തിരുവനന്തപുരം: 67-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരങ്ങളുടെ ഗ്രൂപ്പ് വൺ മത്സരങ്ങളിൽ തിരുവനന്തപുരം സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ജിംനാസ്റ്റിക്‌സ് ടീം തുടർച്ചയായി നാലാം വർഷവും സംസ്ഥാന ചാമ്പ്യന്മാരായി. ടീമംഗങ്ങളുടെ മികച്ച പരിശീലനവും പ്രകടനവുമാണ് ഈ സ്കൂളിനെ വീണ്ടും ഈ അപൂർവ നേട്ടത്തിന് അർഹമാക്കിയത്.സബ് ജൂനിയർ വിഭാഗത്തിൽ 8-ാം ക്ലാസ് വിദ്യാർത്ഥികളായ ഹരിഗോവിന്ദ് 5 സ്വർണവും 1 വെള്ളിയും നേടി ഓവറോൾ ചാമ്പ്യനും രോഹിത് 1 സ്വർണം, 1 വെള്ളി, 2 വെങ്കലം എന്നിവ നേടിനേടി രണ്ടാം ഓവറോൾ ചാമ്പ്യനുമായി. 7-ാംക്ലാസ് വിദ്യാർത്ഥി ഇഷാൻ രാജ് 2 വെള്ളിയും 3 വെങ്കലവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ 10-ാം ക്ലാസ് വിദ്യാർത്ഥി ശ്രീരാഗ് എസ് രാജേഷ് 2 സ്വർണം, 3 വെള്ളി, 1 വെങ്കലം നേടി രണ്ടാം ഓവറോൾ ചാമ്പ്യനായി. 9-ാം ക്ലാസ് വിദ്യാർത്ഥികളായ ശിവപാൽ ജെ, ആദർശ് എസ്,റിയാൻ അലി കെ.പി എന്നിവരുടെയും എട്ടാം ക്ലാസ് വിദ്യാർഥി നിബിൻ സാമിന്റെയും പ്രകടനങ്ങൾ വിജയത്തിന് കരുത്ത് നൽകി.
സീനിയർ വിഭാഗത്തിൽ 12-ാം ക്ലാസിലെ മിൻഹാജ് എസ് സാജ് 5 സ്വർണം, 1 വെള്ളി നേടി ഓവറോൾ ചാമ്പ്യനായപ്പോൾ +1 വിദ്യാർത്ഥി ഡിബിൻ ബി.എസ് 1വെള്ളിയും 1 വെങ്കലവും കരസ്ഥമാക്കി. സംസ്ഥാന മത്സരങ്ങളിൽ വിജയികളായവരെ സ്കൂൾ മാനേജർ ഫാ. ജെറോം അൽഫോൺസ്, സ്കൂൾ പ്രിൻസിപ്പൽ സുനിൽകുമാർ മൊറൈസ്, ഹെഡ്മാസ്റ്റർ ഷമ്മി ലോറൻസ്, ഫിസിക്കൽ എജുക്കേഷൻ അധ്യാപകരായ മനോജ് സേവ്യർ, ജോൺ ബോസ്കോ എന്നിവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. കേരള ടീമിൽ ഇടം നേടിയ സെൻറ് ജോസഫ് സ്കൂളിലെ ഒൻപത് താരങ്ങൾ മിൻഹാജ് എസ്. സാജ്, ബിബിൻ ബി.എസ്, ശ്രീരാഗ് എസ് രാജേഷ്, ശിവപാൽ ജെ, ആദർശ് എസ്, റിയാൻ അലി കെ.പി, ഹരിഗോവിന്ദ് ജി.ആർ, രോഹിത് ആർ.ജി, ഇഷാൻ രാജ് സി. എന്നിവർ ദേശീയ സ്കൂൾ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിക്കും.