ, മാർട്ടിൻ നെറ്റാർ, സിസ്റ്റർ ഗ്രിഗറി എന്നിവർ സഹോദരങ്ങളും. പ്രൈമറി വിദ്യാഭ്യാസം പാളയം സെന്റ്. ജോസഫ് എൽ. പി.എസ്സിലും സെക്കണ്ടറി തലത്തിൽ സെന്റ്. ജോസഫ് ഹൈ സ്കൂളിലും നടത്തി തുടർന്ന് മാർ ഇവാനിയോസ് കോളേജിൽ ചേർന്ന് B.Sc, B.Com ഇരട്ട ബിരുദം കരസ്ഥമാക്കി. കേരളാ പബ്ലിക് സർവീസ് കമ്മിഷനിൽ ഉദ്യോഗസ്ഥനായി 1986 ൽ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. ഹൈ സ്കൂൾ പ്രഥമ അധ്യാപികയായിരുന്ന ശ്രീമതി. ജോസഫിൻ നെറ്റാറാണു ഭാര്യ.
ബാല്യകാലം മുതൽ തന്നെ പാളയം പള്ളിയിലെ വിവിധ ശുശ്രുഷകളിൽ സജീവമായി പങ്കെടുത്തിരുന്നു. അൾത്താര ശുശ്രുഷകനായും ഗായകസംഘഅംഗം എന്നനിലയിലും പ്രവർത്തിച്ചു. യുവജന സംഘടനയിലും സോഡാലിറ്റിയിലും സാമൂഹ്യ സേവനരംഗത്തും സജീവമായി നേതൃത്വ രംഗത്തുണ്ടായിരുന്നു. ലിജിൻ ഓഫ് മേരി, സൊഡാലിറ്റി എന്നീ ഭക്ത സംഘടനകളുടെ രൂപതാതല നേതൃത്വത്തിലും എത്തി ചേർന്നു. രൂപതയിലെ വിവിധ ഇടവകകളിൽ മാതൃഭക്തി പ്രചരിപ്പിക്കാൻ നിരവധി പ്രഭാഷണങ്ങൾ നടത്തുകയുണ്ടായി. ഒരു ഔദ്യോഗിക പദവികളിൽ ഇരുന്നുകൊണ്ടുതന്നെ സഭ ശുശ്രുഷകളിൽ വ്യാപൃതനാകാൻ അദ്ദേഹത്തിനു കഴിഞ്ഞു. തിരുവനന്തപുരം രൂപതയിൽ നിർദ്ധനരായ വിദ്യാർഥികളെ സഹായിക്കാൻ രൂപീകരിച്ച ബിഷപ്പ് പെരേര ജൂബിലി മെമ്മോറിയൽ വിദ്യാഭ്യാസ ട്രസ്റ്റ്ൻറെ സെക്രട്ടറിയായി 25 വർഷത്തോളം പ്രവർത്തിച്ചു. സാധു ജനസംരക്ഷണത്തിലും ഉപവി പ്രവർത്തനങ്ങളിലും വ്യാപൃതരായ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ രൂപതാ പ്രെസിഡന്റായും സേവനം ചെയ്തിട്ടുണ്ട്.
ലത്തീൻ കാത്തലിക് സർവീസ് സൊസൈറ്റി പ്രെസിഡന്റ് കാത്തലിക് ആക്ഷൻ സെക്രട്ടറി പാളയം ഇടവകയിലെ ആദ്യ ബി.സി.സി കോഓർഡിനേറ്റർ, ഇടവക കൗൺസിൽ സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി, മതബോധാനാധ്യാപകൻ, മതബോധന സെക്രട്ടറി, പ്രധാനാധ്യാപകൻ തുടങ്ങി നിരവധി അല്മയപ്രസ്ഥാനങ്ങൾക്ക് സുധിരമായ നേതൃത്വതം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം.
ലത്തീൻ മലയാള ഗാനങ്ങൾ തനതായ ശൈലിയിൽ അദ്ദേഹം ആലപിച്ച ആരാധനകളിൽ അദ്ദേഹം ഭക്തതിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കുമായിരുന്നു. ഏറ്റെടുക്കുന്ന കാര്യങ്ങൾ ഏറ്റവും ഭംഗിയോടെയും കൃത്യമായും ആത്മാർത്ഥമായും നിർവഹിക്കണമെന്ന നിഷ്ട അദ്ദേഹത്തിനുണ്ടായിരുന്നു. ഏതു സാഹസികമായ സംരംഭവും സ്വയം ഏറ്റെടുത്ത് നടത്താനും പൂർത്തീകരിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. ഇടവക വികാരിമാരോട് പൂർണമായും ചേർന്നു നിന്നുകൊണ്ട് സഭാദർശനങ്ങൾ അനുസൃതമായി ദൈവജനത്തെ സേവിച്ച അൽമായ ശ്രഷ്ടനാണ് ഇന്ന് വിടവാങ്ങിയത്. അദ്ദേഹത്തിൻറെ സേവന മാതൃക എല്ലാ തലമുറക്കും ഉത്തമ മാതൃകയാണ്.