ആധുനിക ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധ എന്ന് പത്താം പീയൂസ് പാപ്പ വിശുദ്ധ കൊച്ചുത്രേസ്യായ വിശേഷിപ്പിച്ചു. വിശുദ്ധ കൊച്ചുത്രേസ്യയുടെ കുറുക്കുവഴി വിശുദ്ധിയിലേക്ക് മനുഷ്യനെ നയിക്കുന്ന തെറ്റു പറ്റാത്ത പാതയാണ്. ശിശു സഹജമായ നിഷ്കളങ്കത, ആത്മാർത്ഥമായ സ്നേഹം,അടിയുറച്ച ദൈവാശ്രയം, ലാളിത്യം, എളിമ, ദാരിദ്ര്യം,ശിശുവിന്റെ മുഖമുദ്ര എന്നിവയൊക്കെയാണ് ആദ്യാത്മിക ശിശുത്വത്തിന്റെ കാതൽ. തിരുവനന്തപുരം രൂപതയുടെ സ്വർഗീയ മധ്യസ്ഥയും ആഗോള മിഷണറിമാരുടെ മധ്യസ്ഥയുമായ വിശുദ്ധ കൊച്ചുത്രേസ്യ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ശതാബ്ദി ഇന്ന് (മേയ് 17, 2025) ആഘോഷിക്കുമ്പോൾ വിശുദ്ധയെ കൂടുതലറിയാൻ പരിശ്രമിക്കാം. സ്വർഗത്തിലേക്ക് പ്രവേശിക്കാൻ വിശുദ്ധ കാണിച്ചുതന്ന കുറുക്കുവഴികളെ അറിയുകയും ധ്യാനിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യാം.
ചെറുപുഷ്പം എന്ന് പേരിൽ അറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യ 1873 ജനുവരി രണ്ടിന് ഫ്രാൻസിലെ അലൻകോണിൽ ജനിച്ചു. തെരേസക്ക് നാല് വയസുള്ളപ്പോൾ അമ്മ മരിച്ചുപോയി. ഒരു മാതൃകാ ക്രിസ്തീയ കുടുംബത്തിലാണ് അവൾ വളർന്നത്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ കന്യാമഠജീവിതം അവളെ ആകർഷിച്ചിരുന്നു. പതിനഞ്ചാമത്തെ വയസിൽ കർമലീത്ത മഠത്തിൽ ചേരുവാൻ അനുവാദം ലഭിച്ചു. സാധാരണ ദൈനംദിന ജോലികൾ പരിപൂർണ വിശ്വാസത്തോടെ ചെയ്തും ദൈവത്തിന്റെ പരിപോഷണത്തിലും കാരുണ്യസ്‌നേഹത്തിലും നിഷ്‌കളങ്കമായ കുഞ്ഞിന്റേതുപോലുള്ള മനോഭാവത്തിലും സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയിലും അവൾ വിശുദ്ധിയുടെ ഉന്നതശ്രേണിയിലെത്തി. സഭയോട് ഏറെ സ്‌നേഹവും ജനങ്ങളെ സഭയിലേക്ക് ചേർക്കുവാൻ അതിയായ ആവേശവും അവർ പുലർത്തിയിരുന്നു. ഇരുപത്തിനാലാം വയസിൽ 1897 സെപ്റ്റംബർ 30-ന് ക്ഷയരോഗംമൂലം അവൾ നിര്യാതയായി. 1925 മേയ് 17-ന് വിശുദ്ധയായി ഉയർത്തി. ഒരു മിഷനറിയാകാൻ അതിയായി ആഗ്രഹിച്ച ത്രേസ്യായെ 1928-ൽ പതിനൊന്നാം പീയൂസ് പാപ്പ മിഷണറിമാരുടെ മധ്യസ്ഥയായി പ്രഖ്യാപിച്ചു. 1997-ൽ പോപ്പ് ജോൺപോൾ രണ്ടാമൻ, വിശുദ്ധയ്ക്കു വേദപാരംഗതയുടെ (ഡോക്ടർ ഓഫ് ദി ചർച്ച്) പദവി നൽകി ബഹുമാനിച്ചു.
