വേളി: സാങ്കേതികവിദ്യയുടെ കാലത്തും ദൈവവചനത്തെ ഹൃദയത്തിലേറ്റി വേളി സെൻറ് തോമസ് ഇടവകയിലെ 872 വിശ്വാസികൾ ചേർന്ന് ബൈബിൾ പകർത്തിയെഴുതി. 73 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന സമ്പൂർണ ബൈബിൾ ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് പൂർത്തിയാക്കിയത്. ഒക്ടോബർ 18 ഞായറാഴ്ച നടന്ന ബൈബിൾ പകർത്തിയെഴുത്തിൽ എട്ടു വയസ്സുകാരായ കുരുന്നുകൾ മുതൽ 86 വയസ്സുള്ള വയോധിക വരെ ഒരേ മനസ്സോടെ പങ്കെടുത്തത് ഏവരുടെയുംശ്രദ്ധയാകർഷിച്ചു.
ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിൻ സഹവികാരി ഫാ. റീഗൻ ചാൾസ് എന്നീ വൈദികരുടെ നേതൃത്വത്തിൽ നിയോഗ സമർപ്പണ പ്രാർത്ഥന, ആശിർവാദം എന്നിവയോടെ തങ്ങളുടെ വ്യക്തിപരമായ നിയോഗങ്ങൾ ദൈവസന്നിധിയിൽ സമർപ്പിച്ച ശേഷമാണ് ബൈബിൾ എഴുതാൻ ആരംഭിച്ചത്. പങ്കെടുത്ത ഓരോ വ്യക്തിക്കും പകർത്തിയെഴുതേണ്ട ബൈബിൾ അധ്യായങ്ങൾ മുൻകൂട്ടി നൽകിയിരുന്നു. ബൈബിൾ പകർത്തിയെഴുതുമ്പോൾ അക്ഷരങ്ങളുടെ വലിപ്പത്തിലും എഴുത്തിന്റെ ശൈലിയിലും ഏകീകൃത രൂപം നിലനിർത്താനായി പ്രത്യേകം രൂപകൽപ്പന ചെയ്ത പേപ്പറും പേനയും മുൻകൂട്ടി തയ്യാറാക്കിയിരുന്നു. മതബോധന സമിതിയുടെ നേതൃത്വത്തിൽ പ്രധാനാധ്യപിക റീന ജോസഫ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

