തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകര്‍ക്ക് ഇടയില്‍ വന്‍ ഹിറ്റായി മാറിയ ‘ദ ചോസൺ’ ബൈബിള്‍ പരമ്പരയിലെ അന്ത്യഅത്താഴം പ്രമേയമാക്കിയുള്ള ‘ലാസ്റ്റ് സപ്പർ’ ഭാഗം കേരളത്തില്‍ കൂടുതല്‍ തീയേറ്ററുകളിലേക്ക്. ആദ്യഘട്ടത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പിവിആര്‍, സിനിപൊളിസ് സ്ക്രീനുകളില്‍ മാത്രം പരിമിതപ്പെടുത്തിയായിരിന്നു ഷോ ക്രമീകരിച്ചത്. ജനശ്രദ്ധ നേടിയതോടെ കോഴിക്കോട്, തൃശൂര്‍ നഗരങ്ങളിലെ പിവിആര്‍, സിനിപൊളിസ് സ്ക്രീനുകളിലും പുതുതായി പ്രദര്‍ശനം ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ‘ബുക്ക്മൈഷോ’ ഓണ്‍ലൈന്‍ ബുക്കിംഗ് വ്യക്തമാക്കുന്നു.
യേശുവിന്റെ പീഡാനുഭവങ്ങള്‍ക്ക് മുന്നോടിയായി, ജെറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദേവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉൾപ്പെടെ പ്രമേയമാകുന്ന അഞ്ചാം സീസണിന്റെ പ്രദര്‍ശനം നാളെ പെസഹ വ്യാഴാഴ്ച മുതല്‍ ഈസ്റ്റര്‍ വരെ നടക്കും. എപ്പിസോഡ് രൂപത്തിലാണ് പ്രദര്‍ശനം. അതേസമയം ആദ്യഭാഗത്തില്‍ എന്തൊക്കെ പ്രമേയമാകുന്നുണ്ടെന്ന് വ്യക്തതയില്ല.
ഇന്ന് രാവിലെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും പിവിആര്‍ സ്ക്രീനുകളില്‍ ബുക്കിംഗ് അതിവേഗം നടന്നതോടെയാണ് കൂടുതല്‍ ഷോകള്‍ അനുവദിക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനിടെ ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ നാളത്തെ നിരവധി ഷോകള്‍ ഹൗസ് ഫുള്ളായിട്ടുണ്ട്. ഈസ്റ്റര്‍ വരെയുള്ള പ്രദര്‍ശന തീയതികളില്‍ ബുക്കിംഗ് കുറവ് വന്നാല്‍ ഷോ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി പൂര്‍ണ്ണമായും ക്രൌഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ദ ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്. ലോക ചരിത്രത്തില്‍ ഏറ്റവുമധികം തര്‍ജ്ജമ ചെയ്യപ്പെട്ട പരമ്പര എന്ന പദവിക്ക് അരികിലാണ് ‘ദി ചോസണ്‍’ ഇപ്പോള്‍. അന്‍പതോളം ഭാഷകളില്‍ ഈ പരമ്പര തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 600 ഭാഷകളില്‍ സബ്ടൈറ്റില്‍ ലഭ്യമാക്കുവാനും അണിയറക്കാര്‍ക്ക് പദ്ധതിയുണ്ട്. ഇറങ്ങിയ മുന്‍ സീരിസുകള്‍ എല്ലാം തന്നെ ഹിറ്റായതിനാല്‍ അന്ത്യ അത്താഴ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍.