✍️ പ്രേം ബൊനവഞ്ചർ
എല്ലാ വർഷവും ജൂലൈയിൽ മുതിർന്നവരോടും പ്രായമായവരോടുമുള്ള ബഹുമാന സൂചകമായി ഒരു അന്താരാഷ്ട്ര ദിനാചരണം നടത്തുമെന്ന് ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചു.
“പരിശുദ്ധാത്മാവ് ഇന്ന് പ്രായമായവരിൽ ചിന്തകളും ജ്ഞാനവാക്കുകളും ജനിപ്പിക്കുന്നു. അവരുടെ ചിന്തകൾ വിലപ്പെട്ടതാണ്, കാരണം ദൈവത്തിന്റെ സാന്നിധ്യം അവിടെ ഉണ്ടാകുകയാണ്. ഒപ്പം തലമുറകളുടെ വേരുകളെ കാത്തുസൂക്ഷിച്ച ധീരത അവരുടെ ഹൃദയത്തിലുണ്ട്. വാർദ്ധക്യം ഒരു സമ്മാനമാണെന്നും തലമുറകളെ തമ്മിലിണക്കുന്ന കണ്ണികളാണ് അവരെന്നും, അതിലൂടെ പിൻതലമുറകൾക്ക് ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും അനുഭവങ്ങൾ കൈമാറുന്നവർ ആണെന്നും അവർ നമ്മെ ഓർമ്മിപ്പിക്കുന്നു.”
“അവരെ നാം പലപ്പോഴും മറക്കുന്നു. അവരെ മാത്രമല്ല അവരിലൂടെ ഉണ്ടായ തലമുരവൃക്ഷത്തിന്റെ അടിസ്‌ഥാനം സംരക്ഷിക്കുവാനും, ആ സമ്പത്ത് തങ്ങളുടെ മക്കളിലൂടെ കൈമാറുന്നതിനുമുള്ള അവസരം നാം മറക്കുന്നു. ഇക്കാരണത്താൽ, മുതിർന്നവരുടെ ഒരു ആഗോലദിനം സ്ഥാപിക്കാൻ ഞാൻ തീരുമാനിച്ചു.” എന്നായിരുന്നു പാപ്പയുടെ പ്രഖ്യാപനം.
ഈ ദിനാചരണം വർഷം തോറും ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ആയിരിക്കും നടത്തുക. യേശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമായ വി. ജോവാക്കിം, വി. അന്ന എന്നിവരുടെ തിരുനാളിനോട് അടുപ്പിച്ചാണ് ഈ ദിവസം കടന്നുവരിക. ഈ വർഷം ജൂലൈ 25 ഞായറാഴ്ചയാണ് ദിനാചരണം. അന്നേ ദിവസം ഫ്രാൻസിസ് പപ്പാ പ്രത്യേക ദിവ്യബലി അർപ്പണം നടത്തി മുതിർന്നവർക്കും വയോധികർക്കും വേണ്ടി പ്രാർത്ഥിക്കുമെന്ന് വത്തിക്കാന്റെ അൽമായ-കുടുംബകാര്യ വിഭാഗം അറിയിച്ചു.
അതോടൊപ്പം മറിയവും യൗസേപ്പും ചേർന്ന് യേശുവിനെ ദേവാലയത്തിൽ കാഴ്ചവച്ചതിന്റെ അനുസ്മരണം ഈ വാരത്തിൽ (ഫെബ്രുവരി 2) ആഘോഷിക്കുന്നതിനെ കുറിച്ച് പാപ്പ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. പരിശുദ്ധാത്മാവിനാൽ പൂരിതരായ ശിമെയോനും അന്നയും യേശുവിനെ മിശിഹായായി തിരിച്ചറിഞ്ഞതിന്റെ അനുസ്മരണം കൂടിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.