തിരുവനന്തപുരം: ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. റിപ്പോർട്ടിലെ ശുപാർശകൾ 2025 ഏപ്രിൽ മാസത്തിനുള്ളിൽ സമയബന്ധിതമായി നടപ്പിലാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് സമ്പൂർണ്ണ നേതൃത്വം സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് പ്രഖ്യാപിച്ചു.
ലത്തീൻ കത്തോലിക്കാ ദിനാചരണത്തിൻ്റെ ഭാഗമായിതിരുവനന്തപുരത്ത് നടന്ന കെഎൽസിഎ സമ്പൂർണസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകൾ മുഴുവനായി പിൻവലിക്കണം. മുനമ്പം വഖഫ് വിഷയത്തിൽ തർക്ക ഭൂമി വഖഫ് അല്ല എന്ന് പ്രഖ്യാപിക്കാനും വഖഫ് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാനും അധികാരികൾ തയ്യാറാകണം.
തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന സമ്പൂർണ്ണ നേതൃസമ്മേളനം കെആർഎൽസിസി പ്രസിഡന്റ് ബിഷപ് ഡോ.വർഗീസ് ചക്കലയ്ക്കൽ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ അനുഗ്രഹ പ്രഭാഷണം നടത്തി.കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് വിഷയാവതരണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി സംഘടനാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
അരിക്കുവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ തുടരുമെന്ന അചഞ്ചലമായ പ്രഖ്യാപനമാണ് ഈ ജനക്കൂട്ടം സാക്ഷ്യം നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പലപ്രാവശ്യം ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ പുറത്തുവിടണമെന്നും അടിയന്തരമായി നടപ്പിലാക്കണമെന്നും നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.
അടുത്ത നിയമസഭ സമ്മേളനത്തിലും അതിശക്തമായി ഈ വിഷയം ഉന്നയിക്കും.മുനമ്പം നിവാസികൾക്ക് ന്യായമായ അവകാശങ്ങൾ ലഭ്യമാക്കുന്നതുവരെ അവരോടൊപ്പം പ്രതിപക്ഷം ഉണ്ടാകും. തീരവാസികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചതിൻ്റെ പേരിൽ നിരവധിതവണ സർക്കാരിൽ നിന്ന് പരിഹാസങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. എങ്കിലും അവർക്കായി ഇനിയും പോരാട്ടം തുടരുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
ഡോ.ശശി തരൂർ എംപി , എം വിൻസൻറ് എംഎൽഎ, ബിജെപി പ്രതിനിധി വി വി രാജേഷ്,KLCA സംസ്ഥാന ട്രഷറർ രതീഷ് ആൻറണി, തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കിൾ, കെ എൽ സി ഡബ്ലിയു എ പ്രസിഡൻറ് ഷെർലി സ്റ്റാൻലി, സി എസ് എസ് ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, കെ എൽ എം പ്രസിഡൻറ് ബാബു തണ്ണിക്കോട്,ശ്രീ. പ്രബലദാസ് (DCMS സംസ്ഥാന ട്രഷറർ),ഹെയ്സൽ ഡിക്രൂസ് (ആംഗ്ലോ ഇന്ത്യൻ അസോസിയേഷനുകളുടെ സംസ്ഥാന സെക്രട്ടറി), ശ്രീ. അനിഭാസ് ( KCYM ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി), തുടങ്ങിയ സാമൂഹിക രാഷ്ട്രീയ മത നേതാക്കൾ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക പ്രയാണം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ചു.
രാവിലെ തിരുവനന്തപുരം വെള്ളയമ്പലം ടിഎസ്എസ്എസ് ഹാളിൽ കെആർഎൽസിസിയുടെ പ്രതിനിധി സമ്മേളനം നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെൻ്റ് സാമുവൽ ഉദ്ഘാടനം ചെയ്തു.സർക്കാർ ഷെൽഫുകളിൽ അടച്ചുപൂട്ടി വച്ചിരിക്കുന്ന ജെ. ബി.കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തിറക്കാൻ ലത്തീൻ സമുദായ നേതൃത്വം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് നെയ്യാറ്റിൻകര ബിഷപ് അഭിപ്രായപ്പെട്ടു.
കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് അധ്യക്ഷനായിരുന്നു. കെആർഎൽസിസി പ്രസിഡൻ്റ് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ അനുഗ്രഹപ്രഭാഷണം നടത്തി.കെആർഎൽസിസി ജനറൽ സെക്രട്ടറി ഡോ ജിജു ജോർജ് അറക്കത്തറ,നിയുക്ത കെസിബിസി ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് സിസ്റ്റർ ജൂഡി വർഗീസ്, സെക്രട്ടറി പ്രബലദാസ്, സെക്രട്ടറിമാരായ പാട്രിക് മൈക്കിൾ, മെറ്റിൽഡ മൈക്കിൾ, ട്രഷറർ ബിജു ജോസി എന്നിവർ പ്രസംഗിച്ചു.