കണ്ണാന്തുറ: വലിയതുറ ഫെറോന കുടുംബ ശുശ്രൂഷയുടെ നേതൃത്വത്തിൽ ‘കുടുംബ വേദി’ എന്ന പരിശീലന പരിപാടി ജൂൺ 28 ശനിയാഴ്ച കണ്ണാന്തുറ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തി. ഇടവകതല കുടുംബശുശ്രൂഷ ഭാരവാഹികൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. വിശ്വാസ വളർച്ചയിലൂടെ കുടുംബങ്ങൾ മുന്നേറുമ്പോൾ ഈ സമൂഹവും ലോകവും സുന്ദരമായി തീരുമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഫെറോന ആനിമേറ്റർ സിസ്റ്റർ ജീന സ്വാഗതമേകി.
ഉദ്ഘാടന സമ്മേളനത്തിനുശേഷം അതിരൂപത കുടുംബശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയാസ് പരിശീലന ക്ലാസിന് നേതൃത്വം നല്കി. കുടുംബ ശുശ്രൂഷ പ്രവർത്തകരുടെ കടമകളും ഉത്തരവാദിത്തങ്ങളും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് വിവിധ ഫോറങ്ങൾ രൂപീകരിച്ചു. കണ്ണാന്തുറ ഇടവക വികാരി ഫാ. ടൈറ്റസ് സന്നിഹിതനായിരുന്നു. കുടുംബ ശുശ്രൂഷ കോഡിനേറ്റർ ഫാ. അജയ് കൃതജ്ഞതയേകി.