തെക്കേ കൊല്ലങ്കോട്: യുവജനദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും സാമൂഹിക പ്രതിബദ്ധതയോടെ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന തെക്കേ കൊല്ലങ്കോട് കെസിവൈഎം യൂണിറ്റ് ഈ വർഷവും കാരുണ്യ പ്രവർത്തിയുമായി യുവജനദിനം ആഘോഷിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകിയാണ് ഈ വർഷത്തെ ദിനാഘോഷം അർഥവത്താക്കിയത്. പദ്ധതിയുടെ വിജയത്തിനായി സുമനസ്സുകളിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുകയും സഹവികാരി ഫാ. ജസ്റ്റിന്റെ നേതൃത്വത്തിൽ ആക്രി ശേഖരണ ക്യാമ്പയിൻ സംഘടിപ്പിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങളിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് സൈക്കിളുകൾ വാങ്ങിയത്. ജൂലൈ 12-ന് നടന്ന യുവജനദിന ആഘോഷങ്ങളുടെ ഭാഗമായി ദിവ്യബലിക്കുശേഷം മൂന്ന് വിദ്യാർത്ഥികൾക്ക് ഇടവക വികാരി റവ. ഡോ. ഡൈസൺ വൈ സൈക്കിളുകൾ കൈമാറി.

