വലിയവേളി: വലിയവേളി ഇടവകയിൽ അൽമായ ശുശ്രൂഷ സമിതി നേതൃസംഗമം നടത്തി. ഇടവക വികാരി ഫാദർ ജോസഫ് ബാസ്റ്റിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോ ഉദ്ഘാടനം ചെയ്തു. ഫെറോന വൈദിക കോഡിനേറ്റർ ഫാ. ടോണി ഹാംലെറ്റ് ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ‘സഭയിൽ അൽമായർക്കുള്ള ദൗത്യം’ എന്ന വിഷയത്തെക്കുറിച്ച് ഫാ. ബീഡ് മനോജ് ക്ലാസ് നയിച്ചു. വിവിധ സമുദായ സംഘടനകളുടെ ഏകോപനത്തിലൂടെ സമുദായ ശാക്തീകരണവും, ഭക്തസംഘടനകളുടെ ഏകോപനത്തിലൂടെ സഭാ പ്രവർത്തനങ്ങളുടെ പങ്കാളിത്തവും, തൊഴിലധിഷ്ഠിത ഫോറങ്ങളുടെ രൂപീകരണത്തിലൂടെ വിദ്യാഭ്യാസ സാമ്പത്തിക പുരോഗതിയും കൈവരിക്കുകയെന്നത് അൽമായ ശുശ്രൂഷയുടെ ലക്ഷ്യമാണെന്ന് അച്ഛൻ വ്യക്തമാക്കി.
തുടർന്ന് ഇടവകയുടെ പശ്ചാത്തലത്തിൽ അൽമായ ശുശ്രൂഷ നേതൃത്വത്തിന്റെ ശാക്തീകരണം, ഭക്തസംഘടനകളിലെ പങ്കാളിത്തവും ആത്മീയ നവീകരണവും, അവകാശ പോരാട്ടങ്ങളും സമുദായ സംഘടനകളും എന്നീവിഷയങ്ങളിൽ ചർച്ച നടന്നു. സംഗമത്തിന് ഇടവക കൺവീനർ മാഗ്ലിൻ അലോഷ്യസ് സ്വാഗതം അർപ്പിച്ചു. ഫെറോന ആനിമേറ്റർ ലിസി ബനഡിക്ട്, ജെയിംസ് എ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി വിജി രാജു നന്ദിഅർപ്പിച്ചു. ഇടവക ജീസസ് യൂത്ത് അംഗങ്ങളുടെ കലാപരിപാടിയും അരങ്ങേറി.

