നിരവധി നൂറ്റാണ്ടുകളായി സകല വിശുദ്ധരുടെയും തിരുനാൾ എട്ടു ദിവസത്തോളം ആഘോഷിച്ചിരുന്നു.
ഇന്നത്തെ ആധുനിക സംസ്കാരത്തിൽ, അവധിദിനങ്ങളും ആഘോഷങ്ങളും പ്രധാന തിരുനാളുകളും അതത് ദിവസത്തിനു മുൻപേ ആഘോഷിക്കുന്ന പ്രവണതയുണ്ട്. പുരാതന കാലത്ത് പക്ഷെ, ആ പ്രവണതയുടെ വിപരീതമായിരുന്നു സംഭവിച്ചത്
പ്രത്യേകിച്ചു നവംബർ മാസാരംഭം കുറിക്കുന്ന ഒന്നാം തീയതിയിലെ സകല വിശുദ്ധരുടെ തിരുനാൾ ആഘോഷിക്കുന്ന ദിവസത്തിനുശേഷവും തിരുനാൾ ആഘോഷം തുടരുന്ന പതിവുണ്ടായിരുന്നു. തിരുനാളിന്റെ പ്രാധാന്യം കൊണ്ടുതന്നെയായിരിക്കും ആഘോഷ കാലാവധി ദീർഘിപ്പിച്ചത് എന്നു കരുതുന്ന വക്താക്കളുമുണ്ട്.
ഏതാണ്ട് മൂന്നാമത്തെയോ നാലാമത്തെയോ നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ക്രിസ്ത്യാനികൾ ആദ്യകാലത്തേക്കാളും ചില തിരുനാളുകൾക്ക് ആഘോഷകാലം വ്യാപിപ്പിക്കാൻ തുടങ്ങി. ഈസ്റ്റർ, ക്രിസ്മസ് എന്നിവയ്ക്കാണ് ഇത്തരത്തിൽ എക്സ്റ്റൻഷൻ അനുവദിച്ചു കിട്ടിയത്. ഈ രണ്ടും കടപ്പെട്ട ദിവസങ്ങളാണ്, അതേപോലെ ആരാധനാ വത്സരത്തിലെ നാഴികക്കല്ലുകളാണ്. ഏതാണ്ട് എട്ട് ദിവസത്തോളം നീണ്ടുനിൽക്കും ഈ തിരുനാലുകളുടെ ആഘോഷം
ക്രിസ്മസ് കഴിഞ്ഞ ഒരാഴ്ച തികയുന്ന ജനുവരി ഒന്നിന് സഭ ദൈവമാതൃത്വ തിരുനാൾ ആഘോഷിക്കുന്നു. കൊടിയേറിയ പള്ളി തിരുനാൾ സമാപിക്കുന്ന ദിവസത്തെ തിരുനാൾ ദിനം എന്നാണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഇതേപോലെ, ഈസ്റ്റർ കഴിഞ്ഞുള്ള ആദ്യ ഞായർ പുതുഞായർ ആയും ദൈവകരുണയുടെ ഞായർ ആയും സഭ ആഘോഷിക്കാറുണ്ട്.
ആരാധനാക്രമ വത്സരത്തിലെ മറ്റ് പ്രധാന തിരുനാളുകൾക്കും ഈ ആനുകൂല്യം ലഭിച്ചിരുന്നു. അവയിൽ സകല വിശുദ്ധരുടെയും തിരുനാളും ഉൾപ്പെടും. ഇപ്പോഴത്തെ റോമൻ മിസ്സാളിന്റെ പിൻഗാമിയായ “സെന്റ് ആൻഡ്രൂസ് ഡെയിലി മിസ്സാളിൽ” ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് – ” 1430ൽ സിക്സ്റ്റസ് നാലാമൻ മാർപ്പാപ്പ സകല വിശുദ്ധരുടെയും തിരുനാൾ എട്ടുദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാക്കി. അത് മുഴുവൻ സഭയ്ക്കും ബാധകമാക്കി സ്ഥാപിച്ചു.”
ഇത് നൂറ്റാണ്ടുകളായി നീണ്ടുനിന്നെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സഭയുടെ ആരാധനാ കലണ്ടറിൽ നിന്ന് ഈ പതിവ് നീക്കം ചെയ്യപ്പെട്ടു.
എന്നിരുന്നാലും, വ്യാപകമായി സഭയിൽ ഇങ്ങനെ ആഘോഷിക്കുന്നില്ലെങ്കിലും നവംബർ ഒന്നിന് വിശുദ്ധരുടെ സ്മരണ ആഘോഷിക്കുന്നത് അവസാനിപ്പിക്കേണ്ടതില്ലെന്ന് ഇതുസംബന്ധിച്ച തുടർന്നുള്ള സഭാനടപടികൾ നമ്മെ ഓർമ്മിപ്പിക്കുന്നു. നവംബറിലുടനീളം നമുക്ക് വിശുദ്ധരുടെ ജീവിതം സ്മരിക്കുവാനും അവരുടെ വിശുദ്ധിയും മഹിമകളും ആഘോഷിക്കാനും, ഭൂമിയിലെ നമ്മുടെ ജീവിതാവസാനം നാമെല്ലാവരും കൈവരിക്കാൻ വിളിക്കപ്പെടുന്ന മഹത്വത്തെക്കുറിച്ച് ഓർമ്മപ്പെടുത്താനും കഴിയും.
അതുകൊണ്ട് തന്നെയാവാം സകല വിശുദ്ധരുടെയും തിരുനാളിന് തൊട്ടടുത്ത ദിവസം സകല പരേതാത്മാക്കളെ അനുസ്മരിക്കാൻ സഭ നമ്മെ പഠിപ്പിക്കുന്നതും ആഹ്വാനം ചെയ്യുന്നതും.
പ്രേം ബൊനവഞ്ചർ