പേട്ട സെന്റ് ആൻസ് ഇടവകയും തിരുവനന്തപുരം നഗരസഭയും കൈകോർത്തപ്പോൾ സഫലമായത് കൂലിപണിക്കാരനായ അരുൾ ദാസിന്റെ വീടെന്ന സ്വപ്നമാണ്.
അരുൾ ദാസിന്റെ
അമ്മയും,ഭാര്യയും രണ്ടു മക്കളും ഇക്കാലമത്രയും കഴിഞ്ഞിരുന്നത് അടച്ചുറപ്പില്ലാത്ത ഒരു കൊച്ചു മുറിയിലായിരുന്നു. കട്ടിലിന്റെ ചുവട്ടിൽ തന്നെയായിരുന്നു ആഹാരം പാചകം ചെയ്യുന്നതും കുട്ടികൾ പഠിക്കുന്നതും ഉറങ്ങുന്നതും. അത്രത്തോളം ദുരിതപൂർണമായിരുന്നു അവസ്ഥ.
കൂലിപ്പണിയെടുത്ത് സ്വരൂപിച്ച തുകയിൽ നിന്നാണ് വർഷങ്ങൾക്കു മുൻപ് ചാക്ക ബൈപ്പാസിന് സമീപം മൂന്ന് സെന്റ് ഭൂമി അരുൾ ദാസ് വാങ്ങിയത്. അപ്പോഴും വീടെന്ന സ്വപനം ബാക്കിയായിരുന്നു.
ഇത് തിരിച്ചറിഞ്ഞാണ് പേട്ട സെന്റ് ആൻസ് ഇടവകയും തിരുവനന്തപുരം നഗരസഭയും ചേർന്ന് ആ കുടുംബത്തിന് കൈത്താങ്ങായത്.
പേട്ട സെന്റ് ആൻസ് ഫെറോന ദേവാലയത്തിന്റെ വാർഷിക തിരുനാൾ ആഘോഷങ്ങൾ ചിലവ് ചുരുക്കി സമാഹരിച്ച തുകയും സർക്കാറിൻറെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയും നൽകിയ തുക സമാഹരിച്ചു കൊണ്ടാണ് 550 സ്ക്വയർഫീറ്റിൽ അരുൾ ദാസിന് വീടൊരുക്കിയത്.
അരുൾ ദാസിന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം തിരുവനന്തപുരം മേയർ നിർവഹിച്ചു.
ഇടവക വികാരി റവ.ഫാ.ഡേവിഡ്സൺ വീടിന്റെ ആശിർവാദ കർമ്മങ്ങൾ നടത്തി. ഒറ്റ മുറിയിൽ നിന്ന് പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ അതിരുകളില്ലാത്ത സന്തോഷം ആ കുടുംബത്തിൽ പ്രകടമായിരുന്നു. പേട്ട സെൻറ് ആൻസ് ഫെറോന ദേവാലയം ഒരു തിരുനാൾ ഒരു ഭവനം പദ്ധതി വഴി പൂർത്തിയാക്കുന്ന ഇരുപതാമത്തെ ഭവനമാണിത്.