വെള്ളയമ്പലം: കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുമുള്ള ക്രൈസ്തവ യുവത്വത്തിനായി കെ.സി.വൈ.എം സംസ്ഥാന സമിതി നേതൃത്വം നൽകുന്ന LEAD ON നേതൃത്വപരിശീലന ക്യാമ്പിന് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആതിഥേയത്വത്തിൽ വെള്ളയമ്പലം ജൂബിലി മെമ്മോറിയൽ അനിമേഷൻ സെന്ററിൽ ആരംഭംകുറിച്ചു.
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും തണലുകൾ തീർക്കുവാൻ, നേതൃത്വപാടവമുള്ള യുവജനങ്ങളെ വാർത്തെടുക്കുവാൻ , പുതിയ കാലത്തിൻ്റെ നാൾവഴികളിൽ ഇന്നലെകളെക്കാൾ വേഗതയിൽ സഞ്ചരിക്കാൻ, കർമ്മപാതയിൽ ക്രിസ്തുവിനെ അടുത്തനുകരിക്കാൻ സഹായിക്കുന്ന നേതൃത്വപരിശീലന ക്യാമ്പ് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാനും കെ സി ബി സി യുവജന കമ്മീഷൻ ചെയർമാനും കൂടിയായ ക്രിസ്തുദാസ് പിതാവ് ഉദ്ഘാടനം ചെയ്തു. കെ സി വൈ എം സംസ്ഥാന പ്രസിഡന്റ് ശ്രീ എം ജെ ഇമ്മാനുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ സി വൈ എം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര ആമുഖ പ്രഭാഷണം നൽകുകയും കത്തീഡ്രൽ വികാരി മോൺ. വിൽഫ്രഡ് ഇ., സംസ്ഥാന അസി. ഡയറക്ടർ സി. റോസ് മെറിൻ എസ് ഡി, കെ സി വൈ എം തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് സാനു സാജൻ, കെ സി വൈ എം തിരുവനന്തപുരം ലത്തീൻ അതിരൂപത ഡയറക്ടർ ഫാ. അസീസി ജോൺ സുമേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 32 രൂപതകളിൽ നിന്നായി 100-ഓളം യുവജന നേതാക്കന്മാർ പങ്കെടുക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് ഞായറാഴ്ച്ച അവസാനിക്കും.