വത്തിക്കാൻ: “ജനങ്ങൾക്കിടയിൽ പ്രത്യാശയുടെ മിഷനറിമാർ” എന്ന വിഷയത്തിൽ 2025 ഒക്ടോബർ 19 ഞായറാഴ്ച ആഘോഷിച്ച 99-ാമത് ലോക മിഷൻ ദിനത്തോടനുബന്ധിച്ച്, ആഗോള കത്തോലിക്കാ സഭയുടെ ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ, ഫീദെസ് വാർത്താ ഏജൻസി പ്രസിദ്ധീകരിച്ചു. ലോകത്തിലെ അഞ്ചു ഭൂഖണ്ഡങ്ങളിൽ, കത്തോലിക്കരുടെ എണ്ണം വർധിച്ചുവെന്നുള്ള സന്തോഷകരമായ വാർത്തയാണ് കണക്കുകളിൽ ഏറെ പ്രധാനം. ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നിവയാണ് അവയിൽ മുന്നിലുള്ള മൂന്നു ഭൂഖണ്ഡങ്ങൾ. ലോകത്ത് ആകമാനം 0,1 ശതമാനം വർധിച്ച്, ഇപ്പോൾ ആകെയുള്ള ജനസംഖ്യയുടെ 17,8% കത്തോലിക്കാരാണെന്നുള്ളതും ഏജൻസിയുടെ കണക്കുകൾ എടുത്തുകാണിക്കുന്നു.
കത്തോലിക്കാ സഭയിലെ വൈദികരുടെ എണ്ണം സംബന്ധിച്ച വിവരങ്ങളും, ഏജൻസി പ്രസിദ്ധീകരിച്ചു. ആഫ്രിക്കയിലും ഏഷ്യയിലും മാത്രമാണ് വൈദികരുടെ എണ്ണം വർധിച്ചതെങ്കിൽ, മറ്റു ഭൂഖണ്ഡങ്ങളിൽ വൈദികരുടെ എണ്ണം നന്നേ കുറഞ്ഞുവെന്നുള്ള വിവരവും ഏജൻസി അറിയിച്ചു. ആഫ്രിക്കയിൽ മാത്രം കഴിഞ്ഞ വർഷങ്ങളിൽ, 1451 വൈദികരും, ഏഷ്യയിൽ 1145 വൈദികരും അഭിഷിക്തരായി. ഇപ്പോൾ ആഗോള കത്തോലിക്കാ സഭയിൽ 406.996 വൈദികരാണ് സേവനം ചെയ്യുന്നത്.
എന്നാൽ വൈദിക പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന സന്യസ്തസഭകളിലെയും, രൂപതകളിലെയും അർത്ഥികളുടെ എണ്ണത്തിൽ, ആഫ്രിക്കയിൽ മാത്രമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ, എന്നാൽ 2126 അർത്ഥികൾ കുറഞ്ഞുവെന്ന വിവരവും ഏജൻസി പ്രസിദ്ധീകരിച്ചു. അത്മായരായ മതബോധന അധ്യാപകരുടെയും, മിഷനറിമാരുടെയും എണ്ണത്തിൽ, അമേരിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിൽ ഗണ്യമായ വർദ്ധനവ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതായും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ഏഷ്യയിൽ മാത്രം അത്മായ മിഷനറിമാർ 48444 ആളുകളും, മതാദ്ധ്യാപകർ 372.533 ആളുകളും ആണെന്ന് കണക്കുകൾ എടുത്തുകാണിക്കുന്നു.