വിശുദ്ധ കൊച്ചുത്രേസ്യ ഈ ഭൂമിയില്‍ താന്‍ ജീവിച്ചിരുന്ന ഹ്രസ്വമായ കാലഘട്ടംകൊണ്ട് (26 വയസ്) അനേക കോടി ആത്മാക്കളെ നേടിയതും സ്വര്‍ഗത്തിന്റെ ഉന്നത തലങ്ങളിലേക്ക് എടുക്കപ്പെട്ടതും ഈശോയുടെ തിരുഹൃദയത്തിലേക്കുള്ള തന്റെ കൊച്ചുകൊച്ചു കുറുക്കുവഴികളിലൂടെയാണ്. ഈ കുറുക്കുവഴികള്‍ പ്രേഷിത തീക്ഷ്ണതയുള്ള ഏതൊരു വ്യക്തിക്കും ഏതൊരവസരത്തിലും സ്ഥലകാല ഭേദമെന്യേ പിന്‍ചെല്ലാവുന്നതുമാണ്.
വിശുദ്ധ കൊച്ചുത്രേസ്യ ഒരു ക്ഷയരോഗി ആയിരുന്നു. അതുകൊണ്ടുതന്നെ തീവ്രതയേറിയ തപശ്ചര്യകളോ പ്രായശ്ചിത്ത പ്രവൃത്തികളോ നോമ്പോ ഉപവാസമോ ദീര്‍ഘനേരത്തെ പ്രാര്‍ത്ഥനകളോ ഒന്നും അവള്‍ക്ക് അനുവദനീയമല്ലായിരുന്നു. അതിനാല്‍ ആ രീതിയിലൂടെയൊന്നും ആത്മാക്കളെ യേശുവിന് നേടിക്കൊടുത്തുകൊണ്ട് ക്രൂശിതനായ കര്‍ത്താവിന്റെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ദാഹം ശമിപ്പിക്കുവാന്‍ അവള്‍ക്ക് സാധിക്കുകയുമില്ലായിരുന്നു. തന്‍മൂലം അവള്‍ തന്റെ കൊച്ചുബുദ്ധിയില്‍ കണ്ടെത്തിയതാണ് സ്വര്‍ഗത്തിലേക്കുള്ള കുറുക്കുവഴികള്‍. ഈ കുറുക്കുവഴികൾ വിശുദ്ധയുടെ ജീവിതത്തിൽനിന്നും ഏതൊരു വ്യക്തിക്കും വളരെ ലളിതമായി മനസിലാക്കാനും പകർത്തിവാനും സാധിക്കുന്നതാണ്.
