വത്തിക്കാൻ സിറ്റി: 2025 ലെ ‘പ്രത്യാശയുടെ ജൂബിലി’ വർഷാചരണത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം സീൽ ചെയ്തു. ജനുവരി ആറിന് ലിയോ പാപ്പ കവാടം ഔദ്യോഗികമായി അടച്ചിരുന്നെങ്കിലും ഇഷ്ടികകൾ ഉപയോഗിച്ച് മതിൽ കെട്ടി കവാടം സീൽ ചെയ്യുന്ന പരമ്പരാഗത ചടങ്ങുകൾ ജനുവരി 16 നാണ് പൂർത്തിയായത്.
‘സാൻപിയത്രിനി’എന്നറിയപ്പെടുന്ന വത്തിക്കാനിലെ ജീവനക്കാരാണ് ഇഷ്ടികകൾ ഉപയോഗിച്ച് കവാടം അടച്ചത്. വാതിലിനുള്ളിലെ ഭിത്തിയിൽ ഒരു വെങ്കലപ്പെട്ടി നിക്ഷേപിച്ചിട്ടുണ്ട്. ജൂബിലി വർഷത്തിൽ പുറത്തിറക്കിയ നാണയങ്ങൾ, മെഡലുകൾ, വിശുദ്ധ കവാടത്തിന്റെ താക്കോൽ, ഔദ്യോഗിക രേഖകൾ എന്നിവയാണ് ഇതിനുള്ളിലുള്ളത്. ഭാവിയിൽ വാതിൽ തുറക്കുമ്പോൾ ഈ കാലഘട്ടത്തിന്റെ സാക്ഷ്യപത്രമായി ഇവ മാറും.
സാധാരണഗതിയിൽ 25 വർഷത്തിലൊരിക്കലാണ് വിശുദ്ധ കവാടം തുറക്കുന്നത്. എന്നാൽ ഇത്തവണ 8 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2033-ൽ വാതിൽ വീണ്ടും തുറക്കും. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെയും ഉയിർപ്പിന്റെയും 2000-ാം വാർഷികം പ്രമാണിച്ച് 2033-ൽ നടക്കുന്ന ‘വിമോചനത്തിന്റെ ജൂബിലി’ക്കായാണ് ഈ മാറ്റം.
റോമിലെ മറ്റ് പ്രധാന ബസിലിക്കകളായ സെന്റ് ജോൺ ലാറ്ററൻ, സെന്റ് മേരി മേജർ, സെന്റ് പോൾ ഔട്ട്സൈഡ് ദ വാൾസ് എന്നിവിടങ്ങളിലെ വിശുദ്ധ കവാടങ്ങൾ നേരത്തെ തന്നെ അടച്ചിരുന്നു. കോടിക്കണക്കിന് തീർത്ഥാടകരാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ കവാടങ്ങളിലൂടെ കടന്നുപോയത്.
