-@ഇഗ്നേഷ്യസ് തോമസ്
വേദനയുടെ കയ്പ്നീര്‍ കാസ കുടിക്കുമ്പോഴും നിരാശയോ ദുഃഖമോ പ്രകടിപ്പിക്കാതെ, ദൈവഹിതത്തിനും തിരുവനന്തപുരം രൂപതയുടെ വിശുദ്ധീകരണത്തിനുമായി, ജീവിതം കാഴ്ചവെച്ച സഹനദാസനായിരുന്നു ബിഷപ്പ് ജേക്കബ് അച്ചാരുപറമ്പില്‍. സന്യാസമെന്നാല്‍ ഈ ലോകത്തിന്‍റെ സുഖ ദുഃഖങ്ങളില്‍ നിന്നുള്ള അകന്നുമാറലല്ല. മറിച്ച് ഇന്നിന്‍റെ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് സുഖദുഃഖ സമ്മിശ്രണമായ ജീവിതാവസ്ഥകളെ പുല്‍ക്കുകയാണെന്ന യഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ കര്‍മ്മയോഗിയായിരുന്നു ബിഷപ്പ് ജേക്കബ്. “ദൈവം തിരുവനന്തപുരം രൂപതയ്ക്ക് നല്കിയ ഏറ്റവും വലിയ സമ്മാനമായിരുന്നു ജേക്കബ് പിതാവെന്നാണ്” അദ്ദേഹത്തിന്‍റെ പിന്‍ഗാമിയും ഇപ്പോഴത്തെ ഇടയനുമായ സൂസപാക്യം പിതാവ് അനുസ്മരിക്കുന്നത്. തിരുവനന്തപുരം രൂപതയുടെ ആദ്ധ്യാത്മിക നവീകരണത്തിന്‍റെ ശക്തി സ്രോതസ്സും ഭൗതീക പുരോഗതിയുടെ ചാലക ശക്തിയും ജേക്കബ് പിതാവാണെന്ന് വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തിയില്ല. വൈപ്പിനിലെ പള്ളിപ്പുറത്ത് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് തന്‍റെ ജീവിത യാത്ര അവസാനിപ്പിക്കുമ്പോള്‍ അദ്ദേഹം ചേതോഹരമായ സന്യാസ ജീവിതവും ശ്രമകരമായ അജപാലന ദൗത്യവും വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. സഹന നാള്‍വഴികളില്‍ വിരിയിച്ച പുണ്യപുഷ്പങ്ങളുടെ സൗരഭ്യം അദ്ദേഹം വിടവാങ്ങി കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും എങ്ങും പരക്കുന്നു.
അച്ചാരുപറമ്പില്‍ കുടുംബം ദൈവവിളിയുടെ ഈറ്റില്ലം
എറണാകുളം ജില്ലയിലെ പൈപ്പിന്‍കരയിലെ പള്ളിപ്പുറം ഗ്രാമം ചരിത്രത്തില്‍ ഇടം നേടിയ ദേശമാണ്. ടിപ്പുവിന്‍റെ പടയോട്ടം പള്ളിപ്പുറത്തെത്തിയപ്പോള്‍, മാതാവിന്‍റെ പള്ളി മഞ്ഞുകൊണ്ട് മൂടപ്പെട്ടു. തുടര്‍ന്നുള്ള ടിപ്പുവിന്‍റെ ജൈത്രയാത്രക്ക് വിഘ്നം വന്നു ചേര്‍ന്നു. പള്ളിപ്പുറത്തിന്‍റെ രക്ഷകയും സംരക്ഷകയുമായി മാതാവ് മാറി. അനുഗ്രഹീതമായ ഈ ദേശത്ത് ജീവിച്ച കാക്കു മറിയം ദമ്പതിമാര്‍ക്ക് പതിനൊന്ന് മക്കളെയാണ് ദൈവം സമ്മാനിച്ചത്. പതിനൊന്ന് മക്കളെയും ദൈവഭക്തിയിലും വിശ്വാസത്തിലും അച്ചടക്കത്തിലും വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ ജാഗ്രതകാട്ടി. എത്ര മഴ പെയ്താലും മഞ്ഞു വീണാലും മാതാപിതാക്കള്‍ അനുദിന കുര്‍ബാന മുടക്കിയിരുന്നില്ല. അവരുടെ അടിയുറച്ച ദൈവവിശ്വാസമാണ് തനിക്കും തന്‍റെ സഹോദരങ്ങള്‍ക്കും ലഭിച്ചതെന്ന് മെത്രാഭിഷേക വേളയില്‍ ജേക്കബ് അച്ചാരുപറമ്പില്‍ പിതാവ് പരസ്യമായി പറയുകയുണ്ടായി. 