തിരുവനന്തപുരം: തീരമേഖലയെയാകെ അപകടത്തിലാക്കുന്ന കടൽ മണൽ ഖനനം, ലഹരി വ്യാപനം എന്നിവയ്ക്കെതിരെ ബോധവൽക്കരണവുമായി ഏകത കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തീര സംരക്ഷണ പദയാത്ര സംഘടിപ്പിക്കുന്നു. അഡ്വ. എറിക് സ്റ്റീഫൻ നയിക്കുന്ന പദയാത്ര 27 ന് പൊഴിയൂരിൽ ആരംഭിച്ച് 29ന് അഞ്ചുതെങ്ങിൽ അവസാനിക്കും. തീരദേശ വാസികളുടെ ജീവിതമാർഗമായ മത്സ്യബന്ധനത്തെയും സമുദ്രാനുബന്ധ തൊഴിലുകളെയും തകർക്കാനും സമുദ്രത്തിലെ ജൈവവൈവിധ്യത്തെയാകെ നശിപ്പിക്കാനും വഴി വയ്ക്കുന്നതാണ് കടൽ മണൽ ഖനനം. വ്യക്തികളെയും കുടുംബങ്ങളെയും അതുവഴി സമൂഹത്തെയും തകർക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടം അടുത്ത തലമുറയ്ക്ക് വേണ്ടിയാണ്. ഈ വിപത്തുകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഈ പദയാത്രയുടെ പ്രധാന ലക്ഷ്യങ്ങൾ.
27ന് രാവിലെ എട്ടുമണിക്ക് സൗത്ത് കൊല്ലംകോടിലൽ വച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സഹായമെത്രാൻ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് ആർ. പദയാത്ര ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ശംഖുമുഖത്ത് നടക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ്. റൈറ്റ്. റവ. ഡോ. തോമസ് ജെ നെറ്റോ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വി എം സുധീരൻ മുഖ്യപ്രഭാഷണവും ഡോ. വിപി സുഹൈബ് മൗലവി അനുഗ്രഹ പ്രഭാഷണവും നടത്തും. മുൻ എംപി ടി ജെ ആഞ്ചലോസ്, പഴകുളം മധു, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ സംസാരിക്കും.