രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടന്നു വരുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കർഷകരെ ദുരിതതിലാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കുവാൻ ആവശ്യപ്പെട്ടും കെസിവൈഎം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടപ്പു സമരം നടത്തി.
2020 ഡിസംബർ 26 രാവിലെ 7 മണിക്ക് എറണാകുളം വല്ലാർപാടം കണ്ടെയ്നർ റോഡിൽ മൂലമ്പിള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ചിറ്റൂർ ചേരാനല്ലൂർ കവല വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം സഞ്ചരിച്ചുകൊണ്ടുള്ള കാൽനട യാത്രയ്ക്ക് കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് ശ്രീ. ദീപു ജോസഫ് അധ്യക്ഷത വഹിച്ചു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് അംഗവും പരിസ്ഥിതി പ്രവർത്തകനുമായ അഡ്വ.ലിഗീഷ് സേവ്യർ നടപ്പ് സമരം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സാധാരണക്കാരിൽ സാധാരണക്കാരായ കർഷകരെ പൂർണമായി അവഗണിച്ചുകൊണ്ട് കോർപ്പറേറ്റുകൾക്ക് വേണ്ടി നിർമ്മിക്കപ്പെട്ട കർഷക ബിൽ ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെസിവൈഎം വരാപ്പുഴ അതിരൂപത മുൻ ഭാരവാഹിയും കർഷകശ്രീ അവാർഡ് ജേതാവുമായ ശ്രീ. ഷൈജു കേളന്തറ മുഖ്യാതിഥിയായി സമരത്തിൽ പങ്കെടുക്കുകയും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിഷയാവതരണം നടത്തി. ഡയറക്‌ടർ റവ. ഫാ റാഫേൽ ഷിനോജ് ആറാഞ്ചേരി, ജനറൽ സെക്രട്ടറി മിമിൽ വർഗീസ്, വൈസ് പ്രസിഡന്റ് ആഷ്‌ലിൻ പോൾ, ഐസിവൈഎം ജനറൽ സെക്രട്ടറി അഡ്വ. ആന്റണി ജൂഡി, സാമൂഹിക-രാഷ്ട്രീയ ഫോറം കൺവീനർ റ്റിൽവിൻ തോമസ് എന്നിവർ സംസാരിച്ചു.
വരാപ്പുഴ അതിരൂപതയിലെ കെസിവൈഎം ഭാരവാഹികളും, കെസിവൈഎം പ്രസ്ഥാനത്തിന്റെ പ്രതിനിധികളായി നൂറിൽപരം യുവജനങ്ങളും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടപ്പുസമരത്തിൽ അണിനിരന്നു.
(കടപ്പാട് : കെസിവൈഎം വരാപ്പുഴ അതിരൂപത)