11 പേരുള്ള കുടുംബത്തില്‍ നിന്ന് 3 പേര്‍ വൈദികരും ഏക സഹോദരി സന്യാസിനിയുമായി. പിതാവിന്‍റെ സഹോദരന്‍ റോക്കി മാസ്റ്ററുടെ പുത്രനാണ് ദിവംഗതനായ ആര്‍ച്ച് ബിഷപ്പ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍. ജേക്കബ്പിതാവിന്‍റെ സഹോദരങ്ങളുടെ മക്കളായ മൂന്ന് പേര്‍ വൈദികരും നാല് പേര്‍ സന്യാസിനികളുമായി തീര്‍ന്നു. ഇപ്രകാരം അച്ചാരുപറമ്പില്‍ കുടുംബം ദൈവവിളിയുടെ ഈറ്റില്ലമായിതീര്‍ന്നു.
സമര്‍ത്ഥനായ വിദ്യാര്‍ത്ഥി
ഏറെ സമര്‍ത്ഥനും കലാകായികരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച വിദ്യാര്‍ത്ഥിയുമായിരുന്നു ബെനഡിക്ട്. പള്ളിപ്പുറം സെന്‍റ് റോക്കീസ് എല്‍.പി.എസിലും സെന്‍റ് മേരീസ് മിഡില്‍ സ്കൂളിലും ചെറായി രാമവര്‍മ്മ ഗവണ്‍മെന്‍റ് ഹൈസ്കൂളിലുമായിരുന്നു സ്കൂള്‍ പഠനം. ഫസ്റ്റ് ക്ലാസ്സോടെയായിരുന്നു പത്താംക്ലാസ്സ് പാസ്സായത്. ക്രിസ്താനുകരണവും, ഗാന്ധിജിയുടെ ആത്മകഥയും ഡോ.ആല്‍ബര്‍ട്ട്ഷ്വെറ്റ്സറുടെ ജീവചരിത്രവും ഫ്രാന്‍സിസ് അസീസിയെ പറ്റിയുള്ള ഗ്രന്ഥങ്ങളും ഈ വിദ്യാര്‍ത്ഥി ലൈബ്രററിയില്‍ നിന്നെടുത്ത് വായിച്ചിരുന്നു. ഈ വായനയില്‍ നിന്ന് ലഭിച്ച ഉള്‍ക്കാഴ്ചകളാണ് വൈദികനായി തീരാനുള്ള മോഹം മനസ്സില്‍ അങ്കുരിപ്പിച്ചത്.
വൈദീക പരിശീലനം
1934 ല്‍ കൊല്ലം തില്ലേരി കപ്പൂച്ചിന്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. 1935 ഫെബ്രുവരി 2 ന് സഭാവസ്ത്രം സ്വീകരിച്ചു. ഫിലോസഫി പഠനം പൂര്‍ത്തിയാക്കി; ദൈവശാസ്ത്ര പഠനത്തിനായി തൃശ്നാപ്പള്ളിയിലെ ശ്രീരംഗത്ത് മേജര്‍ സെമിനാരിയില്‍ പ്രവേശിച്ചു. 1945 മാര്‍ച്ച് 17 ന് കപ്പൂച്ചിന്‍ സഭാംഗമായ ഡോ.ഗ്വീദോ മെത്രാനില്‍ നിന്ന് വൈദീക പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ദൈവശാസ്ത്രത്തില്‍ ഉന്നത ബിരുദം നേടാന്‍ ശ്രീലങ്കയിലെ കാണ്ടി പേപ്പല്‍ സെമിനാരിയില്‍ ചേര്‍ന്നു. ഡോഗ്മാറ്റിക് തിയോളജിയില്‍ ലൈസന്‍ഷിയേറ്റ് നേടി. ബെറ്റര്‍ വേര്‍ഡ് കോഴ്സിന് റോമിലും കാറ്റകെറ്റിക്കല്‍ കോഴ്സിന് പാരീസിലും ചേര്‍ന്ന് പരിശീലനം നേടി.
