തിരുവനന്തപുരം: RESURRECTION or EXILE എന്ന തലക്കെട്ടില്‍ തിരുവത്താഴത്തെ വികലമായി ചിത്രീകരിച്ച് ക്രൈസ്തവ വിശ്വാസത്തെ അപമാനിച്ച ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെഎല്‍സിഎ തിരുവനന്തപുരം അതിരുപതയുടെ നേതൃത്വത്തില്‍ ടൈംസ് ഓഫ് ഇന്ത്യ ഓഫീസിനുമുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. തിരുവത്താഴത്തിന്റെ ചിത്രീകരണത്തെ അനുസ്മരിപ്പിക്കുന്ന വിധം രാഷ്ട്രീയ നേതാക്കളെ വരച്ചുചേര്‍ത്ത് ‘ഉയിര്‍ത്തെഴുന്നേല്‍പ്പ് അഥവാ ‘നാടുകടത്തല്‍’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചത് കോടിക്കണക്കിന് ക്രൈസ്തവ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയതായി കെഎല്‍സിഎ രൂപതാ ജനറല്‍ സെക്രട്ടറി സുരേഷ് സേവ്യര്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ക്രൈസ്തവ സമൂഹത്തോട് നിരുപാധികം മാപ്പ് പറയുകയും, മതചിഹ്നങ്ങളെയും വിശ്വാസാചാരങ്ങളെയും അപമാനിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതേതരത്വം എന്നാല്‍ മതങ്ങളെ അപമാനിക്കാനുള്ള ലൈസന്‍സ് അല്ല. അതിരൂപത പ്രസിഡന്റ് സുരേഷ് പീറ്റര്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പാട്രിക് മൈക്കിൾ, ഷാജന്‍ മാര്‍ട്ടിന്‍, രാജു തോമസ്, ഹെന്‍ട്രി വിന്‍സെന്റ്്, ഗ്രേഷ്യസ്, സുശീല, വിന്‍സെന്റ് തുടങ്ങിയവര്‍ സംസാരിച്ചു.

