ക്രമാതീതമായി വര്‍ദ്ധിക്കുന്ന അനുദിന രോഗികളുടെ എണ്ണവും കോവിഡിന് കീഴ്പ്പെട്ട് മരണമടയുന്നവരുടെ സംഖ്യയും, വർദ്ധിക്കുന്ന സാഹചര്യത്തിൽ മുന്‍കരുതലിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും ഭാഗമായി ജില്ലാഭരണകൂടവും സംസ്ഥാന സര്‍ക്കാരും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കേണ്ടതാണെന്ന് ഓർമ്മിപ്പിച്ച് ക്രിസ്തുദാസ് പിതാവ്. അതിരൂപതാംഗങ്ങൾക്കയച്ച കത്തിലാണ്
ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവീഴുന്ന അനേകശതം മനുഷ്യരെക്കുറിച്ചും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ദഹിപ്പിക്കുന്ന ഹൃദയ ഭേദകമായ കാഴ്ചകളെക്കുറിച്ചും ജനിതകമാറ്റം വന്ന കൊറോണാ വൈറസ് അപ്രതീക്ഷിതമായി ആന്തരികാവയവങ്ങളെ ഗ്രസിച്ച് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ മരണത്തിന് കീഴടങ്ങുന്ന നൂറുനൂറു മനുഷ്യരെക്കുറിച്ചും പറഞ്ഞുകൊണ്ട്, ഈ കാഴ്ചകള്‍ക്ക് അറുതിവരുത്താന്‍ നമ്മുടെയെല്ലാം കൂട്ടായ പ്രാർത്ഥനയും പ്രയത്നവും ആവശ്യമുണ്ടെന്ന് പറഞ്ഞുവയ്ക്കുന്നത്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ ഫ്രാൻസിസ് പാപ്പായോടും ആഗോളസഭയോടുമൊപ്പം ചെർന്ന് പ്രാർത്ഥിച്ച് ഈ സങ്കടകരമായ കാലം അതിജീവിക്കാമെന്ന് പറഞ്ഞുകൊണ്ട് ക്രിസ്തുദാസ് പിതാവിന്റെ സർക്കുലർ.
ഈ നൂറ്റാണ്ടിലെ ഏറ്റവും ഭീതിജനകമായ കോവിഡ്-19 മഹാമാരിയുടെ സര്‍വ്വനാശ വ്യാപനത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുന്നതിന് പരിശുദ്ധ കന്യകാമറിയത്തിന്‍റെ ശക്തിയേറിയ മാദ്ധ്യസ്ഥവും സംരക്ഷണവും ഈ കാലഘട്ടത്തില്‍, പ്രത്യേകിച്ച് മേയ് മാസത്തിലുടനീളം തീക്ഷണതയോടെ അപേക്ഷിക്കണമെന്നു പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ ആഹ്വാനം ആവർത്തിച്ചുകൊണ്ടാരംഭിക്കുന്ന സർക്കുലർ, മേയ് 1-ന് വത്തിക്കാന്‍ റേഡിയോയിലൂടെ ജപമാല ചൊല്ലിക്കൊണ്ട് പരിശുദ്ധ പിതാവ് നടത്തുന്ന പ്രാര്‍ത്ഥനായജ്ഞത്തിൽ പങ്കെടുക്കുവാനും ആവശ്യപ്പെടുന്നു. മേയ് മാസം മുഴുവൻ രക്ഷാകര രഹസ്യങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് കുടുംബങ്ങളിലും കൂട്ടായ്മകളിലും ഭക്തിപൂര്‍വ്വം ജപമാല ചൊല്ലി പരിശുദ്ധ മറിയത്തിന്‍റെ മാദ്ധ്യസ്ഥം തേടണമെന്നും പിതാവ് ആഹ്വാനം ചെയ്യുന്നു. മേയ് മാസത്തിലുടനീളം ജപമാലയ്ക്കുശേഷം ചൊല്ലേണ്ട പാപ്പാരചിച്ച പ്രത്യേക പ്രാര്‍ത്ഥനയും ക്രിസ്തുദാസ് പിതാവ് കത്തിനോടൊപ്പം നൽകുകയും ചെയ്തു.
ഭാരത മെത്രന്‍ സമിതിയുടെയും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും സംയുക്ത ആഹ്വാനമനുസരിച്ച് മേയ് 7-ാം തിയതി വെള്ളിയാഴ്ച്ച ഉപവാസപ്രാര്‍ത്ഥനാ ദിനമായി ആചരിക്കണമെന്നും കത്തിലൂടെ പിതാവ് ആവശ്യപ്പെട്ടു.