പ്രഗത്ഭനായ അദ്ധ്യാപകന്‍
ഉപരി പഠനത്തിനു ശേഷമുള്ള ആദ്യ നിയോഗം കൊല്ലത്തെ കപ്പൂച്ചിന്‍ സെമിനാരിയിലായിരുന്നു. തുടര്‍ന്ന് കോട്ടഗിരി തിയോളജിക്കല്‍ സെമിനാരിയിലും അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. സെമിനാരിയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ രണ്ട് വൈദീക പരിശീലന കേന്ദ്രങ്ങളിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്. ശിഷ്യډാരുടെ സ്നേഹനിധിയായ അദ്ധ്യാപകനായി ചുരുങ്ങിയ കാലത്തിനുള്ളില്‍ മാറി. തികഞ്ഞ അച്ചടക്കത്തിലും ദൈവാശ്രയ ബോധത്തിലും സെമിനാരി വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തിയെടുക്കുവാന്‍ അദ്ദേഹം ശ്രദ്ധചെലുത്തി. സദാ കര്‍മ്മനിരതനായിരുന്ന ഈ ഗുരു വിദ്യാര്‍ത്ഥികള്‍ക്ക് എന്നും മാതൃകയും പ്രചോദനവുമായി മാറി.
പാവപ്പെട്ടവരോടും പരിത്യക്തരോടും ; പക്ഷം ചേര്‍ന്ന സന്യാസവര്യന്‍
കൊല്ലം സെമിനാരിയില്‍ അദ്ധ്യാപകനായിരിക്കെ തന്നെ സൈക്കിള്‍ റിക്ഷാ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കാനായി ആവിഷ്ക്കരിച്ച പദ്ധതികള്‍ നിരവധി കുടുംബങ്ങള്‍ക്ക് രക്ഷയേകി. “പാവപ്പെട്ടവരുടെ കണ്ണീര്‍ തുടക്കാന്‍ നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും ദൈവത്തെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നു” എന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ വാക്കുകളായിരുന്നു ജേക്കബച്ചന് സാമൂഹ്യ ശുശ്രൂഷകള്‍ക്ക് പ്രചോദനമേകിയത്. ആര്‍ത്തരെയും ആലംബഹീനരെയും സഹായിക്കാനായി തില്ലേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി രൂപീകരിച്ചുകൊണ്ട് സമൂഹത്തിന്‍റെ പുറം പോക്കില്‍ കഴിഞ്ഞിരുന്നവരെ സഹായിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. 1969 മുതല്‍ 1972 വരെയുള്ള കാലയളവില്‍ ഇന്ത്യ / മലേഷ്യന്‍ കപ്പൂച്ചിന്‍ പ്രോവിന്‍സിന്‍റെ സുപ്പീരിയര്‍ ജനറലായും ഭാരതത്തിലെ കപ്പൂച്ചിന്‍ പ്രോവിന്‍സിന്‍റെ പ്രൊവിന്‍ഷ്യാള്‍ പദവിയും അലങ്കരിച്ചു.