അഴുക്കുവെള്ളം ആത്മാക്കളുടെ രക്ഷയ്ക്ക്
ഒരിക്കല്‍ വിശുദ്ധ കൊച്ചുത്രേസ്യ സ്വന്തം വസ്ത്രങ്ങള്‍ അലക്കുകല്ലില്‍ കഴുകി വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ കൊച്ചുത്രേസ്യായെ തീരെ ഇഷ്ടമില്ലാത്ത മറ്റൊരു കന്യാസ്ത്രീ കൊച്ചുത്രേസ്യായുടെ മുഖത്തേക്ക് താന്‍ അലക്കുന്ന വസ്ത്രങ്ങളില്‍നിന്നുള്ള അഴുക്കുവെള്ളം വീഴാന്‍ പാകത്തിന് പ്രതികാരബുദ്ധിയോടെ അലക്കിക്കൊണ്ടിരുന്നു. ആദ്യനിമിഷം ഏതൊരു മനുഷ്യവ്യക്തിയെയുംപോലെ ശ്രദ്ധിച്ച് അലക്കുവാന്‍ മറ്റേ കന്യാസ്ത്രീയോടു പറയുവാനും അലക്കുനിര്‍ത്തി അവിടെനിന്നും മാറിപ്പോകുവാനുമാണ് കൊച്ചുത്രേസ്യയ്ക്ക് തോന്നിയത്. എന്നാല്‍ അടുത്ത നിമിഷത്തില്‍ അവളത് സ്വര്‍ഗത്തിലേക്ക് അനേകം ആത്മാക്കളെ നേടുവാനുള്ള ഒരു കുറുക്കുവഴിയായി സ്വീകരിച്ചു. പുഞ്ചിരിച്ചുകൊണ്ട്, സ്‌നേഹത്തോടുകൂടി ‘യേശുവേ അങ്ങയോടുള്ള സ്‌നേഹത്തെപ്രതി അനേകം ആത്മാക്കളുടെ രക്ഷയ്ക്ക്’ എന്നു പറഞ്ഞ് അവളത് യേശുവിന്റെ തിരുഹൃദയത്തില്‍ സമര്‍പ്പിച്ചു. മാത്രമല്ല, അവള്‍ ആ കന്യാസ്ത്രീ സഹോദരിക്ക് സ്‌നേഹത്തോടെ നല്ലൊരു പുഞ്ചിരി സമ്മാനിച്ചു. പിന്നീട് പല ദിവസങ്ങളിലും ഈ സംഭവം ആവര്‍ത്തിച്ചിരുന്നുവെന്നും അപ്പോഴൊക്കെ കൂടുതല്‍ അഴുക്കുവെള്ളം തന്റെ മുഖത്ത് പതിക്കാന്‍ തക്കവിധത്തില്‍ കൊച്ചുത്രേസ്യ അവള്‍ക്ക് അഭിമുഖമായി നിന്നുകൊടുക്കുമായിരുന്നു എന്നുമാണ് ചരിത്രം പറയുന്നത്. ഈ അനുഭവത്തിലൂടെ കൊച്ചുത്രേസ്യ എത്രയേറെ ആത്മാക്കളെ നേടിയിട്ടുണ്ടാകും! ഒന്നോര്‍ത്തുനോക്കൂ, ഇതുപോലുള്ള എത്രയോ അവസരങ്ങള്‍ നാം നഷ്ടപ്പെടുത്തിക്കളഞ്ഞു.
അലങ്കോലമായ കിടപ്പുമുറി
വിശുദ്ധ കൊച്ചുത്രേസ്യ വലിയ അടുക്കും ചിട്ടയുമുള്ളവളായിരുന്നു. എന്നാല്‍ കൂടെ ഉണ്ടായിരുന്ന സഹസന്യാസിനികളില്‍ പലരും അങ്ങനെ അല്ലായിരുന്നു. ഉടുപ്പുകള്‍ മാറിയതിനുശേഷം മടക്കി അയയില്‍ ഇടാതെ അലങ്കോലപ്പെടുത്തി കിടക്കയില്‍ തള്ളിയിട്ടിട്ടുപോവുക എന്നത് അവരില്‍ ചിലരുടെ പതിവായിരുന്നു. ആദ്യമാദ്യം കൊച്ചുത്രേസ്യക്കത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമായിരുന്നു. എന്നാല്‍ പിന്നീട് ഹൃദയത്തില്‍ ഈശോയോടുള്ള സ്‌നേഹം നിറച്ച് ‘ഈശോയേ, അങ്ങയോടുള്ള സ്‌നേഹത്തെപ്രതി അനേകം ആത്മാക്കളുടെ രക്ഷയ്ക്ക് ‘ എന്ന് ഹൃദയത്തില്‍ മന്ത്രിച്ചുകൊണ്ട് അവള്‍ മറ്റുള്ളവര്‍ അലങ്കോലപ്പെടുത്തിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ മടക്കി അയയിലിടും. മറ്റുള്ളവര്‍ ചിതറിച്ചിട്ടിരിക്കുന്ന സാധനങ്ങള്‍ യഥാസ്ഥാനത്ത് അടുക്കിവയ്ക്കും. അതേക്കുറിച്ചൊന്നും മേലധികാരികളോട് പരാതിപ്പെടുകയില്ല. കൊച്ചുത്രേസ്യയുടെ മനസിന് കൂടുതല്‍ അസ്വസ്ഥത വിതയ്ക്കാന്‍ സഹസന്യാസിനികളില്‍ ചിലര്‍ കൂടുതല്‍ കൂടുതല്‍ അലങ്കോലങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഈ അലങ്കോലങ്ങളെയെല്ലാം അവള്‍ ക്ഷമയോടെ സ്വീകരിച്ച് അനേകം ആത്മാക്കളുടെ രക്ഷയ്ക്കായി സമര്‍പ്പിച്ചു.
