ആധുനിക ലോകത്തിനു വേണ്ടത് കരുണയും സ്നേഹവുമാണന്ന് ആവർത്തിച്ചു പ്രഘോഷിച്ച സമാധാനത്തിന്റെ പ്രവാചകനാണു ദൈവത്തിന്റെ തിരുസന്നിധിയിലേക്കു മടങ്ങിയത്. ലോകത്തിനുള്ള വലിയ അനുഗ്രഹമായിരുന്നു ഫ്രാൻസിസ് പാപ്പ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ലോകത്തെ കണ്ണീരിലാഴ്ത്തുന്നു.സുവിശേഷത്തിലെ ഈശോയെ ജീവിതത്തിൽ സ്വാംശീകരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പ്രത്യാശയുടെ സന്ദേശമാണു സ്വന്തം ജീവിതത്തിലൂടെ പകർന്നു നൽകിയത്. സഭാ സമൂഹത്തിനും ലോകത്തിനും പുതിയ ജീവതശൈലി അദ്ദേഹം സംഭാവന ചെയ്തു. കരുണവറ്റി ഊഷരമായ ഭൂമിയിൽ സ്നേഹത്തിന്റെ നീർച്ചാലുകളൊഴുക്കി. അദ്ദേഹം ഇടപെടുന്ന രീതിയും പ്രവർത്തന ശൈലിയും അനുകരിക്കാവുന്നതാണ്. ലോകം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കഠിനമായി പ്രാർഥിച്ചു. ദുരിതങ്ങളിലൂടെ കടന്നു പോകുന്നവർക്ക് ഒപ്പം നിന്നു.
പാപ്പയായി ചുമതലയേറ്റ ദിവസം വിശ്വാസികളെ അനുഗ്രഹിക്കേണ്ടതിനു പകരം വിശ്വാസികളോട് തന്നെ അനുഗ്രഹിക്കാൻ ആവശ്യപ്പെട്ട് അവർക്കു മുൻപിൽ തലതാഴ്ത്തി നിന്നാണു ഫ്രാൻസിസ് പാപ്പ വ്യത്യസ്തനായത്. ജനങ്ങളിലുള്ള ഈശ്വര ചൈതന്യത്തിന്റെ അനുഗ്രഹമാണ് അദ്ദേഹം തേടിയത്. യൂറോപ്യൻ വേരുകളുള്ള ലാറ്റിൻ അമേരിക്കൻ ജീവിതം അടുത്തറിഞ്ഞ പാപ്പയ്ക്കു ലോകരാജ്യങ്ങളുടെ അവസ്ഥയും ജീവിതത്തിന്റെ പ്രയാസങ്ങളും പോരാട്ടങ്ങളും അന്യമായിരുന്നില്ല. സഹവർത്തിത്വത്തിന്റെ സന്ദേശമാണ് അദ്ദേഹം നൽകിയത്. 2015-ൽ ലോകം നേരിടുന്ന കാലാവസ്ഥ പ്രതിസന്ധികളെ പരിഗണിച്ച് പ്രസിദ്ധീകരിച്ച ‘അങ്ങേക്ക് സ്തുതി’ എന്ന ചാക്രിക ലേഖനം പരിസ്ഥിതി പ്രവർത്തകർക്കു വലിയ ആവേശമാണ് നൽകിയത്.
കോവിഡ് മഹാമാരിയിൽ ലോകം പകച്ചു നിൽക്കുമ്പോൾ പോപ്പ് ഫ്രാൻസിസ് സന്ധ്യാസമയങ്ങളിൽ സെൻറ് പീറ്റേഴ്സ് ബസലിക്കയുടെ മുന്നിൽ വന്ന് ആശങ്കാകുലമായ ലോകത്തെ മുഴുവൻ സമർപ്പിച്ച് പ്രാർഥിക്കുന്നത് പതിവായിരുന്നു. സഭാ സ്ഥാപനങ്ങൾ നവീകരിക്കപ്പെടേണ്ടതാണെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. കുടിയേറ്റക്കാരോടും പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന ജനതകളോടും കാണിച്ച കരുണയുടെയും കരുതലിന്റെയും സഹാനുഭൂതിയുടെയും സമീപനം പാപ്പായെ വ്യത്യസ്തനാക്കുന്നു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രവാചകൻ