തിരുവനന്തപുരം കര്‍മ്മരംഗമാകുന്നു
1972 ലാണ് അദ്ദേഹം വലിയതുറ വില്ലാപാദുവാ ആശ്രമത്തിലെത്തി ചേരുന്നത്. ആശ്രമ ശ്രേഷ്ഠന്‍റെ ചുമതല നിര്‍വ്വഹിച്ചു കൊണ്ടുതന്നെ പൂന്തുറ മുതല്‍ പുതുക്കുറിച്ചിവരെയുള്ള തീരദേശത്ത് തന്‍റെ മഞ്ഞനിറമുള്ള മോട്ടര്‍ സൈക്കിളില്‍ സഞ്ചരിച്ച് കടലിന്‍റെ മക്കള്‍ക്ക് സാന്ത്വനം പകര്‍ന്ന് ജനങ്ങളുടെ ഇടയിലേക്ക് കടന്നുചെന്നു. “മത്സ്യത്തൊഴിലാളികളായ നമ്മുടെ സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്തണം” അദ്ദേഹം തന്‍റെ സഹ സന്യാസികളോട് എപ്പോഴും പറയുമായിരുന്നു. വില്ലാപാദുവാ സോഷ്യല്‍ സര്‍വീസ് സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി വീട്ടമ്മമാര്‍ക്കും തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്കും ജീവ സന്ധാരണത്തിനുള്ള വഴി തുറന്നു നല്കി. യുവതികളുടെ വിവാഹത്തിന് ധനസഹായം നല്കുന്നതിന് ‘വിവാഹ സഹായ നിധി’ ജേക്കബച്ചന്‍ മുന്‍ കൈയെടുത്തു രൂപീകരിച്ചു. ഇതിലൂടെ എത്രയോ യുവതികളാണ് മംഗല്യഭാഗ്യം കൈവരിച്ചത്! മീന്‍കച്ചവടം നടത്തുന്ന സ്ത്രീകള്‍ക്കു വേണ്ടി തുടങ്ങിയ ‘സ്മോള്‍ സേവിംഗ്സ് ഫണ്ടും’ പാവപ്പെട്ട മത്സ്യത്തൊഴിലാളികളോടുള്ള ആഭിമുഖ്യത്തില്‍ നിന്നുടലെടുത്ത കര്‍മ്മപദ്ധതി തന്നെ.
വലിയതുറ കേന്ദ്രമാക്കി ആരംഭിച്ച ഫ്രാന്‍സിസ്ക്കന്‍ മൂന്നാംസഭയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമേണ തീരദേശ ഇടവകകളിലും വ്യാപിപ്പിച്ചു. തിരുവനന്തപുരം രൂപതയുടെ ഔദ്യോഗിക ജിഹ്വയായ ജീവനും വെളിച്ചവും മാസികയുടെ തുടക്കക്കാരനായിരുന്നു ജേക്കബച്ചന്‍. മികച്ച ധ്യാനഗുരു, സാമൂഹിക പ്രവര്‍ത്തകന്‍ സേവന സന്നദ്ധനായ സന്യാസി എന്നീ നിലകളില്‍ തിരുവനന്തപുരത്തെ സേവന കാലയളവില്‍ അദ്ദേഹം പ്രശോഭിച്ചു. 1976 ജൂലൈ മാസത്തില്‍ ജേക്കബ് അച്ചന്‍ കപ്പൂച്ചിന്‍ സഭയുടെ ഡഫിനിറ്റര്‍ ജനറലായി ചുമതലയേറ്റു. ഏഷ്യന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
ഇടയ ദൗത്യവുമായി വീണ്ടും തിരുവനന്തപുരത്തേക്ക്
തിരുവനന്തപുരം രൂപതയുടെ ആദ്യ തദ്ദേശീയ മെത്രാനായിരുന്ന ഡോ.പീറ്റര്‍ ബെര്‍ണാര്‍ഡ് പെരേര 1978 ജൂണ്‍ 13 ന് ദിവംഗതനായതിനെ തുടര്‍ന്ന്, വികാര്‍ കാപ്പിറ്റുലറായി മോണ്‍.മാര്‍ക്ക് നെറ്റോ ചുമതല നിര്‍വ്വഹിച്ചുവരുകയായിരുന്നു. 1979 ആഗസ്റ്റ് 22 ന് റോമില്‍ നിന്ന് ഫാദര്‍ ബനഡിക്ട് ജേക്കബ് അച്ചാരുപറമ്പിലിനെ തിരുവനന്തപുരം മെത്രാനായി നിയമിച്ചുകൊണ്ടു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഉത്തരവായി. 1979 ഒക്ടോബര്‍ 7 ന് പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വച്ചുനടന്ന വര്‍ണ്ണ ശബളമായ ചടങ്ങില്‍വെച്ച് തിരുവനന്തപുരം രൂപതയുടെ മൂന്നാമത്തെ മെത്രാനായി ഫാദര്‍ ബനഡിക്ട് ജേക്കബ് അച്ചാരുപറമ്പില്‍ അഭിഷേകം ചെയ്യപ്പെട്ടു. “ദൈവം ഭരമേല്‍പ്പിച്ചതെല്ലാം എന്‍റെ എളിയ കഴിവിനൊത്ത് നിറവേറ്റാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. ദരിദ്രരുടെയും ദുര്‍ബലരുടെയും പക്ഷം ചേര്‍ന്ന് ദൈവ നീതി നടപ്പിലാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന്” അദ്ദേഹം ദൈവജനത്തോട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം രൂപത നവീകരണത്തിന്‍റെ പാതയില്‍
തിരുവനന്തപുരം രൂപതയുടെ സാരഥ്യമേറ്റെടുത്ത ഈ സന്യാസവര്യന്‍റെ ശ്രദ്ധ മുഴുവന്‍ രൂപതയുടെ നവീകരണത്തിലും അതിലൂടെ സമഗ്രവികസനം നേടുന്നതിലുമായിരുന്നു. മതബോധനം, വിദ്യാഭ്യാസം, യുവജന പ്രസ്ഥാനം, ആരാധനാക്രമം എന്നീ മേഖലകളുടെ നവീകരണത്തിനും പുരോഗതിക്കുമായി നിരവധി കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്കി. വലിപ്പത്തിലും ജനസംഖ്യയിലും ഇന്ത്യയില്‍ രണ്ടാമതായിരുന്ന തിരുവനന്തപുരം രൂപതയുടെ വൈവിധ്യങ്ങളും സങ്കീര്‍ണ്ണതകളും ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു നവീകരണ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടത്. ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെയും സഭാ നിയമങ്ങളനുസരിച്ചുമാണ് കര്‍മ്മ പദ്ധതികള്‍ പ്രയോഗത്തില്‍ വരുത്താന്‍ അദ്ദേഹം ശ്രമിച്ചത്. രൂപതയുടെ ഭൗതിക വികസനത്തില്‍ തല്പരനായിരുന്ന ജേക്കബ് പിതാവിന്‍റെ ഇടയ ശുശ്രൂഷയില്‍ ഉയര്‍ന്നു വന്ന ബിഷപ്പ് പെരേരാഹാള്‍, ജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ജൂബിലി മെമ്മോറിയല്‍ ആനിമേഷന്‍ സെന്‍റര്‍, കഴക്കൂട്ടം സെന്‍റ്. വിന്‍സെന്‍റ് സെമിനാരി തുടങ്ങിയവ രൂപതയുടെ അഭിമാന സ്തംഭങ്ങളായി നിലകൊള്ളുന്നു. സാമൂഹിക വികസനത്തിന് ജനപങ്കാളിത്തം ഉറപ്പാക്കി റ്റി.എസ്.എസ്.എസ് ഇടവക യൂണിറ്റുകള്‍, ആരോഗ്യ വിദ്യാഭ്യാസ പദ്ധതി, മാതൃശിശു സംരക്ഷണ പദ്ധതി, ഭവന നിര്‍മ്മാണ പദ്ധതികള്‍ മിച്ച നിക്ഷേപ പദ്ധതി ഇവയെല്ലാം പിതാവിന്‍റെ ശുശ്രൂഷാകാലയളവില്‍ ആവിഷ്കൃതമായ പദ്ധതികളായിരുന്നു.
വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ ഇക്കാലയളവിലുണ്ടായി. ആള്‍ സെയിന്‍റ്സ്, സെന്‍റ് സേവ്യേഴ്സ് കോളേജുകള്‍ ലത്തീന്‍ സമുദായത്തിന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന കോളേജുകളായി മാറ്റുന്നതിന് അദ്ദേഹം മുന്‍കൈയെടുത്തു. വിദ്യാര്‍ത്ഥി പ്രവേശനത്തിനും അദ്ധ്യാപക നിയമനത്തിനും ലത്തീന്‍ സമുദായത്തിന് മുന്‍ഗണന നല്കുന്നതിനനുപേക്ഷണീയമായ സര്‍ക്കാര്‍ ഉത്തരവുകള്‍ വന്നതും രൂപതയുടെ ക്രിയാത്മക ഇടപെടലിലൂടെയായിരുന്നു. നിരവധി സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യപ്പെടുകയും ഹൈസ്കുളുകളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. സ്കൂളുകളില്‍ അദ്ധ്യാപക നിയമത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരുകയും അവ ഫലപ്രദമായി നടപ്പിലാക്കാനും കഴിഞ്ഞുവെന്നത് ശ്രദ്ധേയമായ നേട്ടം തന്നെ.
രൂപതയുടെ ചരിത്രത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി മാറിയ വൈദീകരുടെ ഒത്തുവാസം ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 5 വരെ കോട്ടാര്‍ ആനിമേഷന്‍ സെന്‍ററില്‍ നടന്നു. തിരുവനന്തപുരം രൂപതയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചാണ് ഈ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. തിരുവനന്തപുരം രൂപതയിലെ മുഴുവന്‍ വൈദികരും മെത്രാനും പ്രാര്‍ത്ഥനയുടെയും പഠനത്തിന്‍റെയും വിചിന്തനത്തിന്‍റെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ചരിത്ര പ്രാധാന്യമുള്ള രേഖകളായി മാറി. “രൂപതാദ്ധ്യക്ഷന്‍ അസാധാരണമായ ക്ഷമയോടും താല്പര്യത്തോടും കൂടെ നിശബ്ദനായി പങ്കെടുത്തു” എന്നാണ് ഒത്തുവാസ രേഖയില്‍ പരാമര്‍ശിക്കുന്നത്. രൂപതാ വിഭജനമുള്‍പ്പെടെ നിരവധി നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും ഐക്യത്തോടെ മുന്നോട്ടു നീങ്ങാനും കോട്ടാര്‍ സമ്മേളനത്തിലൂടെ സാധിതമായി എന്നതാണ് ഈ വൈദിക ഒത്തുവാസത്തിന്‍റെ നേട്ടം.
എളിമയുടെ ജീവിതം
എളിമയുടെയും വിനയത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും അരൂപിയില്‍ ജീവിച്ച് എല്ലാ പ്രപഞ്ചവസ്തുക്കളിലും ജീവജാലങ്ങളിലും ദൈവസാന്നിദ്ധ്യം കണ്ടറിഞ്ഞ്, സ്നേഹ ചൈതന്യത്താല്‍ പ്രപഞ്ചത്തിന് നിറവേകിയ, ഫ്രാന്‍സിസ് അസീസിയുടെ കാല്‍പാടുകള്‍ പിന്‍ചെന്ന തപോധനനായിരുന്നു ജേക്കബ് പിതാവ്. ചിന്തയിലും പ്രവൃത്തിയിലും ലാളിത്യം അദ്ദേഹം പുലര്‍ത്തി. സമയനിഷ്ഠ, ഉത്തരവാദിത്വബോധം, മിതത്വം ഇതെല്ലാം ചേര്‍ന്നതായിരുന്നു ജേക്കബ് പിതാവിന്‍റെ വ്യക്തിത്വം. ആരോടും അമിതമായ സ്നേഹവും അടുപ്പവും പ്രകടിപ്പിക്കില്ല, എന്നാല്‍ ആരെയും അവഗണിക്കുകയുമില്ല. എഴുത്തില്‍ പോലും അദ്ദേഹം മിതത്വം പുലര്‍ത്തിയിരുന്നതായി കാണാം. എന്നാല്‍ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ഗാംഭീര്യമാര്‍ന്നതും ഉദാത്തവുമായിരുന്നു. 1982 ഓഗസ്റ്റ് 12 ന് മനോരമ പത്രത്തില്‍ വന്ന ഒരു ചിത്രം തിരുവനന്തപുരം നിവാസികളുടെ മനസ്സില്‍ ഇന്നും മായാതെ നിലനില്ക്കുന്നു. കാലന്‍ കുടയും ഊന്നി വെള്ളയമ്പലം കവിടിയാര്‍ റോഡിലൂടെ ആരാലും ശ്രദ്ധിക്കപ്പെടാതെ സായാഹ്ന സവാരിക്കിറങ്ങിയ “പദയാത്രികനായ പിതാവ്, എന്ന തലക്കെട്ടോടുകൂടിയ ചിത്രം! നഗരവാസികള്‍ അത്ഭുതത്തോടെയത്രെ ഈ എളിയ അജപാലകന്‍റെ വിശേഷം വാര്‍ത്തയിലൂടെ വായിച്ചറിഞ്ഞത്.
