പൊഴിയൂർ : കലാം ലോക റെക്കോർഡ് നേട്ടവുമായി സ്വാൻ മാർട്ടിൻ എന്ന നാലുവയസ്സുകാരൻ. 21 വിഷയത്തിലെ ചോദ്യങ്ങൾക്ക് 600 ൽ പരം ഉത്തരങ്ങൾ വളരെ വേഗത്തിൽ പറയുകയും പ്രശസ്ത കാർട്ടൂൺ കഥാപാത്രങ്ങളെ വേഗത്തിൽ തിരിച്ചറിയുകയും പേരുകൾ പറയുകയും ചെയ്തതിലൂടെയാണ് ഈ ലോക റെക്കോർഡ് നേട്ടം സ്വാൻ മാർട്ടിൻ എന്ന കൊച്ചുമിടുക്കൻ സ്വന്തമാക്കിയിരിക്കുന്നത്. പൊഴിയൂർ സ്വദേശികളായ മാർട്ടിൻ സിബിത ദമ്പതികളുടെ രണ്ടു മക്കളിൽ ആദ്യത്തെ മകനാണ് സ്വാൻ. അച്ഛൻ മാർട്ടിൻ ജോലിക്ക് പോകുന്ന സമയത്ത് അടുക്കളയിലെ ജോലിയിൽ ഏർപ്പെട്ടു നിൽക്കുന്ന അമ്മയോടൊപ്പമായിരുന്നു കൊണ്ട് അമ്മയിൽനിന്ന് പുതിയ പുതിയ കാര്യങ്ങൾ ഏറെ കൗതുകത്തോടെ ചോദിച്ചു മനസ്സിലാക്കുകയും മനസ്സിലാക്കുന്ന കാര്യങ്ങൾ വ്യക്തതയോടെ ഓർത്ത് പറയാനും സാധിക്കുന്നു. നാലാം വയസ്സിൽ തന്നെ ഈ കഴിവ് കണ്ടെത്തിയത് അമ്മ സിബിതയായിരുന്നു. അടുക്കളയിൽ നിന്ന് കൊണ്ട് തന്നെ ജോലിക്കൊപ്പം മകൻറെ മാനസിക വളർച്ചയ്ക്കായുള്ള പോഷണവും നൽകിക്കൊണ്ടിരിക്കുന്നത് ഡിഗ്രിവരെ പഠിച്ച് വീട്ടമ്മയായ സിബിതതന്നെ.
ഇപ്പോൾ സ്വാൻ തൊട്ടടുത്തുള്ള ഗവൺമെൻറ് സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ്. ദൈവം തന്ന കഴിവുകളാണ് സ്വാനിനെ ഈ നേട്ടത്തിൽ എത്തിച്ചതെന്നാണ് അമ്മ പറയുന്നത്. വിവരമറിഞ്ഞ് ധാരാളം അഭിനന്ദനങ്ങളും ആദരവുകളും സ്വാനിനെ തേടിയെത്തുന്നുണ്ട്. പൊഴിയൂർ ഇടവകയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും, ഇന്ത്യൻ നാഷണൽ യൂത്ത് കോൺഗ്രസും, ജോസ്കോ ജുവല്ലറി തുടങ്ങിയ സ്ഥാപനങ്ങളും സ്വാനിനെ ആദരിക്കുകയുണ്ടായി.