വത്തിക്കാന്‍ സിറ്റി: ആധുനിക ലോകത്തിന് വേണ്ടത് കരുണയും സ്നേഹവുമാണന്ന് ആവര്‍ത്തിച്ച് പ്രഘോഷിച്ച സമാധാനത്തിന്റെ സ്വര്‍ഗീയ ദൂതന്‍ മഹാ കരുണാമയനായ ദൈവത്തിന്റെ തിരുസന്നിധിയിലേക്ക് മടങ്ങി. കരുണ വറ്റി ഊഷരമായ ഭൂമിയില്‍ സ്നേഹത്തിന്റെ നീര്‍ച്ചാലുകളൊഴുക്കിയ ഫ്രാന്‍സിസ് പാപ്പയുടെ അപ്രതീക്ഷിത ദേഹവിയോഗം ലോകത്തെ കണ്ണീരിലാഴ്ത്തി. എണ്‍പത്തെട്ട് വയസായിരുന്നു അദേഹത്തിന്. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം രാവിലെ 7.35 നാണ് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ സ്വര്‍ഗീയ യാത്രയായത്.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ നാല്‍പതോളം ദിവസം അദേഹം ചികിത്സയിലായിരുന്നു. പിന്നീട് രോഗമുക്തനാവുകയും അനാരോഗ്യവാനാണെങ്കിലും വിശ്വാസികളെ ആശീര്‍വദിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ 9:45 ന് കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫാരെൽ, ഫ്രാൻസിസ് പാപ്പയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ബെനഡിക്ട് പതിനാറാമന്‍ പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 13 നാണ് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് പാപ്പ ചുമതലയേറ്റത്. എ.ഡി 1540 ല്‍ സ്ഥാപിതമായതും സഭയിലെ ഇന്നത്തെ ഏറ്റവും വലിയ സന്യാസ സമൂഹവുമായ ഈശോ സഭയില്‍ നിന്നുള്ള ആദ്യ പാപ്പയും അമേരിക്കന്‍ വന്‍കരകളില്‍ നിന്ന് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയുമാണ് ഫ്രാന്‍സിസ് പാപ്പ. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ തന്റെ വ്യത്യസ്ഥമായ ചിന്താ ധാരകളിലൂടെയും പ്രവര്‍ത്തന ശൈലിയിലൂടെയും ലോകത്തെ അത്ഭുതപ്പെടുത്തിയ ആത്മീയ ആചാര്യനാണ് വിട പറഞ്ഞത്.
ദരിദ്രരോടുള്ള പക്ഷം ചേരല്‍ സഭയുടെ ദൗത്യമായി പ്രഖ്യാപിച്ചതാണ് അതില്‍ ഏറെ ശ്രദ്ധേയമായത്. ‘തെരുവുകളിലെ രോദനം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം ലോകത്തിന് സമ്മാനിച്ചത് വലിയ പ്രത്യാശ ആയിരുന്നു. പ്രഖ്യാപനം മാത്രമല്ല, മാതൃകയായി ധീരമായ തുടര്‍ നടപടികളും അദേഹം കൈക്കൊണ്ടു. ചരിത്രത്തില്‍ സഭ ചെയ്ത തെറ്റുകള്‍ക്ക് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ ലോകത്തോട് മാപ്പ് പറഞ്ഞിരുന്നു. ഇതില്‍ നിന്ന് മുന്നോട്ടു പോയി വര്‍ത്തമാന കാലത്തെ ശുദ്ധീകരിക്കുക എന്ന ദൗത്യമാണ് ഫ്രാന്‍സിസ് പാപ്പ ഏറ്റെടുത്തത്. ആഗോളവല്‍ക്കരണവും നവ ഉദാരവല്‍ക്കരണവും വിനാശം വിതച്ച ലോകത്തിന്റെ വിമോചനത്തിനായി നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നതായിരുന്നു പാപ്പയുടെ നിലപാടുകള്‍. നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടപ്പോഴും അതൊന്നും വകവയ്ക്കാതെ ഏതാണ്ട് 2,55,000 ലധികം മൈലുകളാണ് എണ്‍പത്തെട്ടുകാരനായ പാപ്പ സഞ്ചരിച്ചത്.
തെക്കേ അമേരിക്കയിലെ അര്‍ജന്റീനയില്‍ ബോനസ് ഐറിസ് നഗരത്തിലുള്ള ഫ്ളോറസില്‍ 1936 ഡിസംബര്‍ 17 ന് മാരിയോ ഹൊസെ ബെര്‍ഗോഗ്ലിയോയുടെയും റെജീന മരിയ സിവോറിയുടെയും അഞ്ച് മക്കളില്‍ മൂത്ത മകനായാണ് ജനനം. ജോര്‍ജ് ബെര്‍ഗോഗ്ലിയോ എന്നായിരുന്നു പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പുള്ള അദേഹത്തിന്റെ പേര്. ഇറ്റലിയിലെ മുസോളിനിയുടെ ഏകാധിപത്യത്തില്‍ നിന്നും രക്ഷ നേടുന്നതിനായി അര്‍ജന്റീനയിലേക്ക് കുടിയേറിയവരാണ് അദേഹത്തിന്റെമാതാപിതാക്കള്‍.
വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഒരു പതിറ്റാണ്ടിലധികം ജീവിച്ചത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെ ലോകത്തിന് കാണിച്ചു തന്നു. 12 വര്‍ഷക്കാലം തിരുസഭയെ നയിച്ച ശേഷമാണ് അദ്ദേഹം നിത്യതയിലേക്ക് യാത്രയായിരിക്കുന്നത്.
