Report By Neethu S.S. (St. Xavier’s College Journalism student)
ഒരു വ്യക്തി കുറ്റം ചെയ്യുവാൻ സാധ്യത ഉണ്ട് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു നിശ്ചിത കാലയളവിലേക്ക് ആ വ്യക്തിയെ ജയിലിൽ അടയ്ക്കുന്നതിനെയാണ് കരുതൽ തടങ്കൽ എന്ന് പറയുന്നത്. 1950-ലാണ് ഈ നിയമത്തിന് ഇന്ത്യൻ ഭരണഘടന അംഗീകാരം ലഭിക്കുന്നത്. ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ എന്ന ഗോപാലൻ നമ്പ്യാർ ആണ് കരുതൽ തടങ്കൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ. സ്വാതന്ത്രസമര സേനാനിയും രാഷ്ട്രീയനേതാവുമായിരുന്നു അദ്ദേഹം. ഇത്തരത്തിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർ പലപ്പോഴും അവരുടെ കുറ്റത്തെ ആശ്രയിച്ചല്ല നേരെമറിച്ച് പണം മുടക്കി നല്ല അഭിഭാഷകനെ നിയമിക്കാൻ കഴിയാത്തതിനാലാണ് ഏറെക്കാലം ജയിലിൽ കഴിയേണ്ടിവരുന്നത്.ല 2020 സെപ്റ്റംബറിൽ ആഭ്യന്തരമന്ത്രാലയം പാർലമെന്റിന് നൽകിയ റിപ്പോർട്ട് അനുസരിച്ച് പ്രതിദിനം ശരാശരി നാലുപേർ കസ്റ്റഡിയിൽ മരിക്കുന്നുണ്ട്.
കഴിഞ്ഞ ജൂലൈ അഞ്ചിന് അന്തരിച്ച ജസ്റ്റ്യൂട്ട് വൈദികനായ സ്റ്റാൻ സ്വാമിയും ഇക്കൂട്ടത്തിൽ പെട്ടയാളാണ്. അദ്ദേഹത്തിന്റെ മരണം ദേശീയതല പ്രക്ഷോഭങ്ങൾക്ക് കാരണമായിരുന്നു. ഇദ്ദേഹത്തെപ്പോലെ നിരവധിയാളുകൾ ഇന്നും യാതൊരു തരത്തിലുള്ള വിചാരണയും ലഭിക്കാതെ ജയിലുകളിൽ കഴിയുന്നുണ്ട്. നിയമപ്രകാരം മൂന്നു മാസമാണ് കരുതൽ തടങ്കൽ കാലാവധിയെങ്കിൽ പോലും, വിചാരണ കൂടാതെതന്നെയുള്ള ഈ കിരാത പീഡനം വർഷങ്ങളോളം നീണ്ടു പോകുന്നു. ഏകദേശം 70 ശതമാനം പേരും ഇത്തരത്തിൽ ജയിലിൽ കഴിയുന്നവരാണ്. ഈ പ്രവണതയ്ക്ക് മാറ്റം വരുത്തുവാൻ ആരും ശ്രമിക്കാത്തതിനാൽ തന്നെ ഓരോ വർഷവും ഇത്തരത്തിൽ കരുതൽ തടങ്കൽ കഴിയുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ കരുതൽ തടങ്കൽ കഴിയുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നത് പ്രാകൃതമായ നിയമസംവിധാനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചെറുപ്പക്കാരും ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമാണ് ഈ പട്ടികയിലുള്ളതെന്നത് ഏത് പരിഷ്കൃത സമൂഹത്തെയുംലജ്ജിപ്പിക്കും.