പുതുക്കുറിച്ചി: മുതിർന്നവരിലൂടെ കൈമാറി വന്ന വിശ്വാസത്തിൻ്റെ തിരിനാളം അണയാതെ പുതുതലമുറക്ക് കൈമാറാൻ വിശ്വാസ ജീവിത പരിശീലനത്തിലേർപ്പെട്ടിരിക്കുന്നവർ പ്രതിജ്ഞാബദ്ധരാണെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്. പുതുക്കുറിച്ചി ഫെറോന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന സമിതിയുടെ 2023-24 വാർഷികാഘോഷത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെൻ്റ്. ഡൊമിനിക് വെട്ടുകാട് ഇടവകയിൽ വച്ചുനടന്ന വാർഷികാഘോഷം ഫൊറോന കോഡിനേറ്റർ റവ.ഫാ. മെൽക്കോൺ ജെ. അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി റവ. ഡോ. ഹയസന്ത് എം. നായകം ഉദ്ഘാടനം ചെയ്തു.
കൺവീനർ ശ്രീ. ആൻഡ്രു എഡിസൺ സ്വാഗതം ആശംസിച്ചു. ഫെറോന സെക്രട്ടറി ശ്രീ. തങ്കച്ചൻ. എം. ഡിക്രൂസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ അതിരൂപതതല പരീക്ഷാ വിജയികളെ അനുമോദിക്കുകയും ദീർഘകാല സേവനം ചെയ്ത ഓരോ ഇടവകയിൽ നിന്നുമുള്ള രണ്ട് അദ്ധ്യാപകരെവീതം ആദരിക്കുകയും ചെയ്തു. ശ്രീ. നോളൻ ജോ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് വിവിധ ഇടവകകളിൽ നിന്നുള്ള വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.