വിഴിഞ്ഞം∙കേരളത്തിൽ ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടില്ലാത്ത അപൂർവ ഇനം പാരുകളുൾപ്പെടെ തെക്കൻ മേഖലയിലെ കടലിന്നടിത്തട്ടിൽ പുതിയ പവിഴജീവി മേഖല കണ്ടെത്തിയതായി വിവരം. ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് (എഫ്എംഎൽ) നേതൃത്വത്തിൽ നടത്തിയ പഠന നിരീക്ഷണത്തിലാണ് തുമ്പ മുതൽ പുത്തൻതോപ്പ് വരെ ഏതാണ്ട് 3 കിലോമീറ്റർ ദൂരം വരുന്ന കടലിന്നടിത്തട്ട് ലാറ്ററൈറ്റുകളുടെ അടരുകൾ ചേർന്ന ഉറച്ച കടൽത്തറ കണ്ടെത്തിയത്. ഇതുവരെ കണ്ടെത്താത്ത ഡിപ്സാൻട്രിയ ഫേവസ് എന്നയിനം പവിഴജീവികളാണിവയെന്നു എഫ്എംഎൽ ചീഫ് കോ–ഓർഡിനേറ്റർ റോബർട്ട് പനിപ്പിള്ള പറഞ്ഞു. ഡെൻഡ്രോഫൈലിയ, ടുബാസ്ട്രിയ എന്നയിനം പവിഴ ജീവകളെയും കാണാം. കൂടാതെ തറയിൽ ഉറച്ചുനിന്നു വളരുന്നവയും ജലത്തിൽ നീന്തി തുടിച്ചു ജീവിക്കുന്നവയുമായ അനേകതരം ജീവജാലങ്ങളെയും കണ്ടെത്തി.
സെന്റ് ആൻഡ്രൂസിലെ തദേവൂസ് എന്ന മത്സ്യത്തൊഴിലാളിയാണ് ഇതു സംബന്ധിച്ചു സൂചന നൽകിയത്. ഇദ്ദേഹം കടലിലെ 22 മീറ്റർ ആഴമുള്ള ഭാഗത്ത് ചൂണ്ടിക്കാണിച്ചയിടത്ത് മുങ്ങിയപ്പോഴാണ് അതിശയകരമായ കാഴ്ച കാണുന്നത്. കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പുമായി ചേർന്നു സ്കൂബ കൊച്ചിൻ,സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ഫിഷർമെൻ സൊസൈറ്റീസ്(സിഫ്സ്), അധ്വാന എന്നിവയുമായി ചേർന്നു ഈ ഭാഗത്തെ ജൈവ വൈവിധ്യത്തെ കുറിച്ചു വിശദമായി പഠിക്കുമെന്നു റോബർട്ടു പനിപ്പിള്ള പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ അറിവു കൂടി ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ കടലിനടിയിലെ ജൈവ മേഖലകൾ മാപ് ചെയ്യാൻ സർക്കാർ തയാറാവണമെന്ന് എഫ്എംഎൽ ആവശ്യപ്പെട്ടു.