വലിയതുറ: വലിയതുറ ഫെറോനയിലെ സെൻറ് സേവ്യേഴ്സ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി. ഫെബ്രുവരി 08 ഞായറാഴ്ച നടന്ന പരിപാടിയിൽ ക്ലാസ്സ് ക്രമീകരിച്ചതിനു പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ച് ഇടവക വികാരി ഫാ.ജോർജ് തെള്ളിയാങ്കൽ പങ്കുവച്ചു. റിട്ടയേർഡ് ടെലികോം എഞ്ചിനീയറും, വിദ്യാഭ്യാസ വിദഗ്ധനും, സൈക്കോളജിസ്റ്റുമായ പോൾസൺ ക്ലാസിന് നേതൃത്വം നൽകി. ഉന്നത വിജയം കൈവരിക്കുന്നതിനുണ്ടായിരിക്കേണ്ട ലക്ഷ്യബോധം, സ്വപ്നങ്ങൾ കാണുവാനും അവ യാഥാർഥ്യമാക്കുവാനും നടത്തേണ്ട പരിശ്രമങ്ങൾ, പഠന രീതികൾ, എക്സാം ടിപ്പുകൾ എന്നിവ ക്ലാസ്സിൽ പങ്കുവെച്ചു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികൾ, മതബോധന അധ്യാപകർ, ഫെറോന ആനിമേറ്റർ മേരി ഫാത്തിമ എന്നിവർ സന്നിഹിതരായിരുന്നു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധി ജോൺ ആംസ്ട്രോങ്ങ് സ്വാഗതവും ശുശ്രൂഷ സമിതി കൺവീനർ ഷീബ നന്ദിയും പറഞ്ഞു.