കോവിഡ്-19-ന്‍റെ ആദ്യ വ്യാപനത്തില്‍ നമ്മുടെ സംസ്ഥാനത്ത്, പ്രത്യേകിച്ച് നമ്മുടെ അതിരൂപതാതിര്‍ത്തിക്കുള്ളില്‍, ഇപ്പോള്‍ സംജാതമായിരിക്കുന്നതു പോലെ ഒരു ഭീതിജനകമായ അന്തരീക്ഷം താരതമ്യേന ഇല്ലായിരുന്നു. പക്ഷേ സാഹചര്യങ്ങൾ മാറിയിരിക്കുന്നു. മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകഴുകുക, സാമൂഹിക അകലം പാലിക്കുക, എന്നീ പൊതു നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേ, ആരാധനാനുഷ്ഠാനങ്ങളില്‍ സംബന്ധിക്കുന്നവരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വിട്ടുവീഴ്ചയില്ലാതെ പാലിച്ചുകൊണ്ട് സിവിൽ അധികാരികളുമായി സഹകരിക്കേണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സർക്കുലറിന്റെ പൂർണ്ണരൂപം വായിക്കാം
ബഹുമാനപ്പെട്ട വൈദികരെ, സന്യസ്തരെ, പ്രിയ സഹോദരരെ,
ദൈവജനനിയും നമ്മുടെ വത്സലമാതാവുമായ പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകം പ്രതിഷ്ഠിതമായ മേയ് മാസാചരണം, കോവിഡ്-19 എന്ന മഹാമാരിയുടെ ഭീതിജനകമായ രണ്ടാം വ്യാപനം എന്നിവയുടെ പശ്ചാത്തലത്തില്‍ ഏതാനും ചിന്തകള്‍ പങ്കുവയ്ക്കുക, നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ് ഈ കത്തിന്‍റെ ലക്ഷ്യം.
ഈ നൂറ്റാണ്ടിലെ ഏറ്റവും ഭീതിജനകമായ കോവിഡ്-19 മഹാമാരിയുടെ സര്‍വ്വനാശ വ്യാപനത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുന്നതിന് പരിശുദ്ധ കന്യകാമറിയത്തിന്‍റെ ശക്തിയേറിയ മാദ്ധ്യസ്ഥവും സംരക്ഷണവും ഈ കാലഘട്ടത്തില്‍, പ്രത്യേകിച്ച് മേയ് മാസത്തിലുടനീളം തീക്ഷണതയോടെ അപേക്ഷിക്കണമെന്നു പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ആഹ്വാനം ചെയ്യുന്നു. മേയ് 1-ന് വത്തിക്കാന്‍ റേഡിയോയിലൂടെ ജപമാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിക്കൊണ്ട് ഈ പ്രത്യേക പ്രാര്‍ത്ഥനായജ്ഞം പരിശുദ്ധ പിതാവ് ഉദ്ഘാടനം ചെയ്യുന്നു. രക്ഷാകര രഹസ്യങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് കുടുംബങ്ങളിലും കൂട്ടായ്മകളിലും ഭക്തിപൂര്‍വ്വം ജപമാല ചൊല്ലി പരിശുദ്ധ മറിയത്തിന്‍റെ മാദ്ധ്യസ്ഥം തേടണമെന്നും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്നു. മേയ് മാസത്തിലുടനീളം ജപമാലയ്ക്കുശേഷം ചൊല്ലേണ്ട പാപ്പാരചിച്ച ഒരു പ്രത്യേക പ്രാര്‍ത്ഥന ഈ കത്തിനോടൊപ്പം ചേര്‍ക്കുന്നു.
ഭാരത മെത്രന്‍ സമിതിയുടെയും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും സംയുക്ത ആഹ്വാനമനുസരിച്ച് മേയ് 7-ാം തിയതി വെള്ളിയാഴ്ച്ച ഉപവാസപ്രാര്‍ത്ഥനാ ദിനമായി ആചരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.
ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവീഴുന്ന അനേകശതം മനുഷ്യര്‍, കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ദഹിപ്പിക്കുന്ന ഹൃദയ ഭേദകമായ കാഴ്ചകള്‍, ഗണിതകമാറ്റം വന്ന കൊറോണാ വൈറസ് അപ്രതീക്ഷിതമായി ആന്തരികാവയവങ്ങളെ ഗ്രസിച്ച് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ മരണത്തിന് കീഴടങ്ങുന്ന നൂറുനൂറു മനുഷ്യര്‍ – ഭാരതത്തില്‍ അങ്ങിങ്ങായി നാം കണ്ടുകൊണ്ടിരിക്കുന്ന ഹൃദയ ഭേദകങ്ങളായ ഈ കാഴ്ചകള്‍ക്ക് ഒരു അറുതിവരുത്താന്‍ നമ്മുടെയെല്ലാം കൂട്ടായ പ്രാര്‍ത്ഥനയും ഉപവാസവും ദൈവതിരുസന്നിധിയില്‍ നമുക്ക് പ്രത്യാശയോടെ സമര്‍പ്പിക്കാം. ഈ ദുരന്തത്തില്‍ നിന്ന് മനുഷ്യരാശിയെ കാത്തുകൊള്ളണമേയെന്ന് സര്‍വ്വശക്തനായ ദൈവത്തോട്, മെയ് മാസ റാണിയായ പരിശുദ്ധ മറിയം വഴി നമുക്ക് തീക്ഷണതയോടെ യാചിക്കാം. പാപത്തെയും അന്ധകാരത്തെയും മരണത്തെയും അതിജീവിച്ച് അജയ്യനായി ഉത്ഥാനം ചെയ്ത ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിക്കാം.
പ്രാര്‍ത്ഥനയോടൊപ്പം നാം വേണ്ടത്ര മുന്‍കരുതലുകള്‍ ജാഗ്രതാപൂര്‍വ്വം സ്വീകരിക്കേണ്ടതുണ്ട്. കോവിഡ്-19-ന്‍റെ ആദ്യ വ്യാപനത്തില്‍ നമ്മുടെ സംസ്ഥാനത്ത്, പ്രത്യേകിച്ച് നമ്മുടെ അതിരൂപതാതിര്‍ത്തിക്കുള്ളില്‍, ഇപ്പോള്‍ സംജാതമായിരിക്കുന്നതു പോലെ ഒരു ഭീതിജനകമായ അന്തരീക്ഷം താരതമ്യേന ഇല്ലായിരുന്നു. പക്ഷേ ഇന്ന് സ്ഥിതിഗതികള്‍ ആകെമാറി. വായുവിലൂടെയും അണുപ്രസരണം സംഭവിക്കാമെന്ന ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പും ക്രമാതീതമായി വര്‍ദ്ധിക്കുന്ന അനുദിന രോഗികളുടെ എണ്ണവും കോവിഡിന് കീഴ്പ്പെട്ട് മരണമടയുന്നവരുടെ സംഖ്യയുമെല്ലാം നമ്മെ തീര്‍ത്തും അസ്വസ്ഥരാക്കുന്നു, ഭയപ്പെടുത്തുന്നു. ഈയവസരത്തില്‍ ഒരു കാര്യം ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുന്‍കരുതലിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും ഭാഗമായി ജില്ലാഭരണകൂടവും സംസ്ഥാന സര്‍ക്കാരും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കേണ്ടതാണ്. മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകഴുകുക, സാമൂഹിക അകലം പാലിക്കുക, എന്നീ പൊതു നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേ, ആരാധനാനുഷ്ഠാനങ്ങളില്‍ സംബന്ധിക്കുന്നവരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വിട്ടുവീഴ്ചയില്ലാതെ പാലിച്ചുകൊണ്ട് സിവിള്‍ അധികാരികളുമായി സഹകരിക്കേണ്ടതാണ്. കൂടാതെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാന്‍ ഇടവകാംഗങ്ങള്‍ സര്‍വ്വാത്മനാ മുന്നോട്ടു വരേണ്ടതാണ്. ഒരു മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ യുദ്ധസമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സിവിള്‍ അധികാരികളോടും ആരോഗ്യപ്രവര്‍ത്തകരോടും നൂറുശതമാനം നമുക്കും സഹകരിക്കാം, അണിചേരാം. സര്‍വ്വശക്തനായ ദൈവം തന്‍റെ കാരുണ്യപൂര്‍ണ്ണമായ ഇടപെടലിലൂടെ നമ്മെയും മനുഷ്യരാശി മുഴുവനെയും ഈ മഹാമാരിയുടെ പിടിയില്‍ നിന്ന് മോചിപ്പിച്ച് ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതത്തിലേക്ക് നയിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
സ്നേഹത്തോടെ, പ്രാര്‍ത്ഥനയോടെ,
ക്രിസ്തുദാസ് ആര്‍.
തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