ഫ്രാൻസ്: കേരളത്തിലെ കപ്പലപകടങ്ങളും മാലിന്യ പ്രശ്നങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ ലോക കടൽസമ്മേളനത്തിൽ അവതരിപ്പിച്ച് തിരുവനന്തപുരം തീരത്തെ പരിസ്ഥിതി പ്രവർത്തകനായ റോബർട്ട് പനിപ്പിള്ളയും ഗവേഷകനായ കുമാർ സഹായരാജുവും. ഫ്രാൻസിലെ നീസിൽ നടക്കുന്ന United Nations Ocean Conference-ലെ പ്രധാന വേദികളിൽ ഒന്നായ ഗ്രീൻ സോണിൽ സിവിൽ സോസൈറ്റി ഓർഗനേഷനുകൾക്ക് വിഷയങ്ങൾ അവതരിപ്പിക്കാനുള്ള ഓഷ്യൻ ബേയ്സ് ക്യാമ്പിലാണ് ഇരുവരും വിഷയം അവതരിപ്പിച്ചത്. Friends of Marine Life-നെ പ്രതിനിധീകരിച്ചാണ് ഇരുവരും സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

രണ്ടാഴ്ചയ്ക്കിടെ ഉണ്ടായ രണ്ട് കപ്പലപകടങ്ങളും കേരളത്തിന്റെ കടലിനെയും തീരത്തെയും പരിഹരിക്കാനാവാത്ത വിധം മലിനമാക്കിയിരിക്കുകയാണ്. അടിക്കടി ഉണ്ടാവുന്ന കപ്പൽ അപകടങ്ങളിലൂടെ സമുദ്രവും തീരവും മലീമസമാകുമ്പോൾ അതിന്റെ കാരണക്കാരെ കണ്ടെത്തി നിയമ നടപടികൾ എടുക്കാനും ശിക്ഷിക്കാനും കഴിയാത്ത വിധം അന്താരാഷ്ട്ര മാരി ടൈം നിയമങ്ങൾ അപര്യാപ്തമാണെന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ സംഭവം. അതിനാൽ UN അടിയന്തിരമായി ഇടപെട്ട് പ്ലാസ്റ്റിക്, കെമിക്കൽ മാലിന്യങ്ങൾ കടലിൽ അകപ്പെടാനിടയായാൽ ഒന്നുകിൽ അത് നിർമിക്കുന്ന കമ്പനിയെയോ അല്ലെങ്കിൽ അത് ട്രാൻസ്‌പോർട് ചെയ്യുന്ന കമ്പനിയെയോ ശിക്ഷിക്കാനും അതിലൂടെ ദുരിതം അനുഭവിക്കേണ്ടി വരുന്ന കടൽ ആവാസ ഇടങ്ങളെയും ജീവജാലങ്ങളെയും ഒപ്പം കടലിനെ ഉപജീവനത്തിനായി ഉപയോഗിക്കുന്ന സമൂഹത്തെയും സംരക്ഷിക്കാൻ ഉതകുന്നതിന് ഉത്തരവാദിത്തപ്പെട്ടവരെ നിർബന്ധിക്കുന്നതുമായ നിയമങ്ങൾ ഉണ്ടാവണമെന്ന് തീരത്തിന്റെ മക്കളായ റോബർട്ട് പനിപ്പിള്ളയും കുമാർ സഹായരാജുവും UN വേദിയിൽ ആവശ്യപ്പെട്ടു.
