നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത മുൻ വൈദികൻ, ‘ദൈവദാസൻ ഫാ. അദെയോദാത്തൂസിന്റെ’ (മുതിയാവിള വല്യച്ചൻ) രൂപതാ തല നാമകരണ നടപടികൾ പൂർത്തിയായി. ആയിരങ്ങൾ പങ്കെടുത്ത വിശ്വാസ പ്രഘോഷണ റാലിക്കു ശേഷം നെയ്യാറ്റിൻകര അമലോദ്ഭവ മാതാ കത്തീഡ്രലിൽ ബിഷപ് ഡോ. വിൻസന്റ് സാമുവലിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചു. അതിരൂപത സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ്, കൊല്ലം രൂപത മുൻ ബിഷപ് ഡോ. സ്റ്റാൻലി റോമൻ തുടങ്ങിയവർ സഹകാർമികരായി.
വിശ്വാസപരമായ കാര്യങ്ങളിൽ മാത്രമല്ല, സാധാരണക്കാരുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടാക്കിയ വൈദികനായിരുന്നു ദൈവദാസൻ ഫാ. അദെയോദാത്തൂസ് എന്ന് ബിഷപ് സ്റ്റാൻലി റോമൻ ഓർമിച്ചു. ദൈവദാസന്റെ ഭൗതിക ശരീരം സംസ്കരിച്ച സ്ഥലത്തു നിന്ന് ഒരു മാസം മുൻപ് ആരംഭിച്ച വിശ്വാസ ദീപശിഖാ പ്രയാണം രൂപതയിലെ എല്ലാ ദേവാലയങ്ങളിലും എത്തി ഇന്നലെ സമ്മേളന വേദിയിൽ സമാപിച്ചു. ഈ ദീപം തെളിച്ചാണ് ദിവ്യബലിക്കു ശേഷം നടത്തിയ സമ്മേളനം നെയ്യാറ്റിൻകര ബിഷപ് ഉദ്ഘാടനം ചെയ്തത്. സമ്മേളന വേദിയിൽ 6 ക്യാരി ബാഗുകളിലും 2 പെട്ടികളിലുമായി ഫാ. അദെയോദാത്തൂസുമായി ബന്ധപ്പെട്ടു തയാറാക്കിയ ഫയൽ പ്രതിഷ്ഠിച്ചിരുന്നു. സമ്മേളനത്തിനിടെ ദൈവദാസൻ ഫാ. അദെയോദാത്തൂസിന്റെ ജീവിതവുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പും സീലും ചാർത്തുന്ന ചടങ്ങ് നടത്തി.
രൂപതാ നാമകരണ നടപടികൾക്ക് വേണ്ടി പ്രത്യേകം സ്ഥാപിച്ച കോടതി ജഡ്ജിയും ജുഡീഷ്യൽ വികാറുമായ മോൺ. ഡി.സെൽവരാജൻ, രൂപത നോട്ടറി ഫാ. ജോയി സാബു എന്നിവർ തങ്ങൾ ഏറ്റെടുത്ത കർത്തവ്യം സത്യസന്ധമായി നിർവഹിച്ചുവെന്ന പ്രതിജ്ഞ ചൊല്ലി. തുടർന്ന് 4530 പേജുള്ള ഫയൽ, രൂപതാധ്യക്ഷന് സമർപ്പിച്ചു. പിന്നീട് ഈ ഫയൽ റോമിൽ എത്തിക്കാൻ, നാമകരണ നടപടികളുടെ വൈസ് പ്രോസുലേറ്റർ ഫാ. കുര്യൻ ആലുങ്കലിന് ബിഷപ് കൈമാറി. ‘ട്രാൻസ്ക്രിപ്റ്റ്’ എന്നറിയപ്പെടുന്ന 4530 പേജുകൾ അടങ്ങിയ ഫയലിന്റെ യഥാർഥ പകർപ്പ് ബിഷപ് ആണ് സൂക്ഷിക്കുന്നത്. ഇതിന്റെ പകർപ്പാണ് റോമിലേക്ക് അയയ്ക്കുന്നത്. ഏറെ താമസിയാതെ ഫാ. അദെയോദാത്തൂസിനെ ഫ്രാൻസിസ് മാർപാപ്പ ധന്യൻ പദവിയിലേക്ക് ഉയർത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നെയ്യാറ്റിൻകര വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ്, കർമലീത്ത സഭ വികാർ പ്രൊവിൻഷ്യൽ ഫാ. ഫ്രാൻസിസ് ചിറ്റുപറമ്പിൽ, അൽമായ കർമലീത്ത സഭ ഡെലിഗേറ്റ് പ്രൊവിൻഷ്യൽ ഫാ. ജോർജ് എടപ്പുലവൻ, പ്രൊവിൻഷ്യൽ കൗൺസിലർ ഫാ. ജോസഫ് ചക്കാലക്കുടിയിൽ, മോൺ. വി.പി.ജോസ്, മോൺ. വിൻസന്റ് കെ.പീറ്റർ, ഡോ. ജോസ് റാഫേൽ തുടങ്ങിയവർ നേതൃത്വം നൽകി.
ദൈവദാസൻ ഫാ.അദെയോദാത്തൂസ് (മുതിയാവിള വല്യച്ചൻ)
ബൽജിയം സ്വദേശിയായ ഫാ. അദെയോദാത്തൂസ്, 1927 മുതൽ 1968 വരെയുള്ള കാലയളവിൽ തലസ്ഥാനത്തെ കാർമൽ ഹിൽ ആശ്രമത്തിലും നെയ്യാറ്റിൻകര രൂപതയുടെ കാട്ടാക്കട മുതിയാവിള കേന്ദ്രമാക്കി മലയോര പ്രദേശങ്ങളായ മായം, അമ്പൂരി തുടങ്ങിയ ഇടങ്ങളിലും മിഷനറി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. വിശ്വാസികൾക്കിടയിൽ ‘മുതിയാവിള വല്യച്ചൻ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 1968 ഒക്ടോബർ 20ന് ആയിരുന്നു ദേഹവിയോഗം. ഭൗതിക ശരീരം വഴുതക്കാട് കാർമൽ ഹിൽ ആശ്രമ ദേവാലയത്തിലാണ് സംസ്കരിച്ചത്. 2018 ഒക്ടോബർ 20ന് അദ്ദേഹത്തെ ‘ദൈവദാസൻ’ പദവിയിലേക്ക് ഉയർത്തി. അദ്ദേഹത്തെ‘പുണ്യാളനച്ചനെന്നും’ ‘തലമുറകളുടെ സംരക്ഷകൻ’ എന്നും വിശ്വാസികൾ വിളിച്ചിരുന്നു.