നിത്യേനയുള്ള ശകാരം
വിശുദ്ധ കൊച്ചുത്രേസ്യ ക്ഷയരോഗി ആയിരുന്നതുകൊണ്ട് ഭാരപ്പെട്ട പണികളൊന്നും അവളെ ഏല്പ്പിച്ചിരുന്നില്ല. അധികം കുനിഞ്ഞുനിവരല്‍ ആവശ്യമില്ലാത്ത നിവര്‍ന്നുനിന്നുകൊണ്ടുള്ള ചുക്കിരി തൂക്കല്‍, അള്‍ത്താര അലങ്കരിക്കല്‍ എന്നിങ്ങനെയുള്ള കൊച്ചുകൊച്ചു പണികളായിരുന്നു അവളെ ഏല്‍പിച്ചിരുന്നത്. എന്നാല്‍ അനാരോഗ്യംകൊണ്ടും ദൈവനിയോഗംകൊണ്ടുമാകാം വളരെ ശ്രദ്ധയോടെ ചുക്കിരി തൂത്തുകഴിഞ്ഞാലും എവിടെയെങ്കിലും അല്പസ്വല്പം അവശേഷിക്കുക നിത്യസംഭവമായിരുന്നു. ഈ ചുക്കിരിവലകളെപ്രതി അവള്‍ എന്നും മഠാധിപയുടെ ശകാരം കേട്ടിരുന്നു. മാത്രമല്ല മഠാധിപ ഉദ്ദേശിക്കുന്ന രീതിയില്‍ തികവോടെ അള്‍ത്താരയില്‍ പൂക്കളലങ്കരിക്കാന്‍ അവള്‍ക്ക് മിക്കപ്പോഴും കഴിഞ്ഞിരുന്നുമില്ല. അതിനും ശകാരം മേടിക്കുക എന്നത് നിത്യസംഭവമായിരുന്നു. ഓരോ ശകാരം കേള്‍ക്കുമ്പോഴും അവള്‍ എളിമപ്പെട്ട് മഠാധിപയുടെ മുമ്പില്‍ മുട്ടുകുത്തി നിലം ചുംബിച്ചുകൊണ്ട് മാപ്പു പറയും. ഇനിയും ആവര്‍ത്തിക്കാതെ ശ്രദ്ധിച്ചുകൊള്ളാം എന്ന് വാക്കുകൊടുക്കും. എന്നാല്‍ സര്‍വ്വാത്മനാ ആഗ്രഹിച്ചിട്ടും ആ വാക്കു പാലിക്കാന്‍ അവള്‍ക്ക് സാധിച്ചിരുന്നില്ല. വീണ്ടും വീണ്ടും എളിമപ്പെടാന്‍ തക്കവിധം വീണ്ടും ജോലിയില്‍ കുറവുകള്‍ വരാനും ശകാരം കേള്‍ക്കാനും ഓരോ ദിവസവും ദൈവം അവള്‍ക്കിടവരുത്തിയിരുന്നു.
