Report by : Simi Fernandez
മത്സ്യകച്ചവട സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധവും നിരാഹാര സമരവും അനുഷ്ഠിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിൽ പലഭാഗങ്ങളിലായി മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകളോട് പോലീസും നഗരസഭാ ജീവനക്കാരും കാണിച്ച അതിക്രമങ്ങൾക്കെതിരെ പ്രതിഷേധമുയർത്തി സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ കെ.സി.വൈ.എം സംസ്ഥാന പ്രസിഡൻ്റ് ശ്രീ.എഡ്വേർഡ് രാജു ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡൻ്റ് ശ്രീ.റോയി ജോസഫിൻ്റെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനത്തിൽ യുവജന ശുശ്രൂഷ ഡയറക്ടർ ഫാദർ സന്തോഷ് കുമാർ ആമുഖപ്രഭാഷണം നടത്തി. ഉപജീവനത്തിനായി മത്സ്യം വില്ക്കാനിറങ്ങുന്ന അമ്മമാരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിൻ്റേ ഉത്തരവാദിത്വമാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ നടത്തുന്ന മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടത് അനിവാര്യമാണെന്ന് അധ്യക്ഷപ്രസംഗത്തിൽ ശ്രീ.റോയി ജോസഫ് പറയുകയുണ്ടായി. നഗരസഭ ജീവനക്കാരുടെ അക്രമം ഏൽക്കേണ്ടിവന്ന അൽഫോൻസാമ്മ ധർണയിലെ മുഖ്യാതിഥി ആയിരുന്നു. മനുഷ്യാവകാശ ധ്വംസനം നടത്തുന്നവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ലത്തീൻ സംസ്ഥാന പ്രസിഡൻ്റ് ശ്രീ.ഷൈജു റോബിൻ അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം പ്രവർത്തകരുടെ ധർണയ്ക്കും നിരാഹാര സമരത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അതിരൂപത ടീച്ചേഴ്സ് ഗിൽഡ് ആർ.സി സ്കൂളിലെ ഫാ.ബോസ്കോ, ഇഗ്‌നേഷ്യസ് (ഗിൾഡ് പ്രസിഡൻ്റ്), നിരവധി അധ്യാപക പ്രതിനിധികൾ പങ്കെടുത്തു. പ്രളയകാലത്ത് കേരളത്തിൻ്റെ സേനയായി പ്രവർത്തിച്ച മത്സ്യതൊഴിലാളികളുടെ സംരക്ഷണ ഉറപ്പുവരുത്തേണ്ടത് സർക്കാരിൻ്റെ ചുമതലയാണ് എന്ന് RC സ്കൂൾ മാനേജർ ഫാ.ഡയസൻ ആശംസാ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. അഭിവന്ദ്യ സൂസൈപാക്യം പിതാവ് സമരപ്പന്തലിൽ എത്തിച്ചേരുകയും നിരാഹാരം അനുഷ്ഠിച്ചവർക്ക് കുടിവെള്ളം നൽകി നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു. പാവപ്പെട്ടവനും പണക്കാരനും തുല്യനീതി ലഭ്യമാകുന്ന ഭരണകൂടം ദൈവരാജ്യത്തിന് തുല്യമാണെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ അദ്ധേഹം അറിയിച്ചു. യുവജന ധർണയ്ക്ക് ഐക്യദാർഢ്യമുയർത്തി വിവിധ ഫെറോന ഡയറക്ടർ, സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് യുവജനങ്ങളുടെ പ്രതിഷേധ റാലി സമരപ്പന്തലിലെത്തി അഭിവാദ്യങ്ങളർപ്പിച്ചു. രൂപത സമിതി അംഗങ്ങളായ ജോബ്.ജെ (ജനറൽ സെക്രട്ടറി), മെറിൻ, സനു സാജൻ (വൈസ് പ്രസിഡൻ്റ്), ബെൽബൻ (ട്രഷറർ), സംസ്ഥാന സെക്രട്ടറി ഫിലോമിന സിമി, നാൻസി മാർട്ടിൻ(സെക്രട്ടറി), അനീഷ്(സെനറ്റംഗം) ആകാശ്, സിസ്റ്റർ ലിസ്ന (ആനിമേറ്റർ) എന്നിവർ പ്രതിഷേധ ധർണയിലും നിരാഹാര സമരത്തിലും സജീവമായി പങ്കു ചേർന്നു.