ലേഖകൻ: ജോബിൾ റ്റി ദാസ്
വിരൽ തുമ്പിൽ ലോകം ചുറ്റിക്കാണുന്ന നമ്മുടെ നൂറ്റാണ്ടിനു കൈയെത്തിപ്പിടിക്കൻ കഴിയാത്തത്ര ദൂരത്താണ് വിശുദ്ധി എന്ന നമ്മുടെ ചിന്താഗതിയിൽ നിന്നും മാറി നടക്കാനും ക്രിസ്തുവിന്റെ കൈപിടിച്ച് ലോകത്തെ വീക്ഷിക്കാനും സാധ്യതകളെയും സംവിധാനങ്ങളെയും സാക്ഷ്യമാക്കിമാറ്റി യേശുവിനോടൊപ്പം ഓൺലൈൻ സംഭാഷണത്തിൽ ഏർപ്പെടാനും യുവജനങ്ങൾക്ക് സ്വർഗ്ഗത്തിൽ ഒരു മധ്യസ്ഥൻ കൂടി. ലോകത്തിന്റെ മറവിൽ തിന്മകൾ സ്വരുക്കൂട്ടാതെ ക്രിസ്തുവിന്റെ മാറിൽ കൂടുകൂട്ടി, മുറിവുകൾ നൽകാതെ ക്രിസ്തു സ്നേഹം പരിമളമായി പരത്തുവാനും, ഇന്റർനെറ്റിലൂടെ അനേകായിരങ്ങളെ യേശുവിലേക്ക് കണക്ട് ചെയ്യുവാനും, സുവിശേഷവത്കരണം സാധ്യമാക്കാനും അതിലൂടെ ആത്മാക്കളെ നേടുവാനും നമുക്കൊപ്പം ജീവിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് ഇന്ന് അൾത്താര വണക്കത്തിന് യോഗ്യനായിക്കഴിഞ്ഞിരിക്കുന്നു. സമൂഹമാധ്യമങ്ങളുടെയും കമ്പ്യൂട്ടർ ഗെയിമുകളുടെയും നൂതന സാങ്കേതികവിദ്യകളുടെയും മുന്നിൽ രാപ്പകലോളം മടുപ്പുകൂടാതെ സമയം ചിലവഴിക്കുന്ന നമ്മുടെ തലമുറയ്ക്ക് തിരിച്ചറിവിന്റെയും തിരിച്ചുവരവിന്റെയും ഒരു വാതായനം തുറന്നിടുകയാണ് 15 വയസ്സുകാരനായ ഈ ചെറുപ്പക്കാരൻ. സാധാരണ കാര്യങ്ങൾ അസാധാരണമായ രീതിയിൽ ചെയ്തുകൊണ്ട് വിശുദ്ധിക്ക് നവമായ നിർവചനം നൽകി, ഹൈ – ടെക് കാലത്തിലും സ്വർഗ്ഗത്തിലേക്ക് ഹൈവേ ഉണ്ടെന്നും, വിശുദ്ധിക്ക് ഒന്നും തടസ്സമാകിലെന്നും, 21 ആം നൂറ്റാണ്ടും സഭക്ക് അനേകം വിശുദ്ധരെ സമ്മാനിക്കുമെന്നുമുള്ള ഉറപ്പാണ് വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ്.
ആദ്യപ്രണയം.
ജീൻസും, കൂളിംഗ് ഗ്ലാസും, ടീ ഷർട്ടും ധരിച്ച സുന്ദരനായ കൗമാരക്കാരനു പ്രണയം മൊട്ടിട്ടില്ലെന്നു പറഞ്ഞാലേ അത്ഭുതമുള്ളൂ. ത്രീവ്രമായ ഉത്സാഹത്തോടെയും ആനന്ദത്തോടെയും തന്റെ ആദ്യ പ്രണയം പറയുവാൻ കാർലോ ഓടിയത് സ്കൂൾ പരിസരത്തോ, റോഡ് അരികിലോ, പാർക്കിലോ, ബീച്ചിലോ ഒന്നുമല്ല, അൾത്താരമുന്നിലേക്കാണ്. ആ പ്രണയത്തിന് വാചാലതകളില്ല, മോടി പിടിപ്പിക്കുന്ന വാക്കുകളുടെ ഇരമ്പലുകളില്ല, പരിചിതർ കാണുമെന്ന ഭയം ഇല്ല, മറവുകളില്ല, ശരീരത്തോടുള്ള ആസക്തികളില്ല; പിന്നെയോ, അവൻ ഈശോയുടെ കണ്ണുകളിൽ നോക്കി ഇരിക്കും, ഈശോ അവന്റെ കണ്ണുകളിലും.ജീവിതകാലത്തു തന്നെ ദിവ്യകാരുണ്യ നാഥന് സമർപ്പിച്ച കാർലോയുടെ ഹൃദയത്തെ ദൈവം ഈ നൂറ്റാണ്ടിന് ഒരു അത്ഭുതമാക്കി തീർത്തിരിക്കുകയാണ്. ദൈവത്തിന്റെ കരങ്ങളിൽ നാം നൽകുന്ന എന്തും ദൈവം അത്ഭുതമാക്കി മാറ്റും.
കാർലോ ഓൺലൈനിൽ.