ആദ്യമാദ്യം ദിവസേനയുള്ള ഈ എളിമപ്പെടല്‍ അവള്‍ക്ക് വളരെ വേദനാജനകമായിരുന്നു. എന്നാല്‍ പിന്നീടവള്‍ അത് അവള്‍ക്കു മാത്രമല്ല, അനേക കോടി പാപികള്‍ക്കുവേണ്ടി സ്വര്‍ഗത്തിലേക്കുള്ള കുറുക്കുവഴിയായി കണ്ടുപിടിച്ചു! ‘ഈശോയേ, അങ്ങയോടുള്ള സ്‌നേഹത്തെപ്രതി അനേക കോടി ആത്മാക്കള്‍ക്ക്’ എന്നു പറഞ്ഞവള്‍ കാഴ്ചവച്ചപ്പോള്‍ സ്വര്‍ഗം അത് അംഗീകരിച്ചാശീര്‍വദിച്ചു. അതുകൊണ്ടാണ് അനേകം ഗജഗംഭീരരായ വിശുദ്ധാത്മാക്കള്‍ സഭയിലുണ്ടായിട്ടും കുറുക്കുവഴികളുമായി സ്വര്‍ഗത്തിലെത്തിയ ക്ഷയരോഗിയായ ഈ കൊച്ചുകന്യാസ്ത്രീയെ സഭയുടെ പ്രേഷിത മധ്യസ്ഥയായി നാം അംഗീകരിച്ചു വണങ്ങുന്നത്.
വിശുദ്ധ കൊച്ചുത്രേസ്യ എവിടെയും പോയി സുവിശേഷം പറഞ്ഞില്ല. വലിയ മധ്യസ്ഥ പ്രാര്‍ത്ഥനായജ്ഞങ്ങള്‍ നടത്തിയില്ല. പരിശുദ്ധ മാതാവിനോട് വലിയ ഭക്തിയും സ്‌നേഹവും ഉള്ളവളായിരുന്നെങ്കിലുംപലവിചാരംകൂടാതെ ഭക്തിയോടെ ജപമാല ചൊല്ലാന്‍ അവള്‍ ക്ലേശിച്ചിരുന്നുവെന്ന് തന്റെ സ്വയംകൃത ചരിത്രമായ നവമാലികയില്‍ എഴുതിവച്ചിരിക്കുന്നു. വിശുദ്ധ കൊച്ചുത്രേസ്യയുടെ ഈ മാതൃക നമുക്കും പിന്‍ചെന്നുകൂടേ? ‘ഇതാ ലോകമെങ്ങും പോയി സുവിശേഷമറിയിക്കുവിന്‍’ എന്ന സുവിശേഷദൗത്യം സഭയിലെ ഓരോ അംഗത്തിനുമാണ് യേശു തന്റെ സ്വര്‍ഗാരോഹണത്തിനുമുമ്പ് ഭരമേല്പിച്ചത്. വളരെയേറെ ആഗ്രഹിച്ചിട്ടും സുവിശേഷവേല ചെയ്യാന്‍ കഴിയാതെ പ്രതികൂലങ്ങളില്‍പെട്ട് ഞെരുങ്ങുന്ന അനേകര്‍ ഇന്നീ ലോകത്തിലുണ്ട്. എന്നാല്‍ അധികമാരുംതന്നെ വിശുദ്ധ കൊച്ചുത്രേസ്യായുടെ പ്രേഷിതവഴി പിന്‍ചെല്ലുന്നില്ല എന്നതാണ് വേദനാജനകമായ സത്യം. ഓരോവ്യക്തിയുടെയും ജീവിതത്തിലെ ചെറിയ ചെറിയ സഹനങ്ങൾപോലും സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് വിശുദ്ധിയുടെ വാതിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിത മാതൃക നമുക്കും ജീവിതത്തിൽ പകർത്താം. സ്വർഗ്ഗത്തിലേക്കുള്ള കുറുക്കുവഴിയിലൂടെ നമുക്കും സഞ്ചരിക്കാം.