തിരുവനന്തപുരം : തിരുവന്തപുരം മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ന്യൂസ്പോർട്ടൽ ഔദ്യോഗിക ഉദ്ഘാടനവും ഡോക്യുമെന്ററി പ്രകാശനവും നിർവഹിച്ച് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ. ആർ. ക്രിസ്തുദാസ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രവർത്തനമാരംഭിച്ച മീഡിയ കമ്മീഷന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് അദ്ദേഹം നിർവഹിച്ചത്. ‘ജ്ഞാനസ്നാനം’ എന്ന ഡോക്യുമെന്ററിയാണ് പ്രകാശനം ചെയ്തത്.
പാസ്റ്റർ മിനിസ്ട്രി ഡയറക്ടറായ ഫാദർ ഡാർവിൻ അധ്യക്ഷനായ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു ബിഷപ്പ് ഡോ.ആർ.ക്രിസ്തുദാസ്. കൊറോണ കാലഘട്ടത്തിൽ സാങ്കേതിക മികവു കൊണ്ട് രൂപത പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തുതന്ന മീഡിയ കമ്മീഷൻ അംഗങ്ങൾക്ക് നന്ദി പറയുന്നതിനും ‘ജ്ഞാനസ്നാനം’ എന്ന കൂദാശയെ വിശ്വാസികൾക്ക് കൂടുതൽ അറിവ് പകരുന്ന രീതിയിൽ ദൃശ്യവൽക്കരിച്ച ഓരോ വ്യക്തികൾക്കും ആശംസയും നന്ദിയും അദ്ദേഹം അർപ്പിച്ചു.
ഫാ. ദീപക് ആന്റോയുടെ നേതൃത്വത്തിൽ ആരംഭിച്ച ചടങ്ങിൽ ഡോക്യുമെന്ററി എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ സഹായിച്ച എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ടാണ് ചടങ്ങ് അദ്ദേഹം ആരംഭിച്ചത്. ഡോക്യുമെന്ററിയുടെ സാങ്കേതികതയെ കുറിച്ചും ദൃശ്യ മികവിനെക്കുറിച്ചും ഫാദർ
ജിജി കലവനാൽ സംസാരിച്ചു. ഡോക്യുമെന്ററിയുടെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും പ്രശംസ അർപ്പിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. മീഡിയ കമ്മീഷൻ അംഗങ്ങളും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വൈദികരുമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.
മീഡിയ കമ്മീഷൻ അംഗമായ ടെന കോന്നിലാണ് ഡോക്യുമെന്ററി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വർഗീസ് കലാ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഡോക്യുമെന്ററിക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജാക്‌സൺ ബെഞ്ചമിനാണ്.