പ്രേം ബൊനവെഞ്ചർ
“സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞി” — മറിയത്തിനു കത്തോലിക്കാ സഭ നൽകുന്ന ഈ വിശേഷണം കത്തോലിക്കരല്ലാത്ത പല ക്രിസ്ത്യാനികൾക്കും ചർച്ചാവിഷയമായ വസ്തുതയാണ്. ദൈവരാജ്യത്തിൽ ഒരു രാജ്ഞിയുണ്ട് എന്നതിനെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. ഈ രാജകീയ പരിഗണനയും കത്തോലിക്കർ മറിയത്തിന് നൽകുന്നു – അത് സ്വർഗീയരാജ്ഞിയെ ഗാനങ്ങളിലൂടെ വാഴ്ത്തുമ്പോഴും, തലയിൽ കിരീടംവച്ച മറിയത്തിന്റെ പ്രതിമകളും ചിത്രങ്ങളും വണങ്ങുമ്പോഴും ആ പരിഗണന ദൃശ്യമാണ്.
എന്നാൽ, മറിയത്തിനുള്ള ഈ പ്രത്യേക പരിഗണന രാജാക്കന്മാരുടെ രാജാവായ ക്രിസ്തുവിന്റെ രാജകീയതയിൽ നിന്ന് വ്യതിചലിക്കുന്ന തരത്തിലാണെന്ന് വാദിക്കുന്നവരുമുണ്ട്. അപ്പോൾ, യേശുവിന്റെ അമ്മയായ മറിയത്തിന് എങ്ങനെ ഒരു രാജ്ഞിയാകാൻ കഴിയും?
ദാവീദ് രാജാവിന്റെ കാലത്തും കിഴക്കൻ പ്രദേശങ്ങളിലെ മറ്റ് പുരാതന രാജ്യങ്ങളിലും, ഭരണാധികാരിയുടെ അമ്മ രാജകൊട്ടാരത്തിലും രാജവംശത്തിന്റെ പിന്തുടർച്ച പ്രക്രിയയിലും ഒരു സുപ്രധാന പദവി വഹിക്കുമായിരുന്നു. വാസ്തവത്തിൽ, രാജാവിന്റെ അമ്മയാണ് അവിടെ രാജ്ഞിയാകുന്നത്, ഭാര്യയല്ല.
നമ്മുടെ ആധുനിക വീക്ഷണകോണിൽ രാജാവിന്റെ അമ്മയുടെ പ്രാധാന്യം വിചിത്രമായി തോന്നാം, കാരണം ഇക്കാലത്ത് ഒരു രാജാവിന്റെ ഭാര്യയെ രാജ്ഞിയായി നാം കരുതുന്നു. എന്നിരുന്നാലും, മിക്ക പുരാതന രാജാക്കന്മാരും ബഹുഭാര്യത്വം അനുഷ്ഠിച്ചിരുന്നുവെന്ന് ഓർക്കുക. സോളമൻ രാജാവിന് എഴുനൂറു ഭാര്യമാരുണ്ടായിരുന്നു (1 രാജാ 11: 3) – അത്രയുംപേർക്ക് രാജ്ഞി എന്ന പദവി നൽകിയാൽ, രാജകൊട്ടാരത്തിലെ അവസ്‌ഥ ഒന്ന് സങ്കൽപ്പിക്കുച്ചുനോക്കൂ ! അതിൽതന്നെ അമ്മയ്ക്ക് രാജ്ഞിത്വം കല്പിക്കുന്നതിലെ പ്രായോഗിക ജ്ഞാനം കണ്ടെത്താൻ കഴിയും.
ദാവീദിന്റെ രാജവംശത്തിൽ അമ്മരാജ്ഞിയുടെ പങ്ക് പ്രതിഫലിപ്പിക്കുന്ന ഭാഗങ്ങൾ പഴയനിയമത്തിൽ കാണാം. ഉദാഹരണത്തിന്, രാജാക്കന്മാരുടെ ഒന്നും രണ്ടും പുസ്തകങ്ങളിൽ ഓരോ തവണയും യൂദായിൽ ഒരു പുതിയ രാജാവിനെ അവതരിപ്പിക്കുമ്പോൾ, അവിടെ രാജാവിന്റെ അമ്മയെ സൂചിപ്പിക്കുകയും രാജാവായ മകന്റെ ഭരണത്തിൽ അമ്മയുടെ പങ്കാളിത്തം എടുത്തുകാണിക്കുകയും ചെയ്യുന്നു. അതുപോലെ, ബാബിലോണിലെ രാജാവായ യെഹോയാക്കിന് കീഴടങ്ങിയ അംഗങ്ങളിൽ രാജ്ഞിയായ അമ്മയെയും ഉൾപ്പെടുത്തിയിട്ടുണ്ട് (2 രാജാ 24: 12).
അമ്മരാജ്ഞി സിംഹാസനവും കിരീടവും വഹിച്ചതെങ്ങനെയെന്ന് ജറെമിയ പ്രവാചകൻ വിവരിക്കുന്നു : “രാജാവിനോടും രാജമാതാവിനോടും പറയുക, സിംഹാസനത്തില്‍നിന്നു താഴെയിറങ്ങുക; നിങ്ങളുടെ മഹത്തായ കിരീടം നിങ്ങളുടെ ശിരസ്‌സില്‍നിന്നു താഴെ വീണിരിക്കുന്നു. . . . നീ കണ്ണുകളുയര്‍ത്തി വടക്കുനിന്നു വരുന്നവരെ കാണുക. നിന്നെ ഭരമേല്‍പ്പിച്ചിരുന്ന ആട്ടിന്‍പറ്റം, നിന്റെ മനോഹരമായ അജഗണം, എവിടെ?” (ജറെ 13 : 18-20) യൂദായുടെ വരാനിരിക്കുന്ന പതനത്തെക്കുറിച്ച് ദൈവം ഈ പ്രവചനത്തിലൂടെ രാജാവിനെയും അവന്റെ അമ്മയെയും നിർദ്ദേശിച്ചു. രാജാവിനെയും അമ്മരാജ്ഞിയെയും അഭിസംബോധന ചെയ്തുകൊണ്ട്, തന്റെ മകന്റെ രാജ്യത്തിന്റെ ഭരണത്തിൽ അമ്മയും സ്‌ഥാനം പങ്കുവെക്കുന്നതായി ജറെമിയ ചിത്രീകരിക്കുന്നു.
(തുടരും)