കോട്ടയം: മനുഷ്യൻ തന്നിൽ കുടികൊള്ളുന്ന ദൈവികതയെ അവഗണിക്കുകവഴി മൃഗതുല്യമാകുന്നുവെന്നും അതുകാരണം വീടുകൾപോലും പീഢനങ്ങളുടെ വേദിയായി മാറുന്ന ഇക്കാലത്ത് കുടുംബശുശ്രൂഷ പ്രവർത്തകർക്ക് ചെയ്യുവാൻ ഏറെയുണ്ടെന്ന് കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ ചെയർമാനും, വിജയപുരം രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ പറഞ്ഞു. കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ കേരളത്തിലെ ലത്തീൻ രൂപതകളിലെ കുടുംബശുശ്രൂഷ പ്രവർത്തകരുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളുടെ വീണ്ടെടുപ്പിന്റെയും വളർച്ചയുടെയും അജപാലനം കുടുംബശുശ്രൂഷകൾ ആർജ്ജവത്തോടെ നടപ്പിലാക്കേണ്ടതുണ്ട്. ഇത് നന്മയുള്ള ലോകം സൃഷ്ടിക്കപ്പെടാൻ ദൈവം നമുക്കേല്പ്പിച്ചിരിക്കുന്ന ദൗത്യമാണെന്നും അഭിവന്ദ്യ പിതാവ് പറഞ്ഞു.
ആഗസ്റ്റ് 24, 25 തിയതികളിലായി നടക്കുന്ന പരിശീലനത്തിൽ വിവിധ രൂപതകളിൽ നിന്നുള്ള കുടുംബശുശ്രൂഷ ഡയറക്ടർമാർക്കും പ്രവർത്തകർക്കും ഇന്നത്തെ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെയും വീണ്ടെടുക്കേണ്ട അജപാലന ശൈലിയേയും കുറിച്ച് പ്രഗത്ഭ വ്യക്തികൾ നയിക്കുന്ന ക്ലാസുകളും വർക് ഷോപ്പുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ബൈബിളിലെ കുടുംബങ്ങളും ഇന്നത്തെ കുടുംബങ്ങളും എന്ന വിഷയത്തിൽ റവ. ഡോ. ജോഷി മയ്യാറ്റിൽ ക്ലാസ് നയിച്ചു. വിവിധ തലങ്ങളിൽ ക്രിസ്തീയ കുടുംബങ്ങൾ നേരിടുന്ന തളർച്ചകളും അതിന് പ്രേരകങ്ങളായി നിലകൊള്ളുന്ന ബാഹ്യശക്തികളെക്കുറിച്ചും അദ്ദേഹം സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചു. ഫാമിലി കൗൺസിലിംഗ്; പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്നവിഷയത്തിൽ നടന്ന ശില്പശാലയ്ക്ക് കൊല്ലം ഫാത്തിമ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഫ്രസ്ണൽ ദാസ് നേതൃത്വം നല്കി. പ്രശസ്ത ധ്യാനഗുരു മോൺ. ഡോ. സെബാസ്റ്റ്യൻ പൂവണത്തിങ്കൽ ‘കുടുംബം ഒരു ആനന്ദം’ ധ്യാനചിന്തകൾ പകർന്നു നല്കി.
സംഗമത്തിന്റെ രണ്ടാം ദിനത്തിൽ കുടുംബങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പയുടെ ‘അമോരിസ് ലത്തിസ്യ’ എന്ന ചാക്രിക ലേഖനത്തിന്റെ അടിസ്ഥാനത്തിൽ കുടുംബപ്രേഷിതർക്കുള്ള പങ്ക് എന്നതിന്മേൽ കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. എ. ആർ. ജോൺ ക്ലാസ് നയിക്കും. സമൂഹ മാധ്യമങ്ങളും സൈബറിടങ്ങളിലെ ചതിക്കുഴികളും ലഹരി വ്യാപനവും കുടുംബങ്ങളെ എത്രമാത്രം ദുർബലപ്പെടുത്തുന്നൂവെന്ന് ശ്രീ. ജയകുമാർ അവതരിപ്പിക്കും. ജീവന്റെ മൂല്യങ്ങൾ വിളിച്ചോതുന്ന ക്ലാസിന് ഡോ. ഫിന്റോ ഫ്രാൻസിസ് നേതൃത്വം നൽകും. ഉദ്ഘാടന സമ്മേളനത്തിൽ ഫാ. ഡോ. എ. ആർ ജോൺ സ്വാഗതവും ഫാമിലി കമ്മിഷൻ അസ്സോസിയേറ്റ് സെക്രട്ടറിയും കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടറുമായ ഫാ. നിമേഷ് അഗസ്റ്റിൽ കൃതജ്ഞതയും പറഞ്ഞു.