സഹനപര്‍വ്വം പൂര്‍ത്തീകരിച്ച് സ്വര്‍ഗ്ഗസന്നിധിയില്‍
തിരക്കു പിടിച്ച അജപാലന ദൗത്യത്തിനിടയില്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് അദ്ദേഹം കാര്യമായ ശ്രദ്ധ കാട്ടിയിരുന്നില്ല. പ്രമേഹത്തിന്‍റെ അസുഖം അലട്ടിയപ്പോള്‍ അതത്ര കാര്യമാക്കാതെ മുന്നോട്ടു പോയി. കാലിലുണ്ടായ ചെറിയ മുറിവ് പഴുത്ത് ഉണ്ടായ വേദനപോലും സാരമാക്കിയില്ല. വൈദീകരുടെ നിര്‍ബന്ധത്താല്‍ ആശുപത്രിയിലെത്തിയപ്പോഴാകട്ടെ വൈദ്യശാസ്ത്രത്തിന് രക്ഷപ്പെടുത്താനാകാത്ത സ്ഥിതിയും വന്നു ചേര്‍ന്നിരുന്നു. ഇരുകാലുകളും മുറിച്ചുമാറ്റി കഠിനമായ വേദനകളില്‍ അമര്‍ന്നപ്പോഴും രൂപതയുടെ വിശുദ്ധീകരണത്തിനായി തന്‍റെ വേദനകളെ കാഴ്ചവച്ചു. 1989 ഡിസംബര്‍ 1 ന് പരിശുദ്ധ പിതാവിന് രൂപതാദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തന്‍റെ രാജി സമര്‍പ്പിച്ചു. തുടര്‍ന്ന് സഹമെത്രാനായി ഡോ. എം.സൂസപാക്യം നിയമിതനായി. 1991 ജനുവരി 31 ന് രൂപതാ ഭരണത്തില്‍ നിന്ന് അദ്ദേഹം പൂര്‍ണ്ണമായി വിരമിച്ചു. ആള്‍സെയിന്‍റ്സ് കോളേജിലെ വിശ്രമമന്ദിരത്തില്‍ കഴിഞ്ഞു വരവെ 1995 ഓഗസ്റ്റ് 13 ന് സഹനത്തിന്‍റെ ധീരസാക്ഷിയായ പുണ്യപിതാവ് ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്‍റെ ഭൗതീക ശരീരം തിരുവനന്തപുരം രൂപതയുടെ ഭദ്രാസന ദൈവാലയമായ പാളയം സെന്‍റ് ജോസഫ്സ് മെട്രൊപൊളിറ്റന്‍ കത്തീഡ്രലില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.
തിരുവനന്തപുരം രൂപതയെ ധന്യമായ പാതയിലൂടെ നയിക്കുകയും രൂപതയുടെ സമഗ്രവികസനത്തിനും പുരോഗതിക്കുമായി തന്‍റെ ജീവിതം സഹന ബലിയായി നല്കിയ ഈ ശ്രേഷ്ഠാചാര്യന്‍റെ സ്മരണക്കു മുമ്പില്‍ അഞ്ജലീബദ്ധരായി തിരുവനന്തപുരം രൂപതയിലെ വിശ്വാസ സമൂഹം നിലകൊള്ളുന്നു.
ഇഗ്നേഷ്യസ് തോമസ്
പള്ളിക്കര, റ്റി.സി.14/315
പാളയം, തിരുവനന്തപുരം 695 033