തിരുവനന്തപുരം ബിഷപ്പ് ഹൗസ് കോമ്പൗണ്ടിനുള്ളിലെ ജൂബിലി മെമ്മോറിയൽ ആനിമേഷൻ സെൻററിൽ ഇന്ന് ഗൾഫിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ക്വറന്റൈൻ സൗകര്യമൊരുങ്ങുന്നു. കഴിഞ്ഞമാസം തന്നെ കോവിഡ് ക്വാറന്റൈൻ സെന്ററായി, തിരുവനന്തപുരം ലത്തീൻ അതിരൂപതക്കു കീഴിലെ ജൂബിലി മെമ്മോറിയൽ ആനിമേഷൻ സെൻറർ വിട്ടു നൽകിയിരുന്നതായി ഡയറക്ടർ ഫാ. ജൂഡിറ്റ് പയസ് അറിയിച്ചു. ഇന്ന് വൈകുന്നേരം എത്തുന്ന ദോഹയിൽ നിന്നുള്ള 182 പേരടങ്ങുന്ന സംഘത്തിലെ 36 ഓളം പേരെ തമാസിപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുങ്ങുക. താമസിക്കുന്നവർക്കെല്ലാം ബാത്റൂം അറ്റാച്ച്ഡ് മുറികളും സൗകര്യങ്ങളുമാണ് ഗവർണമെന്റ് ഒരുക്കിയിരിക്കുന്നത്.
ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സ്ഥലം എം.എൽ.എ. വി. കെ. പ്രശാന്ത് ആനിമേഷൻ സെൻറർ സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തി.
പ്രവാസികളുമായി ദോഹയിൽ നിന്നും തിരുവനന്തപുരത്തെത്തുന്ന ആദ്യ വിമാനത്തിലെത്തുന്നവർക്കും തുടർന്ന് വരുന്നവർക്കുമായി വലിയ ക്രമീകരണങ്ങളാണ് കോർപറേഷൻ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് 6 താലൂക്കുകളിലായി 17000 പേർക്കുള്ള നിരീക്ഷണ സൗകര്യം ആണുള്ളത്. 4000 മുറികൾ പൂർണമായി സജ്ജമാണ്. മറ്റുജില്ലകളിൽ നിന്നുള്ളവർക്ക് അതാത് അത് ഇടങ്ങളിൽ ആയിരിക്കും നിരീക്ഷണം.