സമൂഹമാധ്യമങ്ങളുടെ കുരുക്കുകളിലും കെണികളിലും വീണു പോകുന്നവർക്ക് യേശുവുമായുള്ള ഓൺലൈൻ ചാറ്റിന്റെ ഉയർച്ചകളെപ്പറ്റി കഥ പറയുന്ന ഈ ചെറുപ്പക്കാരൻ ഇന്റർനെറ്റിന്റെ മധ്യസ്ഥനാണ്. കമ്പ്യൂട്ടറിൽ നിപുണനായ കാർലോ ദിവ്യകാരുണ്യ അത്ഭുതങ്ങൾക്ക് വേണ്ടി സ്വന്തമായി ഒരു വെബ്സൈറ്റ് നിർമ്മിക്കുകയും 136 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിർച്ച്വൽ ലൈബ്രറി ആരംഭിക്കുകയും ചെയ്തുകൊണ്ട് ആധുനിക സാങ്കേതിക ഉപകരണങ്ങളിലൂടെ സുവിശേഷവൽക്കരണം സാർഥകമാക്കി. ഓൺലൈൻ സംവിധാനങ്ങളിൽ പതിയിരിക്കുന്ന ചതിക്കുഴികളെയും മോഹിപ്പിക്കുന്ന ലോകസുഖങ്ങളെയും സൂക്ഷിക്കുവാനും ഉപേക്ഷിക്കുവാനും സാധ്യതകളിലും സാഹചര്യങ്ങളിലും വിശുദ്ധി കണ്ടെത്തുവാനും കാർലോ മാതൃക നൽകുന്നു.
പ്രാർത്ഥിച്ചു പ്രാർത്ഥനയായവൻ.
കുരിശു വരയ്ക്കാൻ മറന്നുപോയ നമ്മുടെ യുവാക്കൾക്ക് കുരിശോളമുയർത്തുന്ന യേശുവും, ലോകത്തിന്റെ വശ്യതകളെ ചെറുത്തു തോൽപ്പിക്കാൻ ജപമാലയും, ഹൃദയം മലിനമാകാതെ സൂക്ഷിക്കാൻ പരിശുദ്ധ കുർബാനയും, സക്രാരിയിൽ നമ്മുടെ തിരിച്ചുവരവും കാത്തിരിക്കുന്ന ദിവ്യകാരുണ്യ നാഥനുമുണ്ടെന്ന ജീവിതസാക്ഷ്യമാണ് കാർലോ. പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പ്രാർത്ഥനയാകാൻ നമുക്കും സാധിക്കും. മനം തുറന്നുള്ള കുമ്പസാരമായി പ്രാർത്ഥന മാറുമ്പോൾ ഒരു സ്നേഹിതനെന്ന പോലെ യേശുവിനെ സമീപിക്കുവാനും സ്വീകരിക്കുവാനും യുവജനങ്ങൾക്ക് കഴിയണം. അതുവഴി ദൈവവചനത്തെയും പരിശുദ്ധ കുർബ്ബാനയെയും വിശ്വാസത്തോടും വിശുദ്ധിയോടും കൂടെ ഉൾക്കൊള്ളുമ്പോൾ ഓരോ യുവത്വവും പ്രാർത്ഥനകളായി മാറും.
ഈശോയെനോക്കി പുഞ്ചിരിച്ചവൻ.
കാർലോ യേശുവിനെ നോക്കി പുഞ്ചിരിച്ചപ്പോൾ ദൈവം അവനെ ലോകത്തിനു മാർഗ്ഗദർശിയായി നൽകി. ജീവിതത്തിൽ ഉണ്ടാകുന്ന നിസ്സാര വേദനകളിൽ ജീവൻ ഒടുക്കുന്ന നമ്മുടെ യുവജനങ്ങൾക്ക് ഒരു വെല്ലുവിളിയാണ് ഈ ചെറുപ്പക്കാരൻ. ലുക്കീമിയ ബാധിച്ചു ശരീരം തളർന്നപ്പോഴും ഒരു തവണ പോലും പരാതി പറയാതെ സന്തോഷത്തോടെ വേദനകളെ ചുംബിച്ചു ക്രിസ്തുവിനെ നോക്കി പുഞ്ചിരിച്ചവനാണ് കാർലോ. പരാതികളും പരാധീനതകളും നമ്മുടെ ജീവിതത്തിൽ ആഞ്ഞടിക്കുമ്പോഴും അമരത്ത് ക്രിസ്തു മയങ്ങുന്നുണ്ടെന്നുള്ള ബോധവും ബോധ്യവും യുവജനങ്ങൾക്കുണ്ടാവണം. തളർച്ചകളിലും താഴ്ച്ചകളിലും വീഴ്ച്ചകളിലും മുഖം മ്ലാനമാക്കാതെ യേശുവിനെ നോക്കി പുഞ്ചിരിക്കുവാനും അവന്റെ തോളോടു ചേർന്നു നടക്കാനും നമുക്ക് സാധിക്കും.
ലിങ്ക്, ഷെയർ ,സബ്സ്ക്രൈബ് , കമന്റ്, ലൈക്ക്
കാർലോയ്ക്ക് യേശുവിനോട് ഉണ്ടായിരുന്ന “ലിങ്ക്” ലോകത്തിനു ഷെയർ ചെയ്യുകയും സബ്സ്ക്രൈബ് ചെയ്ത് ആ ബന്ധം ദൃഡതയുള്ളതാക്കുകയും ചെയ്തപ്പോൾ യേശുവിനു പോലും കമന്റ് ചെയ്യാതിരിക്കാൻ പറ്റാത്ത രീതിയിൽ സ്വർഗ്ഗത്തിൽ അവന്റെ ലൈക്സ് (നിക്ഷേപം) വർധിച്ചു. നമുക്കും സ്വർഗ്ഗത്തിൽ അക്കൗണ്ട് തുറക്കാം. യേശുവുമായുള്ള ലിങ്ക് കണ്ടെത്താം.അത് ലോകത്തിന് ഷെയർ ചെയ്യാം. സബ്സ്ക്രൈബ് ചെയ്യാം. സ്വർഗ്ഗത്തിലെ ലൈക്കുകൾ (നിക്ഷേപം) വാരിക്കൂട്ടാം.